2024 | ഓഗസ്റ്റ് 17 | ശനി|
1200 | ചിങ്ങം 1 | പൂരാടം
1446 | സഫർ | 11.
➖➖➖➖➖➖➖➖
◾ ജമ്മു കശ്മീര്‍, ഹരിയാണ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടമായിട്ടാകും വോട്ടെടുപ്പ്. ആദ്യഘട്ടം സെപ്റ്റംബര്‍ 18-നും രണ്ടാഘട്ടം സെപ്റ്റംബര്‍ 25-നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും. ഹരിയാന ഒക്ടോബര്‍ ഒന്നിന് ഒറ്റഘട്ടമായി വിധിയെഴുതും. ഒക്ടോബര്‍ നാലിന് വോട്ടെണ്ണല്‍. പത്തു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 90 മണ്ഡലങ്ങളുള്ള ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളും കേരളം അടക്കമുള്ള ഉപതിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചിട്ടില്ല.
◾ വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഉടന്‍ പ്രഖ്യാപിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവ് കുമാര്‍. 47 ഇടങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടത്താനുണ്ടെന്നും പ്രകൃതിദുരന്തമുണ്ടായ വയനാട് ഉടന്‍ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. സാഹചര്യം പരിശോധിച്ച് ഒന്നിച്ച് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനെ കുറിച്ച് ആലോചിക്കും. കലാവസ്ഥയടക്കമുള്ള ഘടകങ്ങള്‍ മാനദണ്ഡമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
◾ സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച് കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ നടത്തി ചട്ടവിരുദ്ധമായി മറ്റൊരു കമ്പനിയില്‍ നിന്നും കോടികള്‍ വരുമാനം നേടിയെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിന്റെ വെളിപ്പെടുത്തല്‍. സെബി ചെയര്‍പേഴ്സണ്‍ ആയിരിക്കെ ഏഴു വര്‍ഷം കൊണ്ട് മാധബി നേടിയത് 3.71 കോടി രൂപയെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് രേഖകള്‍ റോയിട്ടേഴ്‌സ് പുറത്തുവിട്ടു. മാധബിക്കും ഭര്‍ത്താവിനും 99 ശതമാനം ഓഹരി പങ്കാളിത്തമുള്ള സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഗോറ അഡൈ്വസറി എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ നിന്നുമാണ് മാധബി വരുമാനം നേടിയത്. മറ്റ് കമ്പനികളില്‍ നിന്നും ലാഭമോ ഫീസോ വാങ്ങരുതെന്ന ചട്ടം സെബി മേധാവി ലംഘിച്ചുവെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് രേഖകള്‍ പുറത്ത് വിട്ടാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്.
◾ രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യം സ്വാമി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ബാക്കോപ്സ് ലിമിറ്റഡ് എന്ന പേരില്‍ ഒരു സ്ഥാപനം യുകെയില്‍ 2003ല്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതിന്റെ ഡയറക്ടര്‍മാരില്‍ ഒരാളും സെക്രട്ടറിയുമാണ് രാഹുല്‍ ഗാന്ധിയെന്നും അവകാശപ്പെട്ട് സുബ്രഹ്‌മണ്യന്‍ സ്വാമി 2019ല്‍ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. 2005 ലും 2006 ലും സമര്‍പ്പിച്ച സ്ഥാപനത്തിന്റെ വാര്‍ഷിക റിട്ടേണുകളിലും 2009 ല്‍ സമര്‍പ്പിച്ച പിരിച്ചുവിടല്‍ അപേക്ഷയിലും രാഹുല്‍ ഗാന്ധിയുടെ പൗരത്വം ബ്രിട്ടിഷുകാരനാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഒന്‍പതിന്റെയും 1955 ലെ ഇന്ത്യന്‍ പൗരത്വ നിയമത്തിന്റെയും ലംഘനമാണെന്നുമാണ് സ്വാമിയുടെ ആരോപണം.
◾ വയനാട് ഉരുള്‍ പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന്. നൂറിലേറെ പേരെ ഇനിയും കണ്ടെത്താന്‍ ഉണ്ടെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തുന്ന തിരച്ചിലില്‍ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് തിരച്ചില്‍ തുടരണോ എന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നത്.
◾ വയനാട് ഉരുള്‍പൊട്ടലില്‍ പ്രാഥമിക കണക്ക് പ്രകാരം 1,200 കോടി രൂപയുടെ നഷ്ടമുണ്ടായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. 1,555 വീടുകള്‍ പൂര്‍ണമായും വാസയോഗ്യമല്ലാതായെന്നും ഹൈക്കോടതി സ്വമേധയായെടുത്ത ഹര്‍ജിയില്‍ അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ ക്കുറുപ്പ് വിശദീകരിച്ചു. 626 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. മൂന്ന് പാലങ്ങള്‍ തകര്‍ന്നു. തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള 136 കെട്ടിടങ്ങള്‍, 209 കടകള്‍, മറ്റ് 100 കെട്ടിടങ്ങള്‍, രണ്ട് സ്‌കൂളുകള്‍, 1.5 കിലോമീറ്റര്‍ റോഡ്, 124 കിലോമീറ്റര്‍ നീളത്തില്‍ വൈദ്യുതി ലൈനുകള്‍, രണ്ട് ട്രാന്‍സ്ഫോര്‍മര്‍ എന്നിവയും തകര്‍ന്നു. 226 കന്നുകാലികള്‍ ചത്തതായും സര്‍ക്കാര്‍ വിശദീകരിച്ചു.
◾ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചാലഞ്ച് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. ചുരുങ്ങിയത് അഞ്ച് ദിവസത്തെ ശമ്പളം നല്‍കണമെന്നും ഇതിനായുള്ള സമ്മതപത്രം കൈമാറണമെന്നുമാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇത്തരത്തില്‍ കിട്ടുന്ന തുക ഒരു പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റും. പരമാവധി മൂന്ന് ഗഡുക്കളായി തുക നല്‍കണമെന്നും സമ്മതപത്രം നല്‍കുന്ന ജീവനക്കാരില്‍ നിന്ന് അടുത്ത മാസത്തെ ശമ്പളം മുതല്‍ പണം ഈടാക്കി തുടങ്ങുമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. പിഎഫ് തുകയും ജീവനക്കാര്‍ക്ക് സംഭാവനയായി നല്‍കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കവേ നിര്‍ണായക കണ്ടെത്തല്‍. ഇന്നലെ നടത്തിയ തെരച്ചിലില്‍ ഗംഗാവലി പുഴയില്‍ നിന്ന് അര്‍ജുന്റെ ലോറിയുടെ കയറും ലോഹഭാഗങ്ങളും കണ്ടെത്തി. കയര്‍ അര്‍ജുന്റെ ലോറിയുടേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ഈശ്വര്‍ മാല്‍പയുടെ സംഘത്തിന്റേതാണ് നിര്‍ണായക കണ്ടെത്തല്‍. അതേ സമയം വണ്ടിയുടെ ബോഡിപാര്‍ട്ട് അര്‍ജുന്റെ വണ്ടിയുടേതല്ല.
◾ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഇനി ഡ്രെഡ്ജിംഗ് മെഷീന്‍ വന്നതിന് ശേ
ഷം മാത്രമെന്ന് റിപ്പോര്‍ട്ടുകള്‍. ഒരാഴ്ച കഴിഞ്ഞേ ഡ്രഡ്ജര്‍ എത്തിക്കാനാവൂ എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. അതേസമയം പുഴയിലെ വെള്ളം കലങ്ങിയതിനാല്‍ മുങ്ങിയുള്ള തെരച്ചില്‍ ബുദ്ധിമുട്ടെന്ന് നേവിയും ഈശ്വര്‍ മല്‍പെയും പറഞ്ഞിരുന്നു.
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വരാനിരിക്കെ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി നടി രഞ്ജിനി. പുറത്തുവിടുന്ന റിപ്പോര്‍ട്ടില്‍ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പാക്കണമെന്നും, മൊഴി നല്‍കിയവര്‍ക്ക് പകര്‍പ്പ് ലഭ്യമാക്കി അവരെ കൂടി ബോധ്യപ്പെടുത്തിയാകണം റിപ്പോര്‍ട്ട് പുറത്തു വിടേണ്ടതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. നടിയുടെ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
◾ സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് പ്രത്യേക നിറം നല്‍കാന്‍ ഉത്തരവ്. ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം നല്‍കാനാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ഉത്തരവ്. ഒക്ടോബര്‍ 1 മുതല്‍ ഉത്തരവ് നിലവില്‍ വരും.
◾ സംസ്ഥാനത്ത് പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വര്‍ദ്ധനവും പവര്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവുമാണ് ഇപ്പോഴത്തെ സാഹചര്യത്തിന് കാരണം.
◾ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രശ്നം വിശദമായി വിശകലനം ചെയ്യുമ്പോള്‍ യുഡിഎഫിന്റെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമായി ഉയര്‍ന്ന ഒരു പ്രത്യേക സംസ്‌കാരമാണ് അതിലേക്ക് നയിച്ചതെന്നാണ് വ്യക്തമാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സ്‌ക്രീന്‍ ഷോട്ടിന്റെ ഉറവിടം ആദ്യം അറിഞ്ഞ ശേഷം വിശദീകരണം ചോദിക്കേണ്ടവരോടൊക്കെ ചോദിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്ത് കൊണ്ടുവരണം എന്നും അദ്ദേഹം പറഞ്ഞു.
◾ ആയുഷ് മേഖലയില്‍ ഈ സാമ്പത്തിക വര്‍ഷം 207.9 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.താത്കാലിക ആയുഷ് ഡിസ്‌പെന്‍സറികള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ആയുഷ് ചികിത്സാ സ്ഥാപനങ്ങള്‍ക്കും അവശ്യ മരുന്നുകളും കന്റീന്‍ജന്‍സി ഫണ്ടുകളും ലഭ്യമാക്കും. നിര്‍ണയ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ലബോറട്ടറികള്‍ക്ക് 20 ലാബ് ജീവനക്കാരുടെ സേവനം ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
◾ തദ്ദേശ സ്വയം ഭരണ വകുപ്പില്‍ നിന്ന് ഭവന ആനുകൂല്യം ലഭിച്ച് നിര്‍മിച്ച വീട് ഏഴ് വര്‍ഷം കഴിഞ്ഞ് വില്‍ക്കാന്‍ അനുവാദം നല്‍കുമെന്ന് എറണാകുളം ജില്ലാ അദാലത്തില്‍ പങ്കെടുക്കുന്നതിനിടെ മന്ത്രി എം.ബി രാജേഷ് വ്യക്തമാക്കി. 2024 ജൂലൈ ഒന്നാം തീയ്യതിക്ക് ശേഷം ഭവന ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് ആ വീടുകള്‍ കൈമാറുന്നതിന് മുമ്പുള്ള സമയ പരിധി ഏഴ് വര്‍ഷമാക്കി ചുരുക്കിക്കൊണ്ട് ഈ വര്‍ഷം ജൂലൈ ഒന്നിനു ഉത്തരവ് പുറത്തിറങ്ങിയിരുന്നു.
◾ വിജിലന്‍സിന്റെ പുതിയ മേധാവിയായി ചുമതലയേറ്റ എഡിജിപി യോഗേഷ് ഗുപ്തക്ക് ഡിജിപിയായി സ്ഥാനക്കയറ്റം. ബിഎസ്എഫ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് കേന്ദ്ര സര്‍ക്കാര്‍ മാറ്റിയ നിധിന്‍ അഗര്‍വാള്‍ കേരളത്തിലേക്ക് എത്താത്ത സാഹചര്യത്തിലാണ് സ്ഥാന കയറ്റം.
◾ എന്‍എസ്എസിനെതിരെ വ്യാജപ്രചാരണം നടക്കുന്നതായി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ജനറല്‍ സെക്രട്ടറിക്കും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കുമെതിരെ അറസ്റ്റ് വാറന്റ് എന്ന രീതിയില്‍ വ്യാജപ്രചാരണം നടക്കുന്നുവെന്നാണ് ആരോപണം.
◾ സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ആഗസ്റ്റ് 20 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
◾ കോഴിക്കോട് വടകരയില്‍ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയില്‍ തട്ടിപ്പ്. പണയം വച്ച 26 കിലോ സ്വര്‍ണ്ണവുമായി ബാങ്ക് മാനേജര്‍ മുങ്ങി. ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖാ മാനേജര്‍ തമിഴ്നാട് സ്വദേശി മധു ജയകുമാറാണ് തട്ടിപ്പ് നടത്തിയത്. 17 കോടി രൂപയുടെ തട്ടിപ്പ് ബാങ്ക് മാനേജരുടെ സ്ഥലംമാറ്റത്തോടെയാണ് പുറത്തായത്. കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായിട്ടില്ല.
◾ പാനൂരില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ആഹ്ലാദ പ്രകടനത്തിനിടെ സംഘര്‍ഷം. എസ്എഫ്ഐ - എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് പ്രശ്നമുണ്ടായത്. സംഘര്‍ഷത്തില്‍ ഇരു വിഭാഗത്തിലും പെട്ട ആറ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് എംഎസ്എഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.
◾ സംവിധായകന്‍ മേജര്‍ രവിയ്ക്കെതിരെ ധനകാര്യ സ്ഥാപനത്തെ പറ്റിച്ചെന്ന പരാതിയില്‍ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തു. സെക്യൂരിറ്റി ജീവനക്കാരെ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാണ് ധനകാര്യ സ്ഥാപനത്തിന്റെ പരാതി. മേജര്‍ രവിയുടെ തണ്ടര്‍ഫോഴ്‌സ് സ്ഥാപനത്തിന്റെ സഹഉടമകളും കേസില്‍ പ്രതികളാണ്. കോടതി നിര്‍ദ്ദേശ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
◾ പകര്‍പ്പ് അവകാശം ലംഘിച്ച് നൃത്താവിഷ്‌കാരം നടത്തിയെന്ന പരാതിയില്‍ പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികക്ക് കോടതി നോട്ടീസ്. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. തിരുവനന്തപുരം നിഷിലെ ഇംഗ്ലീഷ് അധ്യാപിക സില്‍വി മാക്‌സിയുടെ പരാതിയില്‍ മേതില്‍ ദേവികയുടെ വിശദീകരണം തേടിയാണ് കോടതി നോട്ടീസ് നല്‍കിയത്.
◾ ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെതിരെ അപമാനകരമായ പരാമര്‍ശം നടത്തിയ കേസില്‍ മേജര്‍ രവിയോട് വിചാരണ കോടതിയില്‍ കീഴടങ്ങാന്‍ ഹൈക്കോടതി ഉത്തരവ്. തനിക്കെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് മേജര്‍ രവി നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. 2017 ല്‍ എറണാകുളത്ത് നടന്ന ചടങ്ങില്‍ മേജര്‍ രവി ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്ററായ സിന്ധു സൂര്യകുമാറിനെതിരെ അപമാനകരമായ പരാമര്‍ശം നടത്തിയെന്നായിരുന്നു കേസ്.
◾ മുന്‍വൈരാഗ്യത്തെ തുടര്‍ന്നുണ്ടായ അടിപിടിക്കിടെ സഹോദരങ്ങളായ യുവാക്കളുടെ ക്രൂരമര്‍ദനമേറ്റയാളെ ബീമാപളളി കടപ്പുറത്തെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബീമാപളളി ഈസ്റ്റ് വാര്‍ഡ് സദാം നഗറിലുളള നാഗൂര്‍ കണ്ണിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ അബ്ദുള്‍ ഹസ്സന്റെയും ബദറുനിസയുടെയും മകന്‍ ഷിബിലി(38) ആണ് മരിച്ചത്. ഒന്നാം പ്രതി ഇനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ സഹോദരന്‍ ഇനാദ് ഇപ്പോഴും ഒളിവിലാണ്.
◾ ഇരിട്ടിയില്‍ ഭാര്യയേയും അമ്മായിഅമ്മയേയും യുവാവ് കുടുംബ വഴക്കിനെ തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. കാക്കയങ്ങാട് വിളക്കോട് തൊണ്ടംകുഴി ചെറുവോടില്‍ പി.കെ.അലീമ(53), മകള്‍ സെല്‍മ(30) എന്നിവരാണ് കൊല്ലപ്പെട്ടത്. സെല്‍മയുടെ മകനും പരിക്കുണ്ട്. സെല്‍മയുടെ ഭര്‍ത്താവ് ഷാഹുല്‍ ഹമീദിനെ മുഴകുന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.
◾ കേന്ദ്ര പ്രതിരോധ വകുപ്പ് സെക്രട്ടറിയായി 1989 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജേഷ് കുമാര്‍ സിംഗിനെ നിയമിക്കും. ഇത് സംബന്ധിച്ച ശുപാര്‍ശയ്ക്ക് കേന്ദ്ര കാബിനറ്റ് സമിതി അംഗീകാരം നല്‍കി. ഗിരിധര്‍ അരമനയുടെ പകരക്കാരനായാണ് രാജേഷ് കുമാര്‍ സിംഗിന്റെ നിയമനം.
◾ കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിക്ക് നേരെ അതിക്രമമുണ്ടായ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാര്‍ സംവിധാനത്തിന്റെ സമ്പൂര്‍ണ പരാജയം എന്നാണ് കോടതിയുടെ വിമര്‍ശനം. ആശുപത്രി അടച്ചുപൂട്ടുമെന്നും രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് ലഭിച്ച ഇ മെയിലുകളുടെ അടിസ്ഥാനത്തിലാണ് വിഷയം പരിഗണിച്ചതെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
◾ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശവുമായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ്. ബംഗാളില്‍ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്നും സ്ത്രീത്വത്തിന് അപമാനകരമായ സംഭവമാണ് നടന്നതെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. ഗവര്‍ണറെന്ന നിലയില്‍ ഭരണഘടനാ പദവി ഉപയോഗിച്ച് എന്ത് ചെയ്യുമെന്നത് ഇപ്പോള്‍ പറയുന്നില്ല. കേന്ദ്ര സര്‍ക്കാരിനെ കാര്യങ്ങള്‍ അപ്പപ്പോള്‍ അറിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും മികച്ചതാണെന്നും 2027-ഓടെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി രാജ്യം മാറുമെന്നാണ് പ്രതീക്ഷയെന്നും ഐ.എം.എഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗീതാ ഗോപിനാഥ്. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം.
◾ വരാനിരിക്കുന്ന ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് നാഷ്ണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിച്ചാല്‍ മാത്രമേ തന്റെ മകന്‍ ഒമര്‍ അബ്ദുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
◾ ബംഗ്ലാദേശിലെ ഇടക്കാലഭരണാധികാരി മുഹമ്മദ് യൂനുസ് ഫോണില്‍ ബന്ധപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അക്രമബാധിത രാജ്യത്ത് ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടെയും സുരക്ഷയെ കുറിച്ചും ചര്‍ച്ച ചെയ്തതെന്നും ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സംരക്ഷണവും സുരക്ഷയും മുഹമ്മദ് യൂനുസ് ഉറപ്പു നല്‍കിയതായും പ്രധാനമന്ത്രി വ്യക്തമാക്കി.
◾ പാരിസ് ഒളിംപിക്‌സിനിടെ അഞ്ചരമണിക്കൂര്‍ നീണ്ട അതിതീവ്രമായ ഭാരം കുറയ്ക്കലിനൊടുവില്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് മരിച്ചുപോകുമെന്ന് ഭയപ്പെട്ടിരുന്നതായി പരിശീലകന്‍ വോളര്‍ അകോസ്. കഠിന ശ്രമത്തിനിടെ വിനേഷ് തളര്‍ന്നുവീഴുക പോലുമുണ്ടായതായി അദ്ദേഹം വെളിപ്പെടുത്തി. ഫെയ്‌സ്ബുക്കിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
◾ ഗുസ്തി കരിയര്‍ 2032 വരെ തുടരുമെന്നും ദൗര്‍ഭാഗ്യകരമായ സാഹചര്യത്തിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നതെന്നും സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച തുറന്ന കത്തില്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്. പാരീസ് ഒളിമ്പിക്‌സിലെ അയോഗ്യത ചോദ്യംചെയ്ത് വിനേഷ് ഫോഗട്ട് കായിക തര്‍ക്കപരിഹാര കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിക്കളഞ്ഞതിനു പിന്നാലെയാണ് വിനേഷിന്റെ പ്രതികരണം.
◾ രാജ്യത്തെ മുന്‍നിര ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക്, തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ശ്രേണി ഒല റോഡ്സ്റ്റര്‍ ഔദ്യോഗികമായി ആഭ്യന്തര വിപണിയില്‍ അവതരിപ്പിച്ചു. റോഡ്സ്റ്റര്‍ എക്‌സ്, റോഡ്സ്റ്റര്‍, റോഡ്സ്റ്റര്‍ പ്രോ എന്നീ മൂന്ന് വേരിയന്റുകളിലാണ് ഈ ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഈ വേരിയന്റുകളെല്ലാം വ്യത്യസ്ത ബാറ്ററി പാക്കുകളുമായാണ് വരുന്നത്. റോഡ്സ്റ്റര്‍ X 2.5kWh, 3.5kWh, 4.5kWh എന്നീ മൂന്ന് ബാറ്ററി പായ്ക്കുകളില്‍ വരുന്നു. അവയുടെ എക്സ്-ഷോറൂം വില യഥാക്രമം 74,999 രൂപ, 84,999 രൂപ, 99,999 രൂപ എന്നിങ്ങനെയാണ്. 3 kWh, 4.5kWh, 6kWh എന്നിങ്ങനെയുള്ള മൂന്ന് വ്യത്യസ്ത ബാറ്ററി പാക്കുകളുള്ള റോഡ്സ്റ്ററിന്റെ എക്സ്-ഷോറൂം വില 1,04,999 രൂപ, 1,19,999 രൂപ, 1,39,999 രൂപ എന്നിങ്ങനെയാണ്. 8kWh, 16kWh എന്നീ രണ്ട് ബാറ്ററി പാക്കുകളുള്ള റോഡ്സ്റ്റര്‍ പ്രോയുടെ എക്സ്-ഷോറൂം വില യഥാക്രമം 1,99,999 രൂപയും 2,49,999 രൂപയുമാണ്. 6kWh ബാറ്ററി പായ്ക്ക് ഉള്ള റോഡ്സ്റ്ററിന് ഒറ്റ ചാര്‍ജില്‍ 248 കിലോമീറ്റര്‍ വരെ ലഭിക്കുമ്പോള്‍ 16kWh ബാറ്ററി പായ്ക്ക് ഉള്ള റോഡ്സ്റ്റര്‍ പ്രോക്ക് ഒറ്റ ചാര്‍ജില്‍ 579 കിലോമീറ്റര്‍ വരെ ലഭിക്കും.
ഈ ബൈക്കുകളുടെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചതായി ഒല ഇലക്ട്രിക് സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ പറയുന്നു. റോഡ്സ്റ്റര്‍ എക്‌സിന്റെയും റോഡ്സ്റ്ററിന്റെയും ഡെലിവറി അടുത്ത വര്‍ഷം ജനുവരി മുതല്‍ ആരംഭിക്കും അതേസമയം റോഡ്സ്റ്റര്‍ പ്രോയ്ക്കുള്ള ബുക്കിംഗ് 2026 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കുകയുള്ളൂ.
0 Comments