തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവീസ് രാജിവച്ചു. സീനിയർ സൂപ്രണ്ട് സന്തോഷ് കുമാറിന് രാജിക്കത്ത് നൽകി. ഇടതുമുന്നണി ധാരണയനുസരിച്ചാണ് രാജി. ഇനി സി.പി.ഐ പ്രതിനിധിക്കാണ് പ്രസിഡൻറ് പദവി. സി.പി.ഐയിലെ വി.എസ് പ്രിൻസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവും. ആമ്പല്ലൂർ ഡിവിഷനിലെ അംഗമായ വി.എസ്. പ്രിൻസ് അളഗപ്പനഗർ സ്വദേശിയാണ്.
മൂന്നുവർഷത്തിനകം നിരവധി വികസനപദ്ധതികൾ നടപ്പാക്കിയെന്ന് പി.കെ.ഡേവീസ് പറഞ്ഞു. ലൈഫ് പദ്ധതിക്ക് 50 കോടി, 86 പഞ്ചായത്തിലും വനിതാ ഫിറ്റ്നസ് സെന്റർ, എല്ലാ അങ്കണവാടികളിലും വാട്ടർ പ്യൂരിഫയർ, ഗ്രന്ഥശാലകൾക്ക് കസേര, സ്കൂളുകൾക്ക് ലാപ് ടോപ്, കലക്ടറേറ്റിൽ ടേക്ക് എ ബ്രേക്ക് കേന്ദ്രം, വയോജനങ്ങൾക്കായി ഒളരിയിൽ സുശാന്തം പദ്ധതി, ജില്ലാഹോമിയോ ആശുപത്രിയിൽ ഓട്ടോമാറ്റിക് ഹോർമോൺ അനലൈസർ, വടക്കാഞ്ചേരി ജില്ലാ ആശുപത്രി ഡയാലിസിസ്, പമ്പ് സെറ്റ് വിതരണം, എക്സി വിദ്യാർഥികൾക്ക് ലാപ്ടോപ്, ചേറ്റുവ പുഴയിൽ ചളി നീക്കൽ, സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘സമേതം’, കാൻസർ വിമുക്ത പദ്ധതിയായ കാൻ തൃശൂർ, മാലിന്യ സംസ്കരണത്തിന് പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റ് തുടങ്ങീ നിരവധി പദ്ധതികൾ വിവധി ഘട്ടങ്ങളിലാണെന്നും ഡേവീസ് മാസ്റ്റർ പറഞ്ഞു. പ്രസിഡൻറ് പദവിയിൽ അവസാനത്തെ ഔദ്യോഗിക പരിപാടിയായി തൃശൂർ പുഷ്പോൽസവത്തിന്റെ സമാപനം ഉത്ഘാടനം ചെയ്ത ശേഷമാണ് ഓഫീസിലെത്തി രാജി സമർപ്പിച്ചത്. ആളൂരിന്റെ പ്രതിനിധി ആയാണ് ജില്ലാ പഞ്ചായത്തിൽ എത്തിയത്.
ജില്ലാ പഞ്ചായത്തിന്റെ 28ാം വാർഷികത്തിൽ 28 ഇന കർമ്മ പദ്ധതിക്കും തുടക്കമിട്ടാണ് ഡേവീസ് മാസ്റ്ററുടെ പടിയിറക്കം.
0 Comments