വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ


വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡനത്തിനിരയാക്കിയ കേസ്സിൽ യുവാവ് അറസ്റ്റിൽ.
പെരുമ്പാവൂർ മുടക്കുഴ സ്വദേശി കുറുപ്പൻ വീട്ടിൽ 31 വയസുള്ള
അജു ആണ് അറസ്റ്റിലായത്.  ഇരിങ്ങാലക്കുട ഡിവൈഎസ്പി എം.സി.കുഞ്ഞിമോയിൻകുട്ടി, ഇൻസ്പെക്ടർ മനോജ് ഗോപി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട പരാതിക്കാരിയായ യുവതിയുമായി കൂടുതൽ സൗഹൃദത്തിലായതോടെ ഇയാൾ യുവതിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു പീഡനത്തിനിരയാക്കുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ നാട്ടിൽ നിന്നും മുങ്ങിയ പ്രതി പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.കഴിഞ്ഞവർഷമാണ് കേസിനാസ്പദമായ സംഭവം.
മൊബൈൽ ഫോണിൽ പരാതിക്കാരിയുടെ ചിത്രങ്ങൾ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണവും തട്ടിയിരുന്നു. യുവതി നിയമ പരമായി നടപടികളുമായി  നീങ്ങിയതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ആയൂർവേദ മരുന്ന് ബിസിനസ് നടത്തുന്ന അജു  പോലീസിന്റെ പിടിവീഴാതിരിക്കാൻ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിച്ചെങ്കിലും ദിവസങ്ങൾക്കുള്ളിൽ കസ്റ്റഡയിലായി. ബന്ധുക്കളോടും അടുത്ത സുഹൃത്തുക്കളോടു പോലും  താമസസ്ഥലം വെളിപ്പെടുത്തിയിരുന്നില്ല. ഇതിനിടെ പല സ്ഥലങ്ങളും മാറി മാറി താമസിച്ചാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. 
എറണാകുളം കച്ചേരിപ്പടിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്.ഐ. സി.എൻ.ശ്രീധരൻ സീനിയർ സി.പി.ഒ മാരായ ഇ.എസ്.ജീവൻ, രാഹുൽ അമ്പാടൻ, സി.പി.ഒ മാരായ കെ.എസ്.ഉമേഷ്, വിപിൻ വെള്ളാംപറമ്പിൽ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

0 Comments