Pudukad News
Pudukad News

തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട കേസ്;തൃശൂർ ഉൾപ്പടെ നാല് കോർപ്പറേഷനുകളെ സുപ്രീം കോടതി ഒഴിവാക്കി


കേരളം ആവശ്യപ്പെട്ടതിനെ തുടർന്ന് തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട കേസിൽനിന്ന് സംസ്ഥാനത്തെ നാല് കോർപറേഷനുകളെ സുപ്രീം കോടതി ഒഴിവാക്കി. കൊച്ചി, തൃശൂർ, കൊല്ലം, കോഴിക്കോട് എന്നീ കോർപറേഷനുകളെയാണ് കേസിലെ കക്ഷികളുടെ പട്ടികയിൽനിന്ന് സുപ്രീം കോടതി ഒഴിവാക്കിയത്. ഇതിന് പുറമെ ചില ജില്ലാ പഞ്ചായത്തുകളെയും ഗ്രാമ പഞ്ചായത്തുകളെയും സംസ്ഥാനം ആവശ്യപ്പെട്ടതിനെ തുടർന്ന് കേസിൽനിന്ന് സുപ്രീം കോടതി ഒഴിവാക്കിയിട്ടുണ്ട്.തെരുവുനായ കേസിൽ കേരളത്തിലെ ആറ് കോർപറേഷനുകളും സംസ്ഥാനം നൽകിയ ഹർജികളിൽ എതിർകക്ഷി ആയിരുന്നു. എന്നാൽ കണ്ണൂർ, തിരുവനന്തപുരം കോർപറേഷനുകൾ മാത്രമാണ് കേസിൽ അഭിഭാഷകരെ കോടതിയിൽ ഹാജരാകാൻ ചുമതലപ്പെടുത്തിയത്. മറ്റ് നാല് കോർപറേഷനുകൾക്കും നോട്ടീസ് കൈമാറിയിട്ടും അവരുടെ ഭാഗത്തുനിന്ന് തുടർ നടപടികൾ ഉണ്ടാകുന്നില്ലെന്ന് സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശി സുപ്രീം കോടതിയെ അറിയിച്ചു.ഇത് കേസിലെ നടപടികളെ വൈകിപ്പിക്കുന്ന സാഹചര്യത്തിലാണ് കക്ഷികളുടെ പട്ടികയിൽനിന്ന് ചില കോർപറേഷനുകളെയും പഞ്ചായത്തുകളെയും നീക്കാൻ അപേക്ഷ നൽകിയതെന്നും സംസ്ഥാനം വ്യക്തമാക്കി. കോർപറേഷന്റെയും പഞ്ചായത്തുകളുടെയും താത്പര്യം സംസ്ഥാന സർക്കാർ തന്നെ സംരക്ഷിക്കുന്ന സാഹചര്യത്തിലാകും അവ മറുപടി നൽകാത്തതെന്ന് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരിയും, കെ.വി. വിശ്വനാഥും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.തുടർന്ന് സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിച്ച് കണ്ണൂർ, തിരുവനന്തപുരം കോർപറേഷനുകൾ ഒഴികെ ഉള്ളവയെ കേസിൽനിന്ന് സുപ്രീം കോടതി ഒഴിവാക്കി. നോട്ടീസ് ലഭിച്ചിട്ടും മറുപടി നൽകുന്നില്ലെന്ന് സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടിയ ചില ഗ്രാമ പഞ്ചായത്തുകളെയും മുൻസിപ്പാലിറ്റികളെയും കേസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവിധ കേസുകളിലെ കക്ഷികൾക്ക് ഡിസംബർ 15-ന് മുമ്പ് രേഖകൾ കൈമാറിയ ശേഷം നടപടി ക്രമങ്ങൾ പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചു. അല്ലാത്ത പക്ഷം ആ ഹർജികൾ ഒഴികെയുള്ളവയിൽ വാദം കേൾക്കൽ ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കി. ജനുവരി പത്തിനാണ് ഹർജികൾ ഇനി സുപ്രീം കോടതി പരിഗണിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price