ചികിത്സപ്പിഴവിനെത്തുടർന്ന് രോഗി മരിച്ചാൽ ഡോക്ടർക്കെതിരെ ക്രിമിനൽക്കുറ്റം ചുമത്തില്ല


ചികിത്സപ്പിഴവിനെത്തുടർന്ന് രോഗിമരിച്ചാൽ പുതിയ നിയമപ്രകാരം ഡോക്ടർക്കെതിരേ ക്രിമിനൽക്കുറ്റം ചുമത്തില്ല. നിലവിലെ ക്രിമിനൽ നിയമങ്ങൾക്ക് പകരം ബുധനാഴ്‌ച ലോക്‌സഭ പാസാക്കിയ ബില്ലുകളിലാണ് ഡോക്ട‌ർമാർക്ക് സംരക്ഷണം നൽകുന്ന വ്യവസ്ഥ. ഭാരതീയ ന്യായ സംഹിത ഉൾപ്പെടെയുള്ള ബില്ലുകളിൽ ഇതിനായി ഭേദഗതി വരുത്തി.നിലവിൽ ചികിത്സപ്പിഴവുമൂലം രോഗി മരിച്ചാൽ ഡോക്ടർ കൊലക്കുറ്റത്തിന് നടപടി നേരിടണം. എന്നാൽ, ഇതിനെതിരേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ നിവേദനം പരിഗണിച്ചാണ് ക്രിമിനൽക്കുറ്റം ഒഴിവാക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.ചികിത്സപ്പിഴവ് കാരണമുള്ള മരണത്തിന് ഡോക്ട‌ർമാർക്കെതിരേ ഐ.പി.സി. 304 എ പ്രകാരമാണ് കേസെടുക്കുന്നത്. രണ്ടുവർഷംവരെ തടവ് കിട്ടാവുന്ന വകുപ്പാണിത്. ജീവപര്യന്തം തടവുവരെ ലഭിക്കാവുന്ന, മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റവും (ഐ.പി.സി. 304) പലപ്പോഴും ഡോക്‌ടർമാർ നേരിടേണ്ടിവരുന്നുണ്ട്.കൊളോണിയൽ കാലത്തെ മൂന്നുക്രിമിനൽ നിയമങ്ങളും പാടേ മാറ്റി പുതിയത് കൊണ്ടുവരാനുള്ള ബിൽ ‘ഇന്ത്യ’ സഖ്യമല്ലാതെയാണ് ലോക്‌സഭ പാസാക്കിയത്.  പത്തിൽ താഴെ പ്രതിപക്ഷാംഗങ്ങൾ മാത്രമുള്ളപ്പോഴാണ് മൂന്ന് ബില്ലുകളും ലോക്‌സഭ ചർച്ചചെയ്ത് പാസാക്കിയത്.ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്.), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) ബില്ലുകളാണ് ലോക്സഭ കടന്നത്. ബില്ലുകൾ രാജ്യസഭ കൂടി പാസാക്കി രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ 1860-ലെ ഇന്ത്യൻ ശിക്ഷാനിയമവും (ഐ.പി.സി.), 1898-ലെ ക്രിമിനൽ നടപടിച്ചട്ടവും (സി.ആർ.പി.സി.), 1872- ലെ ഇന്ത്യൻ തെളിവ് നിയമവും ഇല്ലാതാവും.

Post a Comment

0 Comments