ഗുരുവായൂർ ആനയോട്ടത്തിൽ ഗോപീ കണ്ണൻ ജേതാവ്


ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ആരംഭം കുറിച്ചുള്ള ആനയോട്ടത്തിൽ ഗോപീ കണ്ണൻ ജേതാവ്. ദേവദാസ്, രവികൃഷ്ണൻ, ഗോപികണ്ണൻ എന്നീ ആനകളായിരുന്നു പങ്കെടുത്തത്. 
ക്ഷേത്രത്തിൽ നാഴികമണി മൂന്ന് അടിച്ച് ആനകൾക്കണിയിക്കുന്നതിനായുള്ള മണികളുമായി പാപ്പാൻമാർ മഞ്ജുളാൽ പരിസരത്ത് തയ്യാറാക്കി നിർത്തിയിരിക്കുന്ന ആനകളുടെ അടുത്തേക്ക് ഓടി. മണികൾ ആനക്ക് അണിയിച്ച ശേഷം മാരാർ ശംഖ് ഊതിയതോടെ ആനകൾ ക്ഷേത്രം ലക്ഷ്യമാക്കിയുള്ള ഓട്ടത്തിലായി, ക്ഷേത്രഗോപുരത്തിൽ ആദ്യം ഓടിയെത്തിയ ഗോപികണ്ണൻ വിജയിയായതായി പ്രഖ്യാപിച്ചു. ഓട്ടത്തിന്റ തുടക്കം മുതലേ ഗോപികണ്ണനായിരുന്നു മുന്നില്‍. ആവേശക്കുതിപ്പില്‍ കിഴക്കേഗോപുരം കടന്ന് ക്ഷേത്രത്തില്‍ പ്രവേശിച്ച ഗോപികണ്ണന്‍ ആചാരപ്രകാരമുള്ള ഏഴു പ്രദക്ഷിണം ചെയ്ത് ഗുരുവായൂരപ്പനെ വണങ്ങി ചടങ്ങ് പൂര്‍ത്തിയാക്കി. പാരമ്പര്യ അവകാശികൾ വിജയിയായ ആനയെ നിറപറവച്ച് സ്വീകരിച്ചു.ഉത്സവച്ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തില്‍ ഇന്നുമുതല്‍ ആരംഭിക്കുന്ന ശ്രീഭൂതബലി എഴുന്നള്ളിപ്പിന് ഗോപികണ്ണനാണ് ഭഗവാന്റെ തങ്കത്തിടമ്പേറ്റുക.നാളെ മുതൽ തങ്കത്തിടമ്പ് നാലമ്പലത്തിനകത്ത് തെക്ക് ഭാഗത്തും, രാത്രി ചുറ്റമ്പലത്തിലെ വടക്കേ നടയിലും സ്വർണപഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുവയ്‌ക്കും. 29നാണ് പള്ളിവേട്ട. മാർച്ച് ഒന്നിന് ആറാട്ടിന് ശേഷം സ്വർണക്കൊടി മരത്തിലെ സപ്തവർണക്കൊടി ഇറക്കത്തോടെ ഈ വർഷത്തെ ഉത്സവം സമാപിക്കും.

Post a Comment

0 Comments