Pudukad News
Pudukad News

37-ാം കേരള ശാസ്ത്ര കോണ്‍ഗ്രസിന് തൃശ്ശൂരിൽ തുടക്കമായി


37-ാം കേരള ശാസ്ത്ര കോണ്‍ഗ്രസിന് തൃശ്ശൂര്‍ വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാല ആസ്ഥാനത്ത് തുടക്കമായി.ഡിജിറ്റല്‍ വിളക്ക് തെളിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെക്കാലം കൊണ്ട് കേരളത്തിന്റെ ശാസ്ത്ര സാങ്കേതിക പുരോഗതിക്ക് ആവശ്യമായ സംഭാവനകള്‍ നല്‍കുന്ന പ്രധാനപ്പെട്ട പരിപാടിയായി കേരള ശാസ്ത്ര കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി  പറഞ്ഞു. നാടിന്റെ പുരോഗതിക്ക് വേണ്ട സംഭാവനകള്‍ കൊണ്ടുമാത്രമല്ല, രാജ്യത്തിനാകെ മാതൃകയാകുന്ന ചര്‍ച്ചകള്‍ എന്നിവ കൊണ്ടും  ശാസ്ത്ര കോണ്‍ഗ്രസ് ശ്രദ്ധേയമാണ്. ശാസ്ത്രവും അന്ധവിശ്വാസവും തമ്മിലുള്ള വേര്‍തിരിവ് ഇല്ലാതാക്കി അന്ധവിശ്വാസങ്ങളെ ശാസ്ത്രത്തിനു മേല്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്ന ഈ കാലത്ത് അതിനെതിരെ ശാസ്ത്രീയതയിലൂന്നിയ ചെറുത്തുനില്‍പ്പ് നടത്തുന്നുവെന്നതാണ്
സയന്‍സ് കോണ്‍ഗ്രസിന്റെ മറ്റൊരു പ്രാധാന്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
ശാസ്ത്രവും അന്ധവിശ്വാസവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതാകുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്  ഒരു ഐ.ഐ.ടിയുടെ ഡയറക്ടര്‍ നടത്തിയ പ്രസംഗം. സയന്‍സ് കോണ്‍ഗ്രസുകളില്‍ ശാസ്ത്രജ്ഞരാണോ അവരുടെ വേഷമിട്ട വര്‍ഗ്ഗീയപുനരുജ്ജീവന വാദക്കാരാണോ എത്തുന്നതെന്നത് പരിശോധിക്കണമെന്നും  മുഖ്യമന്ത്രി ആവിശ്യപ്പെട്ടു. ശാസ്ത്രം പഠിച്ച ആളുകളെ കൊണ്ടുതന്നെ അശാസ്ത്രീയത പ്രചരിപ്പിക്കാനുള്ള വേദിയായി ദേശീയ സയന്‍സ് കോണ്‍ഗ്രസ് മാറിയെന്നത് രാജ്യത്തെ സ്നേഹിക്കുന്നവര്‍ എല്ലാവരും ചിന്തിക്കേണ്ട കാര്യമാണ്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് നമ്മളാല്‍ കഴിയുംവിധമുള്ള കാര്യങ്ങള്‍ ചെയ്ത് കേരളം മുന്നോട്ടുപോവുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. 2050-ഓടെ കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
കേരള സംസ്ഥാന യുവ ശാസ്ത്ര പുരസ്‌കാരത്തിനും മുഖ്യമന്ത്രിയുടെ ഗോള്‍ഡ് മെഡലിനും അര്‍ഹരായ ഡോ. വൃന്ദ മുകുന്ദന്‍, ഡോ. വി.എസ് ഹരീഷ് എന്നിവര്‍ക്ക് ശാസ്ത്ര കോണ്‍ഗ്രസ് വേദിയില്‍ മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിച്ചു. റവന്യൂ മന്ത്രി  കെ രാജൻ  വിശിഷ്ടാതിഥിയായി പങ്കെടുത്തു. 
ചടങ്ങില്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രൊഫ. കെ.പി സുധീര്‍ അധ്യക്ഷത വഹിച്ചു. 2023 ലെ കേരള ശാസ്ത്രപുരസ്‌കാരം ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ എസ്. സോമനാഥിന് നല്‍കുമെന്ന് ശാസ്ത്ര കോണ്‍ഗ്രസ് വേദിയില്‍ മുഖ്യമന്ത്രി  പ്രഖ്യാപിച്ചു. സമയവും വേദിയും പിന്നീട് തീരുമാനിക്കുമെന്നും  മുഖ്യമന്ത്രി വ്യക്തമാക്കി.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price