Pudukad News
Pudukad News

ജ്വല്ലറിയിൽ നിന്ന് 8 പവൻ്റെ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ


വ്യാജ പെയ്മെന്റ് ആപ്പ് വഴി പണം അയച്ചതായി സ്വർണ വ്യാപാരിയെ വിശ്വസിപ്പിച്ച ശേഷം ജ്വല്ലറിയിൽ നിന്നും 8 പവൻ്റെ സ്വർണാഭരണങ്ങളുമായി മുങ്ങിയ  കേസിലെ മുഖ്യപ്രതി പിടിയിൽ. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി കമറത്ത് മുട്ടം വീട്ടിൽ അഭിഷേകിനെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു തട്ടിപ്പ് കേസിൽ അറസ്റ്റിലായി തലശ്ശേരി സബ് ജയിലിൽ കഴിയുന്ന അഭിഷേകിനെ കയ്പമംഗലം പോലീസ് കസ്റ്റഡിയിൽ വാങ്ങിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.   ഈ കേസിലെ മറ്റൊരു പ്രതിയായ പേരാവൂർ സ്വദേശി അഷ്റഫിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 
ഇക്കഴിഞ്ഞ  ഫെബ്രുവരി പതിനെട്ടാം തിയ്യതിയാണ്  കേസിനാസ്പദമായ സംഭവം.  പെരിഞ്ഞനം സ്വദേശിയാണെന്നും ഗൾഫിൽ ബിസിനസ്സ് നടത്തുകയാണെന്നും പരിചയപ്പെടുത്തി മാലയും, വളയും, മോതിരവും അടക്കം 8 പവന്റെ ആഭരണങ്ങളാണ് അഭിഷേക് വാങ്ങിയത്. മണിക്കൂറുകളോളം കടയിൽ തങ്ങിയ അഭിഷേക് ബിൽ തുക കടയുടമയുടെ അക്കൗണ്ടിലേക്ക് നെറ്റ് ബാങ്കിങ് വഴി അയക്കുകയാണെന്ന് തെറ്റി ധരിപ്പിച്ച് ഇതിന്റെ റസീത് സ്വന്തം മൊബൈലിൽ കാണിച്ച്, ഉടമയുടെ അക്കൗണ്ടിൽ പണമെത്താൻ കുറച്ച് സമയമെടുക്കുമെന്നും പറഞ്ഞു. ഇത് വിശ്വസിച്ച ഉടമ ആഭരണങ്ങളുമായി പോകാനനുവധിച്ചു. ഒരു മണിക്കൂറു കഴിഞ്ഞും അക്കൗണ്ടിൽ പണമെത്താതായതോടെ സ്വർണ വ്യാപാരി കയ്പമംഗലം പോലിസിൽ പരാതി നൽകുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും വാഹനവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്.
അഷ്റഫും അഭിഷേകും ഒന്നിച്ചാണ് തട്ടിപ്പിനായി കാർ വാടകയ്ക്കെടുത്ത് മൂന്നുപീടികയിലേക്ക് വന്നത്. അഷ്റഫ് തട്ടിപ്പിനു മുമ്പ് കാർ വിദഗ്ധമായി ഒരു സ്ഥലത്ത് ഒളിപ്പിച്ച ശേഷം അഭിഷേകിനെ തട്ടിപ്പിനായി പറഞ്ഞയക്കുകയും പിന്നീട് തട്ടിപ്പ് നടത്തിയ ശേഷം തിരിച്ച് വന്ന് രണ്ട് പേരും കാറിൽ രക്ഷപ്പെടുകയുമാണുണ്ടായത്. അഭിഷേകിന് ഫാറൂക്ക്, കണ്ണൂർ ടൗൺ, കോഴിക്കോട് കസബ,  പാനൂർ, മട്ടനൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി 5 തട്ടിപ്പ് കേസുകൾ നിലവിലുണ്ട്.
കയ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ.ബിജു, സബ് ഇൻസ്പെക്ടർ അഭിലാഷ്, സി.പി.ഒ സുനിൽ കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price