ചേറില്‍ ഞാറുനട്ട് അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബിലെ കുട്ടികള്‍





അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബിലെ കുട്ടികള്‍ നെല്‍കൃഷി പഠിക്കുന്നതിനായി ഞാറ് നടാന്‍ പാടത്തേക്ക് ഇറങ്ങിയത് വേറിട്ട കൃഷി പാഠമായി. അളഗപ്പനഗര്‍ പഞ്ചായത്തിലെ മണ്ണംപേട്ട മേടംകുളങ്ങര പാടശേഖരത്തില്‍ പാരിജാതം ഹരിത സേനയുടെയും പാടശേഖര സമിതിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ഞാറ്റുത്സവത്തിന്റെ ഭാഗമായാണ് കുട്ടികള്‍ പാടത്തേക്ക് ഇറങ്ങിയത്.കുട്ടികളോടൊപ്പം അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും പാടത്ത് ഞാറ് നടാന്‍ ഇറങ്ങിയത് ആവേശകരമായ അനുഭവമായി. നെല്‍കൃഷിയുടെ വിവിധ ഘട്ടങ്ങളായ നിലമൊരുക്കല്‍, ഞാറ്റടി തയ്യാറാക്കല്‍, ഞാറുനടീല്‍ എന്നിവയുടെ പാഠങ്ങള്‍ കര്‍ഷകരില്‍ നിന്നും കര്‍ഷകതൊഴിലാളികളില്‍ നിന്നും നേരിട്ട്  കുട്ടികള്‍ മനസിലാക്കി. കര്‍ഷകതൊഴിലാളികള്‍ പരമ്പരാഗത രീതിയില്‍ ഞാറ് നടുന്നതിനു കുട്ടികളെ പരിശീലിപ്പിച്ചു. കൃഷിപാട്ടുകള്‍ക്കൊപ്പം കുട്ടികള്‍ ഒരു പാടം മുഴുവനും ഞാറുനട്ടു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ ഞാറ്റുത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഭാഗ്യവതി ചന്ദ്രന്‍, പി.കെ. ശേഖരന്‍, പ്രധാനാധ്യാപിക സിനി എം. കുര്യാക്കോസ്, കാര്‍ഷിക ക്ലബ് കണ്‍വീനര്‍ എം.ബി. സജീഷ്, അധ്യാപകരായ ടി. അജിത, പി.ബി. ബിനി എന്നിവര്‍ നേതൃത്വം നല്‍കി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍