വീണ്ടും ടോള്‍ പിരിക്കാൻ മണ്ണുത്തി-ഇടപ്പള്ളി പാതയില്‍ ദേശീയ പാത അതോറിറ്റിയും ടോള്‍ കമ്പനിയും തട്ടിക്കൂട്ട് പണി നടത്തിയെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ ഹൈക്കോടതിയില്‍.ജില്ലാ പോലീസ് മേധാവി, ആർടിഒ എന്നിവരോടൊപ്പം പരിശോധന നടത്തിയാണ് ജില്ലാ കളക്ടർ റിപ്പോർട്ട് കോടതിയില്‍ സമർപ്പിച്ചത്.സർവീസ് റോഡുകള്‍ ടാർ ചെയ്തതിന്റെ പോരായ്മകള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട് റിപ്പോർട്ടില്‍. വലിയ വാഹനങ്ങള്‍ കയറിപ്പോയാല്‍ ഉടൻ പഴയ സ്ഥിതിയിലാകും. അടിപ്പാത നിർമാണത്തില്‍ വേഗം പോര തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടില്‍ പങ്കുവെച്ചിരിക്കുന്നത്.ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കോടതി പാലിയേക്കരയിലെ ടോള്‍ പിരിക്കുന്നത് നിർത്തിവെച്ച നടപടി നീട്ടിവെച്ചത്.ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജിയില്‍ വാദംകേള്‍ക്കുന്നത്. ദേശീയപാത അതോറിറ്റിയുടെ (എൻ.എച്ച്.എ.ഐ) ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പുതിയ പരിശോധന നടത്താൻ തൃശ്ശൂർ ജില്ലാ കളക്ടറോടും ഇടക്കാല ഗതാഗത മാനേജ്മെന്റ് കമ്മിറ്റിയോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.അടുത്ത വാദം കേള്‍ക്കുന്ന സെപ്റ്റംബർ 9 വരെ ടോള്‍ പിരിവിനുള്ള ഇടക്കാല സ്റ്റേ കോടതി നീട്ടുകയും ചെയ്തിട്ടുണ്ട്. ദേശീയപാത 544-ലെ മണ്ണുത്തി-ഇടപ്പള്ളി ഭാഗത്ത്, പ്രത്യേകിച്ച് പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം, എൻഎച്ച്എഐ അനുവദിച്ച അടിപ്പാത പദ്ധതികള്‍ ഉള്‍പ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങള്‍ കാരണം ഉണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് സംബന്ധിച്ച് സമർപ്പിച്ച റിട്ട് ഹർജികളാണ് കോടതി പരിഗണിക്കുന്നത്.നിയന്ത്രിക്കാനാവാത്ത ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി, ഈ മാസം ഓഗസ്റ്റ് ആറിനാണ് ഹൈക്കോടതി പാലിയേക്കരയില്‍ നാലാഴ്ചത്തേക്ക് ടോള്‍ പിരിവ് നിർത്തിവെക്കാൻ ഉത്തരവിട്ടത്. ഈ തീരുമാനം ഓഗസ്റ്റ് 18-ന് സുപ്രീം കോടതി ശരിവെക്കുകയും ചെയ്തിരുന്നു.ഗതാഗതം വഴിതിരിച്ചുവിടുന്നതും സർവീസ് റോഡുകളുടെ അപര്യാപ്തതയുമാണ് തുടർച്ചയായുള്ള ഗതാഗതക്കുരുക്കിന് പ്രധാന കാരണമെന്ന് ഇടക്കാല ഗതാഗത നിയന്ത്രണ സമിതി ഹൈക്കോടതിയെ അറിയിച്ചിരുന്നു. സർവീസ് റോഡുകളുടെ ശാസ്ത്രീയമായ അറ്റകുറ്റപ്പണികളും ബലപ്പെടുത്തലുമാണ് ശാശ്വതമായ ഒരേയൊരു പരിഹാരം. അനുവദിക്കുന്നിടത്തെല്ലാം സർവീസ് പാതകള്‍ വീതികൂട്ടാനും സമിതി ശുപാർശ ചെയ്തിരുന്നു.വാദം കേള്‍ക്കുന്നതിനിടെ, നിർമ്മാണ പ്രവർത്തനങ്ങള്‍ ഇതിനകം പൂർത്തിയായിട്ടുണ്ടെന്നും ഇത് സുഗമമായ ഗതാഗതത്തിന് വഴിയൊരുക്കിയിട്ടുണ്ടെന്നും എൻഎച്ച്എഐയുടെ അഭിഭാഷകൻ വാദിച്ചു. എൻഎച്ച്എഐയുടെ പങ്കാളിത്തത്തോടെ ഒരു പുതിയ പരിശോധന നടത്താൻ അനുവദിക്കണമെന്നും ടോള്‍ പിരിവ് നിർത്തിവെച്ച നടപടി പിൻവലിക്കുന്നതിനായി വിഷയം പുനഃപരിശോധിക്കണമെന്നും അദ്ദേഹം കോടതിയോട് അഭ്യർത്ഥിച്ചു. ഈ വാദങ്ങള്‍ കണക്കിലെടുത്താണ് എൻഎച്ച്എഐ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടറും ഇടക്കാല സമിതിയും ചേർന്ന് അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ മറ്റൊരു പരിശോധന നടത്തണമെന്ന് ബെഞ്ച് നിർദ്ദേശിച്ചത്. ഗതാഗതക്കുരുക്ക് 'ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന്' വ്യക്തമാക്കിയ കോടതി, ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ടോള്‍ പിരിവ് നിർത്തിവെച്ചത് തുടരുമെന്നും ഉത്തരവിടുകയും ചെയ്തു.
Good thing toll company with hai office looting public
മറുപടിഇല്ലാതാക്കൂ