മറ്റത്തൂരിൽ കാണാതായ യുവാവിന്റെ മൃതദേഹം കുറുമാലി പുഴയില്‍ കണ്ടെത്തി.

 



മറ്റത്തൂരിൽ കാണാതായ യുവാവിന്റെ മൃതദേഹം കുറുമാലി പുഴയില്‍ കണ്ടെത്തി.മറ്റത്തൂര്‍ കാരിങ്ങാട്ടില്‍ 28 വയസുള്ള അജിത്ത് ആണ് മരിച്ചത്. പന്തല്ലൂര്‍ ചെങ്ങാന്തുരുത്തി ക്ഷേത്രകടവിനു സമീപത്ത് നിന്ന് ബുധനാഴ്ച രാവിലെ ഒൻപതരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പുഴയിലൂടെ ഒഴുകി പോകുന്ന മൃതദേഹം സമീപവാസിയാണ് കണ്ടത്. പുഴയിൽ തിരച്ചിൽ നടത്തിയിരുന്ന പുതുക്കാട്, ചാലക്കുടി എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സും, തൃശൂരിൽ നിന്നെത്തിയ എൻഡിആർഎഫ് സംഘവും സ്കൂബ ടീമും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.കൊടകര പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തിങ്കളാഴ്ച വൈകിട്ട് ആറ്റപ്പിള്ളി പാലത്തിനു സമീപം നാല് സുഹൃത്തുക്കളോടൊപ്പമാണ് അജിത്ത് പുഴയോരത്ത് എത്തിയത്.ഇവർ പുഴയോരത്തിരുന്ന് അമിതമായി മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇതിനിടയിലാകാം അജിത് പുഴയിലേക്ക് വീണതെന്ന് കരുതുന്നു.മദ്യപിച്ച ശേഷം രണ്ട് പേർ അന്ന് രാത്രി തന്നെ പോയതായും, രണ്ട് പേർ ചൊവ്വാഴ്ച രാവിലെയുമാണ് പുഴയോരത്തുനിന്ന് പോയതെന്നും പോലീസ് പറഞ്ഞു.സംഭവത്തെ കുറിച്ച് പുറത്തുപറയാതിരുന്നതിൽ സംശയം തോന്നിയ പോലീസ് സുഹൃത്തുക്കളായ നാലു പേരെയും ചോദ്യം ചെയ്തുവരികയാണ്. പിന്നീട് അജിത്തിൻ്റെ വീട്ടുകാരുടെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.

ചൊവ്വാഴ്ച രാവിലെ മുതൽ ഫയർഫോഴ്സ് പുഴയിൽ തിരച്ചിൽ ആരംഭിച്ചിരുന്നു. ബുധനാഴ്ച ഫയർഫോഴ്സും, എൻഡിആർഎഫ് സംഘവും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.ചാലക്കുടി ഡിവൈഎസ്പി ടി.എസ്.സനോജ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് കുമാർ, കൊടകര എസ്എച്ച്ഒ കെ.ബാബു, എസ്ഐ സുബിന്ദ് എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തിയിരുന്നു.പുതുക്കാട് ഫയർസ്റ്റേഷൻ ഓഫീസർ മുനവർ ഉസ്മാൻ്റെ നേതൃത്വത്തിലുള്ള സംഘവും, എൻഡിആർഎഫ് ടീം കമാൻഡർ അരുൺ കുമാർ ചൗഹാൻ, പിആർഒ റാഫി എ റഹീം, സ്കൂബ ടീമംഗം അഖിൽ എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചിൽ നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price