ഗർഭാശയഗള കാൻസർ വാക്സിനേഷൻ പദ്ധതിയായ പ്രതീക്ഷക്ക് നെൻമണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ തുടക്കമായി


ഗർഭാശയഗള വാക്സിനേഷൻ പദ്ധതിയായ പ്രതീക്ഷക്ക് നെൻമണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ തുടക്കമായി.
പഞ്ചായത്ത് തലത്തിൽ സംസ്ഥാനത്ത് ആദ്യമായി ക്യാൻസർ പ്രതിരോധ ക്യാമ്പയിന് തുടക്കം കുറിക്കുന്ന പദ്ധതി കെ.കെ.രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ്.ബൈജു അധ്യക്ഷത വഹിച്ചു.
ക്യാൻസർ പ്രതിരോധരംഗത്ത് പ്രതീക്ഷയോടെ പ്രതീക്ഷ എന്ന പേരിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
9 വയസ്സു മുതൽ 26 വയസ്സുവരെയുള്ള പെൺകുട്ടികൾക്കും സ്ത്രീകൾക്കുമാണ് ഗർഭാശയഗള ക്യാൻസർ പ്രതിരോധത്തിനായി വാക്സിനേഷൻ ലക്ഷ്യമിടുന്നത്. അടുത്ത 5 വർഷത്തിനുള്ളിൽ  ഈ പ്രായപരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തിലെ എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കുമായി സമ്പൂർണ്ണ ഗർഭാശയഗള പ്രതിരോധ വാക്സിനേഷൻ ഉറപ്പുവരുത്താനാണ് പദ്ധതിയുടെ ഉദ്ദേശ്യം.
9 മുതൽ 13 വയസ്സു വരെയുള്ള പെൺകുട്ടികൾക്ക്
ആറുമാസം ഇടവിട്ട് രണ്ടുതവണയും 14 മുതൽ 26 വയസ്സ് വരെയുള്ളവർക്ക് ആറുമാസം ഇടവിട്ട് 3 തവണയും വാക്സിൻ നൽകും. ഗ്രാമപഞ്ചായത്തിന്റെ തനതുഫണ്ടിൽ നിന്നും 2.5 ലക്ഷം ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല മനോഹരൻ,
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജലക്ഷ്മി റെനീഷ്, ഡെപ്യൂട്ടി സിഎംഒ ഡോ. ജയന്തി, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.വി. ഷാജു, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.സി. മാറ്റ് ലി, ഹെൽത്ത് ഇൻസ്പെക്ടർ സാബിൻ, മറ്റത്തൂർ ഹെൽത്ത് സൂപ്രണ്ട് സഹദേവൻ, സിഡിഎസ് ചെയർ പേഴ്സൻ സിന്ധു സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. അശ്വിൻ പദ്ധതി വിശദീകരണം നടത്തി.

Post a Comment

0 Comments