ദേശീയപാതകളിലെ ടോള്‍ പിരിവ് അടുത്ത വർഷത്തോടെ പൂർണമായും ഇലക്‌ട്രോണിക് സംവിധാനത്തിലേക്ക് മാറുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയെ അറിയിച്ചു.നിലവില്‍ ടോള്‍ പ്ലാസകള്‍ വഴി നേരിട്ട് പണം ഈടാക്കുന്ന രീതിക്ക് പകരം, ഒരു വർഷത്തിനുള്ളില്‍ അത്യാധുനിക ഇലക്‌ട്രോണിക് ടോള്‍ സംവിധാനം നടപ്പിലാക്കുന്നതോടെ ദേശീയപാതകളിലൂടെ തടസ്സമില്ലാത്ത യാത്ര സാധ്യമാകും.
ടോള്‍ ബൂത്തുകളില്‍ വാഹനം നിർത്തി സമയമെടുത്ത് കടന്നുപോകുന്ന സാഹചര്യം ഇതോടെ ഒഴിവാകും. നിലവില്‍ 10 പ്രധാന ലൊക്കേഷനുകളില്‍ ഈ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. അടുത്ത 12 മാസത്തിനുള്ളില്‍ ഇത് രാജ്യവ്യാപകമായി വ്യാപിപ്പിക്കുമെന്നും ചോദ്യോത്തരവേളയില്‍ മന്ത്രി വ്യക്തമാക്കി.
‘മള്‍ട്ടി ലെയ്ൻ ഫ്രീ ഫ്ലോ’ (MLFF – Multi Lane Free Flow) എന്ന നൂതന ടോള്‍ കളക്ഷൻ മാതൃകയാണ് നടപ്പിലാക്കുന്നത്. വാഹനങ്ങള്‍ ടോള്‍ പ്ലാസയില്‍ എത്തുകയോ, വേഗത കുറയ്ക്കുകയോ, ലെയ്ൻ മാറാൻ ശ്രമിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. ഈ സംവിധാനത്തിന്റെ പ്രധാന ആകർഷണം ടോള്‍ പ്ലാസകള്‍ പൂർണമായും ഒഴിവാക്കാം എന്നതാണ്.
പുതിയ സംവിധാനത്തില്‍, നിർമിത ബുദ്ധി (AI) ഉപയോഗിച്ചുള്ള ഹൈടെക് ക്യാമറകള്‍ ഉപയോഗിച്ച് വാഹനങ്ങളുടെ നമ്ബർ പ്ലേറ്റുകള്‍ ഓട്ടോമാറ്റിക്കായി തിരിച്ചറിയും. തുടർന്ന് വാഹനത്തിന്റെ ഫാസ്ടാഗ് അക്കൗണ്ടില്‍ നിന്ന് ടോള്‍ തുക കൃത്യമായി പിൻവലിക്കപ്പെടും. ഈ ഇലക്‌ട്രോണിക് പരിഷ്കരണം ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ