വന്ധ്യതാചികിത്സയ്ക്ക്‌ തൃശ്ശൂര്‍ ജില്ലാ ജനറൽ ആശുപത്രിയും; ജില്ലയിൽ സർക്കാർമേഖലയിൽ ആദ്യംതൃശ്ശൂർ : വന്ധ്യതാചികിത്സാരംഗത്തേക്ക് പ്രവേശിച്ച് തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രിയും. ഹോർമോണൽ പ്രശ്നങ്ങൾ (പി.സി.ഒ.എസ്., പി.സി.ഒ.ഡി.), ആർത്തവാനുബന്ധ ബുദ്ധിമുട്ടുകൾ, ഐ.യു.എഫ്. ചികിത്സാരീതി, ട്യൂബ് ഗർഭധാരണത്തിലെ സങ്കീർണതകൾ തുടങ്ങിയവയിലായിരിക്കും ആദ്യഘട്ടത്തിൽ ചികിത്സയാരംഭിക്കുന്നത്.

ജനുവരി അവസാനം ക്ലിനിക്ക് പ്രവർത്തിച്ചുതുടങ്ങും. ജില്ലയിൽ ഏറ്റവുമധികം പ്രസവങ്ങൾ നടക്കുന്നത് ജനറൽ ആശുപത്രിയിലാണ്. ഇവിടെ സ്ത്രീരോഗവിഭാഗത്തിൽ ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണവും കൂടുതലാണ്. വന്ധ്യതാചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ആശുപത്രിയിൽ ഐ.യു.എഫ്. ചികിത്സാക്ലിനിക്കിനുള്ള നടപടികളാരംഭിച്ചത്.

നിലവിൽ ജനറൽ ആശുപത്രിയിലെ സ്കാനിങ് വിഭാഗത്തോടു ചേർന്ന മുറിയാണ് ക്ലിനിക്കിനായി കണ്ടെത്തിയത്. നിർമാണത്തിലിരിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രിയുടെ പണി പൂർത്തിയായാൽ ആ കെട്ടിടത്തിലേക്ക് ക്ലിനിക്ക് മാറും. സ്ത്രീരോഗവിഭാഗത്തിൽ നിലവിൽ ആറ് ഡോക്ടർമാരാണുള്ളത്. അവരിലൊരാൾക്ക് ലാപ്രോസ്‌കോപ്പി ചെയ്യാനുള്ള പ്രത്യേക പരിശീലനം നൽകിയാണ് വന്ധ്യതാചികിത്സാ ക്ലിനിക്ക് ആരംഭിക്കുന്നത്. ഐ.യു.എഫ്. ക്ലിനിക്ക് തുടങ്ങാനായി 10 ലക്ഷം രൂപയാണ് ജില്ലാ മെഡിക്കൽ ഓഫീസിൽനിന്ന്‌ അനുവദിച്ചിരിക്കുന്നത്. ലാപ്രോസ്‌കോപ്പി ഉപകരണങ്ങളും മറ്റും വാങ്ങാനാണ് ഈ തുക.


ആഴ്ചയിൽ ഒരു ദിവസമായിരിക്കും പ്രത്യേക ഒ.പി. ഉണ്ടായിരിക്കുക. പ്രാരംഭഘട്ടത്തിൽ 10-20 വരെ രോഗികളെയാണ് പ്രതീക്ഷിക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ ചികിത്സവേണ്ട വിഭാഗമായതിനാൽ ക്ലിനിക്ക് ആരംഭിച്ചാലേ തുടർന്നുവേണ്ട സൗകര്യങ്ങളെപ്പറ്റി വ്യക്തത വരൂ. വളരെ ചെലവേറിയ പല ചികിത്സാരീതികളും ഉൾപ്പെടുന്ന മേഖലയായതിനാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഇനി ചികിത്സയ്ക്കെത്താം.

ജില്ലയിൽ ആദ്യമാണ് സർക്കാർ ആശുപത്രിയിൽ വന്ധ്യതാചികിത്സ ആരംഭിക്കുന്നത്. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലും ക്ലിനിക്ക് തുടങ്ങാനുള്ള പ്രാരംഭനടപടികളിലാണെന്ന് മെഡിക്കൽ കോളേജ് അധികൃതരും അറിയിച്ചു

Post a Comment

0 Comments