ഹരിത കർമ്മ സേന പ്രവർത്തനം; ജില്ലയിലെ മികച്ച പഞ്ചായത്തായി നെന്മണിക്കര

May be an image of 14 people, people standing and text

ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങളിൽ ജില്ലയിലെ മാതൃക പഞ്ചായത്തായി നെന്മണിക്കര. അടുക്കും ചിട്ടയുമുള്ള മികച്ച പ്രവർത്തനങ്ങളിലൂടെ നെന്മണിക്കര ഗ്രാമപഞ്ചായത്തിനെ മാതൃക ഗ്രാമപഞ്ചായത്തായി ഹരിത കേരളം ജില്ലാ മിഷൻ തെരഞ്ഞെടുത്തു. ജില്ലയിൽ ഏറ്റവും അധികം വേതനം കൈപ്പറ്റുന്ന സേനാംഗമായ ഷൈജി ജോണിയും നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗമാണ്.
മാതൃക പ്രവർത്തനങ്ങൾ
നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ 15 വാർഡുകൾക്കായി 14 സേനാംഗങ്ങൾ മാത്രമാണുള്ളത്. ആറായിരത്തിൽ പരം വീടുകളും ആയിരത്തോളം കടകളുമാണ് പഞ്ചായത്ത് പരിധിയിൽ ഉള്ളത്. ഓരോ മാസം ഇരുപതാം തീയതിക്കുള്ളിൽ ഇരുവർ സംഘം വാർഡുകളിൽ നിന്നുള്ള കളക്ഷൻ പൂർത്തീകരിക്കും. 2 7ാം തീയതിക്കുള്ളിൽ തരംതിരിക്കൽ, അഞ്ചാം തീയതിക്കുള്ളിൽ ക്ലീൻ കേരളയ്‌ക്ക് കൈമാറ്റം. അതോടെ എല്ലാം ക്ലീൻ...!
ഓരോ മാസവും ഇത്തരം ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പ്രതിമാസം കളക്ഷൻ രണ്ട് ടൺ വരെ ലഭിക്കാറുണ്ട്. ഏറ്റവും കുറഞ്ഞത് 10,000 രൂപയെങ്കിലും കൈപ്പറ്റാത്ത ഒരു സേനാംഗവും ഇക്കൂടെയില്ല.
മാലിന്യമുക്തിക്കായി ഒത്തൊരുമയോടെ
ഓരോ മാസവും ഗ്രാമപഞ്ചായത്തിൽ ചേരുന്ന അവലോകന യോഗത്തിൽ നിന്നാണ് തുടക്കം. പിന്നീട് ഓരോ ദിവസവും വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ നിരീക്ഷണം. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായ ടി.എസ് ബൈജു, മെമ്പർമാർ തുടങ്ങിയവരുടെ കൂട്ടായ ശ്രമത്തിലൂടെയാണ് പ്രവർത്തനങ്ങൾ. ഇതോടൊപ്പം ആഴ്ചയിലൊരിക്കൽ പഞ്ചായത്ത് എൻഫോഴ്സ്മെന്റ് നേതൃത്വത്തിൽ പരിശോധനയും ബോധവൽക്കരണവും നടത്തിവരുന്നുണ്ട്. ജനപ്രതിനിധികളുടെയും ഹരിത കർമ്മ സേനാംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ ശ്രമത്തിലൂടെയാണ് ജില്ലയിലെ ഒന്നാം സ്ഥാനത്തേക്ക് നെന്മണിക്കര പഞ്ചായത്ത് എത്തുന്നത്.

Post a Comment

0 Comments