തൃശ്ശൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെ ഇരുട്ടകലുന്നു. ഒപ്പം സുരക്ഷയേകാൻ നാലു വശത്തും ക്യാമറയും

തൃശ്ശൂർ : യാത്രക്കാർക്ക് ആശ്വാസം, തൃശ്ശൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെ ഇരുട്ടകലുന്നു. ഒപ്പം സുരക്ഷയേകാൻ നാലു വശത്തും ക്യാമറയും സ്ഥാപിച്ചു. നിലവിലുള്ളതിനു പുറമേ, 15 ഹൈമാസ്റ്റ് വിളക്കുകൾകൂടിയാണ് സ്ഥാപിച്ചത്. ഇതോടെ സ്റ്റാൻഡിന് ഉൾവശത്തു മുഴുവൻ പ്രകാശമായി. ചുറ്റുമതിലിനോടുചേർന്ന ഭാഗങ്ങളിൽ മാത്രമേ നിലവിൽ വെളിച്ചക്കുറവുള്ളൂ.

മുപ്പത് ക്യാമറകളാണ് സ്റ്റാൻഡിനകത്തും രണ്ടു വഴികളുടെ തുടക്കത്തിലുമായി സ്ഥാപിക്കുന്നത്. ഇതിൽ 24 എണ്ണം സ്ഥാപിച്ചുകഴിഞ്ഞു. ബാക്കിയുള്ളവകൂടി സ്ഥാപിക്കുന്നതോടെ സുരക്ഷയും ഉറപ്പാകും. ക്യാമറകളെല്ലാം പോലീസ് കൺട്രോൾ റൂമുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമേ റോട്ടറി ക്ലബ്ബ് സമ്മാനിച്ച ഇരിപ്പിടങ്ങളും എത്തിയിട്ടുണ്ട്.

സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലാണ് കെ.എസ്.ആർ.ടി.സി., ശക്തൻ സ്റ്റാൻഡുകളിലെ സുരക്ഷയ്ക്കായി വിളക്കുകളും ക്യാമറയും സ്ഥാപിക്കാനുള്ള പദ്ധതി നടപ്പാക്കിയത്. ഇതിനായി ടി.എൻ. പ്രതാപൻ എം.പി. യുടെ ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ അനുവദിച്ചു. ചാവക്കാട്ടെ സ്വകാര്യ കമ്പനിയുമായുള്ള കരാർ അഞ്ചുവർഷത്തെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ളതാണ്. കെ.എസ്.ആർ.ടി.സി.യിലേത് പൂർത്തിയാകുന്നതിന് പിന്നാലെ ശക്തനിലെ പണികളാരംഭിക്കും.

പോക്കറ്റടിക്കാരുൾപ്പെടെ അക്രമികളുടെ വിഹാരകേന്ദ്രമാണ് കെ.എസ്.ആർ.ടി.സി.യും പരിസരപ്രദേശങ്ങളും. ദീർഘദൂരയാത്രക്കാരുൾപ്പെടെ പോക്കറ്റടിക്ക് വിധേയരാകുന്ന സംഭവങ്ങൾ നിത്യേനെയെന്നോണം ഇവിടെ നടക്കുന്നത് പോലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. വെളിച്ചവും ക്യാമറയും എത്തിയതോടെ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുമെന്നാണ് കെ.എസ്.ആർ.ടി.സി. അധികൃതരുടെയും പോലീസിന്റെയും പ്രതീക്ഷ.pudukad news puthukkad news

Post a Comment

0 Comments