വീടിൻറെ പൂട്ട് തകർത്ത് അകത്തുകയറി ഉരുളിയും മറ്റു പാത്രങ്ങളും മോഷ്ടിച്ച തമിഴ്നാട് സ്വദേശികളായ രണ്ടു യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ മീന, നാഗമ്മ എന്നിവരാണ് പിടിയിലായത്. 17ന് ഉച്ചയ്ക്ക് ഒന്നിന് ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശി കൂട്ടുമാകാക്കൽ അജയകുമാറിന്റെ വീട്ടിലാണ് പ്രതികൾ മോഷണം നടത്തിയത്. പുറത്തുപോയ അജയകുമാർ വീട്ടിലെത്തിയ സമയത്ത് വാതിൽ തുറന്നു കിടക്കുന്നത് കണ്ടു നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി മനസ്സിലായത്. വിവരം അയൽവാസികളെ അറിയിച്ചപ്പോൾ രണ്ട് തമിഴ് സ്ത്രീകൾ അതുവഴി കടന്നു പോയതായി അറിഞ്ഞു. ഇതിനിടയിൽ ചാക്ക് കെട്ടുമായി നടന്നു പോകുന്ന സ്ത്രീകളെ കണ്ടു സംശയം തോന്നിയ നാട്ടുകാർ മാപ്രാണം വർണ്ണ തീയേറ്ററിന് സമീപത്ത് തടഞ്ഞു വച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ ഇവരുടെ കൈവശമുണ്ടായിരുന്ന ചാക്കിൽ നിന്ന് മോഷണം മുതലുകൾ കണ്ടെടുത്തു.എസ്എച്ച്ഒ എം.എസ്.ഷാജൻ, എസ്ഐ പി.ആർ. ദിനേശ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ