Pudukad News
Pudukad News

പണയ സ്വര്‍ണം പണയംവെച്ച്‌ ലക്ഷങ്ങള്‍ തട്ടി; ഫിനാൻസ് ഉടമ അറസ്റ്റില്‍


പണയം വെച്ച 106 ഗ്രാം സ്വര്‍ണം തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മതിലകം കൂളിമുട്ടം എമ്മാട് സ്വദേശിയായ തൈക്കാട്ടില്‍ വീട്ടില്‍ സന്ദീപി (42) നെയാണ് തൃശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.വലപ്പാട് ചന്തപ്പടിയില്‍ 'ഗോള്‍ഡന്‍ മണി ഫിന്‍സെര്‍വ്' എന്ന സ്ഥാപനം നടത്തുയായിരുന്നു പ്രതി. കാഞ്ഞാണി വെങ്കിടങ്ങ് സ്വദേശിയായ പരാതിക്കാരിയുടെ 106 ഗ്രാം സ്വര്‍ണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. പരാതിക്കാരി പ്രതിയുടെ സ്ഥാപനത്തില്‍ ആകെ 136 ഗ്രാം സ്വര്‍ണം പണയം വെച്ചിരുന്നു. ഈ സമയം, പ്രതിയുടെ സ്ഥാപനത്തില്‍ ഫീല്‍ഡ് സ്റ്റാഫായി ജോലി നല്‍കാമെന്ന് പറഞ്ഞ് പരാതിക്കാരിയില്‍നിന്ന് ഫോട്ടോയും ഐ.ഡി. കാര്‍ഡും പ്രതി കൈക്കലാക്കി. ഈ രേഖകള്‍ ദുരുപയോഗം ചെയ്ത് പരാതിക്കാരി അറിയാതെ കുഴിക്കാട്ടുശേരിയിലുള്ള മറ്റൊരു ബാങ്കില്‍ അവരുടെ പേരില്‍ വ്യാജമായി ബാങ്ക് അക്കൗണ്ട് തുടങ്ങുകയും, പരാതിക്കാരി പണയം വെച്ച 136 ഗ്രാം സ്വര്‍ണം ഈ ബാങ്കില്‍ വീണ്ടും പണയം വെയ്ക്കുകയുമായിരുന്നു.

കുഴിക്കാട്ടുശേരിയിലുള്ള ബാങ്കില്‍നിന്ന് ചെക്ക് ബുക്കും സ്വര്‍ണം പണയം വെച്ചതിന്റെ നോട്ടീസും ലഭിച്ചപ്പോഴാണ് തന്റെ പേരില്‍ അക്കൗണ്ട് തുടങ്ങിയതും സ്വര്‍ണം പണയം വെച്ചതും പരാതിക്കാരി അറിയുന്നത്. തുടര്‍ന്ന് ബാങ്കില്‍ പോയി അന്വേഷിച്ചപ്പോള്‍ പരാതിക്കാരിക്ക് 30 ഗ്രാം സ്വര്‍ണം മാത്രമാണ് തിരികെ ലഭിച്ചത്. ബാക്കിയുള്ള 106 ഗ്രാം സ്വര്‍ണം പ്രതി തിരികെ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. ആളൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.ഐ. കെ.ടി. ബെന്നി, ജി.എസ്.ഐ. ജെയ്‌സണ്‍, സി.പി.ഒ. വൈശാഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price