17 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളിക്ക് 9 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു.
കുന്നംകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ജയില്‍ ശിക്ഷയ്ക്ക് പുറമെ ഇയാള്‍ 31,500 രൂപ പിഴയടയ്ക്കാനും കോടതി വിധിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ ബംഗാള്‍ മുർഷിദാബാദ് സ്വദേശി ഗുലാം റഹ്മാനെയാണ് (45) കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ് ലിഷ ശിക്ഷിച്ചത്.2023 ഫെബ്രുവരിയില്‍ ഒരു ദിവസം വൈകുന്നേരം വീടിനു പുറകില്‍ നിന്നിരുന്ന 17 കാരിക്കു നേരെയായിരുന്നു ഗുലാം റഹ്മാന്റെ അതിക്രമം. ഇയാള്‍ തൊട്ടടുത്ത വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കുട്ടിയുടെ വീട്ടിലേക്ക് കയറിച്ചെന്ന് ഇയാള്‍ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു എന്നാണ് കേസ്. തുടർന്ന് കുന്നംകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കുന്നംകുളം പോക്സോ കോടതി വിചാരണ പൂർത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ചത്.പീഡനത്തിനിരയായ കുട്ടിയുടെ അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടർന്ന് അന്ന് പൊലീസ് ഇൻസ്‌പെക്ടറായിരുന്ന യു.കെ ഷാജഹാൻ കേസ് രജിസ്റ്റർ ചെയ്തു. സബ് ഇൻസ്പെക്ടർ ന്യൂഹ്‍മാൻ അന്വേഷണം നടത്തുകയും കെ. ഷിജു കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടർ അഡ്വ. കെഎസ്. ബിനോയ് , അഡ്വ. കെ എൻ. അശ്വതി , അഡ്വ. ടി വി. ചിത്ര എന്നിവരും ഗ്രേഡ് അസിസ്റ്റന്റ് സബ് ഇൻസ്‍പെക്ടർ എം.ഗീതയും പ്രവർത്തിച്ചു.