ഗുരുഗ്രാമിലെത്തി തൃശൂർ പൊലീസ് പിടികൂടിയ ബിഹാറുകാരി മയക്കുമരുന്ന് മൊത്തക്കച്ചവടക്കാരിയെന്ന് അന്വേഷണ സംഘം.എംഡിഎംഎ മൊത്തക്കച്ചടക്കാരിയായ ബീഹാർ സ്വദേശി സീമ സിൻഹയാണ് ഗുരുഗ്രാമില്‍ നിന്ന് തൃശൂർ പൊലീസിന്റെ പിടിയിലായത്. 10 ദിവസത്തിനുള്ളില്‍ ഒരു കോടി രൂപയുടെ ഇടപാട് ഇവർ നടത്തിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഈ ഫെബ്രുവരിയില്‍ 47 ഗ്രാം എംഡിഎംഎയുമായി തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പിടിയിലായ ഫസല്‍ നിജിലിനെ പിന്തുടർന്നുള്ള അന്വേഷണമാണ് യുവതിയെ പിടികൂടുന്നതില്‍ നിർണ്ണായകമായത്.ഫസലിന് എംഡിഎംഎ നല്കിയ ഇടപാടുകാരൻ സീമ സിൻഹയില് നിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സീമ സിൻഹയുടെ പിന്നില്‍ വൻ സംഘമാണ് ഗുരുഗ്രാമില്‍ പ്രവർത്തിച്ചിരുന്നത്. ദിവസങ്ങള്‍ക്കിടെ സംഘം നടത്തിയത് കോടികളുടെ ഇടപാടുകള്‍ ആണെന്ന് പൊലീസ് പറഞ്ഞു. രണ്ട് മാസത്തോളം കാലം ഇവരെ ചുറ്റിപ്പറ്റി തൃശൂർ പൊലീസിന്റെ അന്വേഷണം നടന്നു.ഒടുവില്‍ ഗുരുഗ്രാമിലെ ആഫ്രിക്കൻ കോളനിയില്‍ നിന്നാണ് സീമ സിൻഹ പിടിയിലായത്. മിസോറാം വിലാസത്തില്‍ രജിസ്റ്റർ ചെയ്ത വ്യാജ സിം കാർഡുകള്‍ ഉള്‍പ്പടെ പൊലീസ് ഇവരില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. കോടികളുടെ ഇടപാടുകള്‍ നടത്തിയ ഇവർ പിടിയിലായതോടെ എംഡിഎംഎ വില്പന ശൃംഘലയിലെ കൂടുതല്‍ കണ്ണികളിലേക്കെത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്. മയക്കുമരുന്ന് കേരളത്തിലെത്തിക്കുന്ന സംഘത്തെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ