കുറുമാലിപ്പുഴയിലെ കുണ്ടുക്കടവിൽ പുഴയോരം വ്യാപകമായി ഇടിയുന്നു. പാലംപണിയുടെ ഭാഗമായി പുഴയില്‍ കൂട്ടിയിട്ട മണ്ണ് മാറ്റാത്തതിനാൽ പുഴ കരകവിഞ്ഞൊഴുകുന്നതാണ് പുഴയോരമിടിയാൽ കാരണം. രണ്ടുദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ പുഴയിലെ താൽക്കാലിക മൺചിറകൾ പൊട്ടിയതും പുഴയിൽ ജലനിരപ്പ് ഉയരാൻ കാരണമായി.
പുഴയാേരത്തെ കരിങ്കൽ കെട്ട് ഉൾപ്പെടെ സ്വകാര്യ വ്യക്തികളുടെ സ്ഥലവും പുഴയിലേക്ക് പതിക്കുമെന്ന നിലയിലാണ്. പുഴയുടെ വീതികുറഞ്ഞതോടെ 30 മീറ്ററുള്ള പുഴ 20 മീറ്ററായാണ് ഒഴുകുന്നത്. ഇതുമൂലം സമീപത്തെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്തിലൂടെ പുഴ ഗതിമാറി ഒഴുകുന്ന സ്ഥിതിയാണ്.
പാലം പണിക്കായി പുഴയിൽ കൂട്ടിയിട്ട മണ്ണ് മാറ്റാത്തതിനാൽ കാലവര്‍ഷം ശക്തിപ്രാപിച്ചാൽ പുഴയുടെ മേല്‍ഭാഗത്ത് കരയിടിയുന്നതിനും പ്രദേശത്തെ വീടുകളിലേക്ക് വെള്ളം കയറുന്നതിനും ഇടയുണ്ടെന്ന് കഴിഞ്ഞ ദിവസം മാതൃഭൂമി വാർത്ത നൽകിയിരുന്നു.
മഴ കനത്തിട്ടും പുഴയിലെ മണ്ണ് മന്ദഗതിയിലാണ് നീക്കം ചെയ്തിരുന്നത്. പാലത്തിന്റെ വടക്ക് പടിഞ്ഞാറു ഭാഗത്ത് കൂട്ടിയിട്ട മണ്ണാണ് ഇപ്പോള്‍ നീക്കുന്നത്. പാലത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് വലിയ തോതിൽ മണ്ണ് കൂട്ടിയിട്ടിട്ടുണ്ട്.
ഇപ്പോൾ പുഴയില്‍ കിടക്കുന്ന മണ്ണ് ടിപ്പറില്‍ കൊണ്ടുപോയി മറ്റൊരിടത്ത് നിക്ഷേപിക്കുകയാണ്. എന്നാല്‍ ഈ മണ്ണ് പാലത്തിൻ്റെ അപ്രോച്ച് റോഡിൻ്റെ പണിക്ക് ഉപയോഗിക്കാവുന്നതാണെന്ന് പരിഷത്ത് പ്രവർത്തകർ പറയുന്നു.
കാലാവസ്ഥാ വ്യതിയാനം മുന്നിൽ കണ്ട് ശാസ്ത്രീയമായുള്ള പാലം പണിയല്ല കുണ്ടുക്കടവിൽ നടക്കുന്നതെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ആരോപിച്ചു. ചെങ്ങാലൂർ കർഷക കൂട്ടായ്മ ചെയർമാൻ കെ.കെ. അനീഷ് കുമാർ, കൺവീനർ വി.എ. ലിൻ്റോ എന്നിവർ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ