സി.സി. മുകുന്ദൻ എംഎൽഎയുടെ പി.എ അസ്ഹർ മജീദിനെ സി.പി.ഐയിൽ നിന്ന് പുറത്താക്കി


സി.സി. മുകുന്ദൻ എം.എൽ.എ യുടെ പി.എ അസ്ഹർ മജീദിനെ സി.പി.ഐയിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിലും സംഘടനാ തീരുമാനം നടപ്പിലാക്കാത്തതിലുമാണ് നടപടിയെന്ന് സി.പി.ഐ ചേർപ്പ് മണ്ഡലം കമ്മിറ്റി സെക്രട്ടറി പി.വി അശോകൻ അറിയിച്ചു. സി.പി.ഐ ചേർപ്പ് ലോക്കൽ കമ്മറ്റി അംഗമായിരുന്ന അസ്ഹർ മജീദിനെ 2023 ഡിസംബറിൽ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് സസ്‍പെൻഡ് ചെയ്തിരുന്നു. ഇയാളോട് സി.സി. മുകുന്ദൻ എംഎൽഎ യുടെ സ്റ്റാഫായി തുടരുവാൻ പാടില്ലെന്നും അറിയിച്ചിരുന്നു. എന്നാൽ നിർദേശം പാലിച്ചിരുന്നില്ല. പാർട്ടി നിർദേശം എം.എൽ.എ നടപ്പിലാക്കിയില്ലെന്നും വിമർശനമുണ്ട്. ഇതിന്റെ ഭാഗമായാണ് തിങ്കളാഴ്ച ചേർന്ന യോഗത്തിൽ  അസ്ഹർ മജീദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്. ഒരു വർഷത്തേക്ക് പുറത്താക്കുന്നുവെന്നാണ് നടപടിയുമായി ബന്ധപ്പെട്ട് പാർട്ടി പുറത്തിറക്കിയ വിശദീകരണത്തിൽ അറിയിക്കുന്നത്. ഏറെ നാളായി എം.എൽ.എയും പാർട്ടി നേതൃത്വവും തമ്മിൽ ഭിന്നതയിലാണ്. ഇതും പി.എയെ പുറത്താക്കൽ നടപടിക്കുള്ള കാരണമായിട്ടുണ്ടെന്നാണ് പറയുന്നത്.നവ കേരളസദസ് നാട്ടിക മണ്ഡലം പരിപാടി വലിയ വിവാദത്തിനിടയാക്കിയിരുന്നു. മുഖ്യമന്ത്രിയെ വേദിയിലിരുത്തി പൊലീസ് നവകേരള സദസ് പൊളിക്കാൻ ശ്രമിച്ചുവെന്നും പരിപാടിക്ക് എത്തിയവരെ കയറ്റി വിടാതെ തടഞ്ഞുവെന്നുമായിരുന്നു വിമർശനം. ഇതിന് കാരണമായത് പി.എ
അസ്ഹർ മജീദിനെ പൊലീസ് തടഞ്ഞതായിരുന്നു. കറുത്ത ഷർട്ട് ധരിച്ചായിരുന്നു അസ്ഹർ മജീദ് എത്തിയിരുന്നത്. വേദിക്ക് പുറത്തുവച്ച് പൊലീസ് തടയുകയും പുറത്തുപോകാൻ ആവശ്യപ്പെടുകയുമായിരുന്നു. അസ്ഹറുമായി പൊലീസ് ഏറെ നേരം തർക്കമുണ്ടായിരുന്നു. തുടർന്ന് എം.എൽ.എ ഇടപെട്ടാണ് അസ്ഹറിനെ പ്രവേശിപ്പിച്ചത്.  ഇതിന് പിന്നാലെ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. സലീഷ് എൻ. ശങ്കരനെതിരെ രൂക്ഷ വിമർശനമാണ് സി സി മുകുന്ദൻ എം.എൽ.എ ഉയർത്തിയത്.  നവകേരള സദസ്സിലേക്കെത്തിയവരെ തടഞ്ഞ് പൊലീസ് ഈ പരിപാടി പൊളിക്കാൻ ശ്രമിക്കുകയാണെന്നും പ്രത്യേകിച്ച് ഡി.വൈ.എസ്.പിക്കാണ് അതിനു താൽപര്യമെന്നും ജനങ്ങൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രിയുടെ സാനിധ്യത്തിൽ എം.എൽ.എ വേദിയിൽ പറയുകയും ചെയ്തു.
നവകേരള സദസ് നടക്കുന്ന നാട്ടികയിലെ വേദിയിൽ രണ്ട് ദിവസങ്ങളായി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ക്രമവിരുദ്ധമായ രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരുന്നതെന്നും സംഘാടക സമിതി ചെയർമാൻ കൂടിയായ എം.എൽ.എയോട് ചോദിക്കാതെ കാര്യങ്ങൾ ചെയ്യുകയും സംഘാടക സമിതി അംഗങ്ങളോട് മോശമായി പെരുമാറുകയും ചെയ്തെന്നും എം.എൽ.എ പരിപാടിയിൽ ആരോപിച്ചു.എന്നാൽ, ഇതിന് പിന്നാലെ വൈകുന്നേരത്തോടെ സംഭവത്തിൽ മലക്കം മറിഞ്ഞ് എം.എൽ.എയുടെ ഓഫീസ് കുറിപ്പ് പുറത്തിറക്കി. അസ്ഹർ മജീദിനെ തടഞ്ഞത് കറുത്ത വസ്ത്രം ധരിച്ചതിനല്ലെന്നും സുരക്ഷയുടെ ഭാഗമായി വേദിക്കരികിലേക്ക് പൊതുജനങ്ങളേയോ ഉന്നതോദ്യോഗസ്ഥരല്ലാത്തവരേയോ പ്രവേശിപ്പിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് അസ്ഹറിനെ തടഞ്ഞതെന്നുമായിരുന്നു വിശദീകരണം. എന്നാൽ വേദിയിൽ എം.എൽ.എ പോലീസിനെതിരെ പറഞ്ഞത് വിവാദമായി. എം.എൽ.എയുടെ പ്രവർത്തിക്കെതിരെ എൽ.ഡി.എഫ് വാർത്താകുറിപ്പ് പുറപ്പെടുവിച്ചു. ഇതോടെ എം.എൽ.എക്കെതിരെ സി.പി.ഐയും രംഗത്തെത്തുകയായിരുന്നു. എം.എൽ.എയുടെ ഭാഗത്തു നിന്നും ഉണ്ടായത് ശരിയല്ലാത്ത നടപടിയാണെന്ന് ജില്ലാ കമ്മിറ്റി വിശദീകരണം അറിയിച്ചിരുന്നു. നേരത്തെ തന്നെ പി.എ അസ്ഹർ മജീദിനെതിരെ പാർട്ടി നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നുവെങ്കിലും നവകേരള സദസിലെ വിവാദം കൂടി ആയതോടെ സസ്‌പെൻഡ് ചെയ്യുകയും പി.എ സ്ഥാനത്ത് നിന്നും മാറണമെന്നും നിർദേശിച്ചിരുന്നു. ഇയാളെ നീക്കാൻ എം.എൽ.എക്കും പാർട്ടി നിർദേശം നൽകിയിരുന്നുവെങ്കിലും നിർദേശം പാലിച്ചില്ല. എം.എൽ.എ ഇയാളെ സംരക്ഷിക്കുകയാണെന്നാണ് വിമർശനം. ഫലത്തിൽ അസ്ഹർ മജീദിനെ പുറത്താക്കിയുള്ള നടപടി എം.എൽ.എക്കുമുള്ള മുന്നറിയിപ്പ് കൂടിയാണെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. കഴിഞ്ഞയാഴ്ചയാണ് രാമായണ കഥയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് കുറിപ്പ് വിവാദമായതിനെ തുടർന്ന് പാർട്ടി അസി. സെക്രട്ടറി കൂടിയായ പി.ബാലചന്ദ്രൻ എം.എൽ.എക്കെതിരെ പരസ്യ ശാസന നടപടിയെടുത്തിരുന്നു. പിന്നാലെയാണ് മറ്റൊരു മുതിർന്ന നേതാവ് കൂടിയായ എം.എൽ.എയുടെ പി.എയെ പുറത്താക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍