രാജകീയം തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ പൂര വരവ്


കൊമ്പന്മാരിലെ കൊമ്പന് പിന്നാലെയായിരുന്നു ആനപ്രേമികളെല്ലാം. കൊടുമുടി കയറിയ പൂരാവേശത്തിനും അപ്പുറം കോടതിയുടെ തടസവാദങ്ങളെ അപ്രസക്തമാക്കിയ അജയ്യൻ. ഇന്നലെ രാത്രി വൈകിയാണ് മൂന്ന് ഘട്ടങ്ങളിലായുള്ള വെറ്ററിനറി, ഫോറസ്റ്റ് വിഭാ​ഗങ്ങളുടെ പരിശോധന പൂർത്തിയാക്കി എഴുന്നെള്ളിപ്പിന് ആരോ​ഗ്യപ്രശ്നങ്ങളില്ലെന്ന് അംഗീകാരമായത്. കണ്ണിന്  കാഴ്ചയില്ലെന്നും മുമ്പ് ആളുകളെ കൊലപ്പെടുത്തിയിട്ടുള്ളതും സംഘർഷമുണ്ടാക്കിയിട്ടുള്ളതുമടക്കമുള്ള പിന്നാമ്പുറ ചരിത്രങ്ങൾ കോടതി ആശങ്ക അറിയിച്ചിരുന്നതാണ് ആനപ്രേമികളെ നിരാശയിലാക്കിയിരുന്നത്. പിന്നെയാകെ പ്രാർഥനയിലായിരുന്നു. രാത്രി വൈകി എഴുന്നെള്ളിക്കാമെന്ന് അനുമതിയായതോടെ സമൂഹമാധ്യമങ്ങളിൽ പിന്നെ രാമചന്ദ്രനെ വരവേറ്റുള്ള അരാധകരുടെ കുറിപ്പുകളായി. ഇതിന്റെ പ്രതിഫലനമായിരുന്നു ഇന്ന് രാവിലെ പൂരം എഴുന്നെള്ളിപ്പിലും പ്രകടമായത്. കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രത്തിൽ നിന്ന് പൂരം പുറപ്പെട്ടതോടെ പിന്നാലെ കൂടിയ പുരുഷാരം പൂരനഗരയിൽ എത്തിയതോടെ പതിൻമടങ്ങായി വർദ്ധിക്കുകയായിരുന്നു. തേക്കിൻകാടിന്റെ വിവിധ ഭാഗങ്ങളിൽ പൂരത്തിൽ അലിയുകയായിരുന്നവർ രാമൻ്റെ അടുത്തേക്ക് ഒഴുകിയെത്തി. ആർപ്പുവിളികൾക്കപ്പുറം തൊട്ടും തലോടിയും ജനം അടുത്തുകൂടിയപ്പോൾ ഗജവീര ​പ്രൗഡിയിൽ രാമചന്ദ്രൻ നിലയുറപ്പിച്ചു. പൂരത്തലേന്ന് എറണാകുളം ശിവകുമാറും പൂരനാളിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും കേരളത്തിലെ ആനകളിലെ സൂപ്പർസ്റ്റാറുകളെ പൂരത്തിലെത്തിച്ച് നെയ്തലക്കാവ് പൂരങ്ങളിലെ താരമായി.

Post a Comment

0 Comments