ഒല്ലൂരിലെ വൺവേ : പരിഷ്‌കാരത്തിന് കോർപറേഷന്റെ വിലക്ക്

ഒല്ലൂർ : ഒല്ലൂർ ജങ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വെള്ളിയാഴ്ച മുതൽ പോലീസ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങാനിരുന്ന വൺവേ സമ്പ്രദായത്തിന് കോർപറേഷന്റെ വിലക്ക്. പോലീസ് ഏകപക്ഷീയമായി തീരുമാനമെടുത്തതായാണ് കോർപറേഷന്റെ ആരോപണം. കഴിഞ്ഞ ദിവസം മേയറുടെ ചേംബറിൽ നടന്ന യോഗത്തിൽ ഒല്ലൂർ എ.എസ്.പി. മുഹമ്മദ് നദീമുദിൻ, എസ്.എച്ച്.ഒ. ബെന്നി ജേക്കബ് എന്നിവരുടെ സാന്നിധ്യത്തിലാണ് മേയറും മറ്റും ഒല്ലൂർ പോലീസിന്റെ നിലപാടിനോടുള്ള എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചത്.

മേയറെ കൂടാതെ ഡെപ്യൂട്ടി മേയർ, കോർപറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, സൂപ്രണ്ടിങ് എൻജിനീയർ, പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ എന്നിവരും ചേമ്പറിലുണ്ടായിരുന്നു. ഇവരും പോലീസിന്റെ തീരുമാനത്തെ എതിർത്തു.

സ്ഥലം എം.എൽ.എ.യും റവന്യൂ മന്ത്രിയുമായ കെ. രാജനുമായും വിഷയം ചർച്ച ചെയ്യാതെ ഗതാഗത പരിഷ്കാരത്തിന് പോലീസ് മുതിർന്നതും വിവാദമായിരുന്നു. ഈ വിഷയം, മന്ത്രിയുടെ സാന്നിധ്യത്തിൽ ഞായറാഴ്ച മേയറുടെ ചേമ്പറിൽ വീണ്ടും ചർച്ച ചെയ്തശേഷം പരിഗണിച്ചാൽ മതിയെന്നാണ് കോർപറേഷന്റെ നിലപാട്.

ഒല്ലൂരിലെ കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ രണ്ടുമാസം മുൻപാണ് ഒല്ലൂർ പോലീസ് അടിയന്തരയോഗം വിളിച്ചത്.

ഭരണപക്ഷത്തെ രണ്ട് കൗൺസിലർമാരും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. ഈ തീരുമാനം നടപ്പാക്കുന്നതിന് സിറ്റി പോലീസ് കമ്മിഷണർ ഉത്തരവിറക്കുകയും ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച തീരുമാനം നടപ്പാക്കാൻ വീണ്ടും പോലീസ് സ്റ്റേഷനിൽ നടന്ന യോഗത്തിൽ ഡി.പി.സി. അംഗമായ കൗൺസിലറും പങ്കെടുത്തിരുന്നു.

തുടർന്ന് ഗതാഗത പരിഷ്കാരത്തിന്റെ ഭാഗമായ നിർമാണജോലികളും കൗൺസിലറുടെ നേതൃത്വത്തിൽ തുടങ്ങി.

ഒല്ലൂരിലെ വൺവേ സമ്പ്രദായത്തെപ്പറ്റി കമ്മിഷണറുടെ ഉത്തരവിന്റെ കോപ്പി രണ്ടുദിവസംമുൻപ് തനിക്ക് ലഭിച്ചതായി മേയർ എം.കെ. വർഗീസ് പറഞ്ഞു. ഈ വിഷയം കോർപറേഷൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുമായി ചർച്ച ചെയ്തശേഷം നടപ്പാക്കേണ്ട പരിഷ്കാരമാണ്.

അതിനാലാണ് വ്യാഴാഴ്ച നടന്ന യോഗത്തിലേക്ക് ഒല്ലൂർ പോലീസിനെ വിളിച്ചുവരുത്തിയത്. ഞായറാഴ്ച മന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിനുശേഷം തിരുമാനമെടുക്കുമെന്നും മേയർ വ്യക്തമാക്കി.



pudukad news puthukkad news

Post a Comment

0 Comments