കളനാശിനി പ്രയോഗം നടക്കുന്ന പാലപ്പിള്ളിയിലെ തോട്ടങ്ങളിൽ അധികൃതർ പരിശോധന നടത്തി


കളനാശിനി പ്രയോഗം നടക്കുന്ന പാലപ്പിള്ളിയിലെ തോട്ടങ്ങളിൽ പഞ്ചായത്ത്, കൃഷി, ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തി. പരാതിയിൽ പറയുന്ന പ്രദേശങ്ങളിൽ കളനാശിനി പ്രയോഗം നടന്നിട്ടുണ്ടെന്നും ഇവിടങ്ങളിൽ ചെടികൾ കരിഞ്ഞു പോയതായും പരിശോധന സംഘത്തിന് ബോധ്യപ്പെട്ടു.
പത്തേക്കറിൽ താഴെ സ്ഥലത്താണ് മരുന്ന് തളിച്ചിരിക്കുന്നതെന്നും തോട്ടങ്ങളിൽ തളിച്ച മരുന്ന് ഒഴുകി പുഴയിൽ കലർന്നിരിക്കുമെന്ന് നാട്ടുകാർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വരന്തരപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.ജി. അശോകൻ പറഞ്ഞു.
തുടർന്ന് തോട്ടം മാനേജ്മെൻറ് ഓഫീസിൽ എത്തിയ സംഘത്തിന് മരുന്നുകൾ കാണിച്ചു കൊടുത്തു. തോട്ടങ്ങളിൽ തളിക്കുന്നത് സ്വീപ് പവർ എന്ന ഹെർബിസൈഡാണെന്നും ഇത് രാജ്യത്ത് അംഗീകാരമുള്ളതാണെന്നും മാനേജ്മെൻ്റ് അധികൃതർ പറഞ്ഞു. എന്നാൽ കളനാശിനി വാങ്ങിയതിൻ്റെ രേഖകളും രസീതികളും പരിശോധക സംഘം ആവശ്യപ്പെട്ടെങ്കിലും കമ്പനി ഹാജരാക്കിയില്ല.
രസീതികൾ ആവശ്യപ്പെട്ട് ഔദ്യോധികമായി അടുത്ത ദിവസം കത്തു നൽകുമെന്ന് കൃഷി ഓഫീസർ നീതു ചന്ദ്രൻ അറിയിച്ചു.
കമ്പനി അധികൃതരേയും പരാതിക്കാരേയും തിങ്കളാഴ്ച പഞ്ചായത്തിലേക്ക് ഹിയറിങ്ങിനായി വിളിപ്പിച്ചിട്ടുണ്ടെന്ന് വൈസ് പ്രസിഡൻ്റ്  പറഞ്ഞു.
പാലപ്പിള്ളി ഹാരിസൺ മലയാളം, ജൂങ് ടോളി കമ്പനി തോട്ടങ്ങളിൽ നടക്കുന്ന കളനാശിനി പ്രയോഗമാണ് പരാതിക്കിടയാക്കിയത്. ഇവിടെ നിരോധിക്കപ്പെട്ട മരുന്നുകളാണ് തളിക്കുന്നതെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് പരാതിപ്പെട്ടിരുന്നു.
വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ് അജിത സുധാകരൻ, സെക്രട്ടറി, വൈസ് പ്രസിഡൻറ്, പഞ്ചായത്തംഗങ്ങൾ, കൃഷി ഓഫീസർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price