ചാലക്കുടിയിലെ ഷോപ്പിങ് കോംപ്ലക്‌സിലെ തീപിടുത്തത്തിൽ അഞ്ചു കോടി രൂപയുടെ നഷ്‌ടം. തിരക്കേറിയ നോര്‍ത്ത് ജങ്‌ഷനിലെ ഊക്കന്‍സ് ഗ്രൂപ്പിന്റെ ഉടമസ്‌ഥതയിലുള്ള ഊക്കന്‍സ് ഷോപ്പിങ് കോംപ്ലക്‌സിലാണ് ഇന്നലെ രാവിലെ എട്ടരയോടെ തീപടര്‍ന്നത്.രാവിലെയെത്തിയ ജീവനക്കാര്‍ സ്‌ഥാപനത്തിനകത്ത് കടന്നപ്പോള്‍ പുക ഉയരുന്നത് കണ്ടു. ഇതിനിടെ പെട്ടെന്ന് തീപടരുകയും ചെയ്‌തു. ഇവിടത്തെ പെയിന്റ് കടയിലും ഇതിനോട് ചേര്‍ന്നുള്ള ഗോഡൗണിലുമാണ് തീപിടിച്ചത്. മണിക്കൂറുകളോളം ഗോഡൗണ്‍ നിന്നുകത്തി. വന്‍ ശബ്‌ദത്തോടെയാണ് തീ ആളിക്കത്തിയത്. പെയിന്റ് ടിന്നുകള്‍ പൊട്ടിത്തെറിക്കുന്നത് തീയണയ്‌ക്കാനുള്ള ശ്രമങ്ങള്‍ക്കു തടസമായി.ചാലക്കുടിയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തി തീ അണയ്‌ക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലംകണ്ടില്ല. തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍നിന്നു കൂടുതല്‍ അഗ്നരക്ഷാസേനയെത്തി വെള്ളം പമ്പ് ചെയ്‌തെങ്കിലും തീയണയ്‌ക്കാനായില്ല. പെയിന്റിലുപയോഗിക്കുന്ന തിന്നറടക്കമുള്ളവയിലേക്ക് തീ പടര്‍ന്നതാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധിയായത്. ഒരു ഘട്ടത്തില്‍ ശമനത്തിലായ തീ പെട്ടെന്ന് വീണ്ടും ആളിപ്പടര്‍ന്നത് ആശങ്ക ഉയര്‍ത്തി. ബഹുനില കെട്ടിടങ്ങള്‍ക്കും ഉയരത്തില്‍ തീ ആളി പടര്‍ന്നുകൊണ്ടിരുന്നു. പെയിന്റ് ടിന്നുകള്‍ പൊട്ടിത്തെറിക്കുന്നത് ഗോഡൗണിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് തടസമായി. മഴ മാറി കാറ്റ് വീശിത്തുടങ്ങിയതോടെ തീ വീണ്ടും ആളിപ്പടര്‍ന്നു.വിവരമറിഞ്ഞെത്തിയ നാട്ടുകാരും ചുമട്ടുതൊഴിലാളികളും ഗോഡൗണില്‍ ശേഷിച്ച പെയിന്റ് ടിന്നുകള്‍ നീക്കം ചെയ്‌തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഗോഡൗണിനോടു ചേര്‍ന്ന് ഈ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന റെക്‌സിന്‍, ഫര്‍ണീച്ചര്‍ തുടങ്ങിയ സ്‌ഥാപനങ്ങളിലേക്കും തീ പടരാതിരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടു.മൂന്നു മണിക്കൂറോളം നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. എന്നാല്‍, ഇതിനുശേഷവും കറുത്ത പുക കുറെനേരം അന്തരീക്ഷത്തില്‍ ഉയര്‍ന്നു. അഗ്നിബാധയെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹനഗതാഗതവും നിരോധിച്ചു. ഉച്ചയോടെയാണ് സ്‌ഥിതിഗതികള്‍ ശാന്തമായത്. ഗോഡൗണും പെയിന്റ് കടയും പൂര്‍ണമായും അഗ്നിക്കിരയായി. അഞ്ച് കോടിയുടെ നഷ്‌ടം വന്നതായാണ് പ്രാഥമിക നിഗമനം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ