പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വീട്ടിലേക്ക് വേഗം വരണമെന്ന് പെണ്‍കുട്ടി. പാഞ്ഞെത്തിയ പോലീസ് ഷാളില്‍ തൂങ്ങി നിന്ന യുവതിയെ താഴെയിറക്കി ആശുപത്രിയിലെത്തിച്ചു.'സാർ, ഒന്നു വേഗം വീട്ടിലേക്ക് വരണം, എന്റെ അമ്മ എന്തോ വിഷമത്തോടെ മുറിയില്‍ കടന്നു വാതിലടച്ചു. തുറക്കുന്നില്ല, എന്തെങ്കിലും ചെയ്യുമെന്നു തോന്നുന്നു. വേഗം വരണം' എന്നാണ് വെള്ളിയാഴ്ച രാവിലെ വിയ്യൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പെണ്‍കുട്ടി പറഞ്ഞത്.
സ്റ്റേഷനില്‍ പരേഡിന് തയാറാകുകയായിരുന്ന പൊലീസുകാർ ഉടൻ പെരിങ്ങാവിലെ വീട്ടിലേക്ക് ജീപ്പില്‍ പാഞ്ഞു. യാത്രക്കിടയില്‍ അവർ പെണ്‍കുട്ടിയോട് കൃത്യമായ ലൊക്കേഷൻ ചോദിച്ച് മനസ്സിലാക്കുകയും സമാധാനിപ്പിക്കുകയും ചെയ്തു. വീട്ടിലെത്തിയപ്പോള്‍ പ്രായമായ അച്ഛനും അമ്മയും കുട്ടിയുമാണുള്ളത്. കുട്ടി മുറിയുടെ വാതിലില്‍ മുട്ടി നിന്ന് കരയുന്നുണ്ട്. പൊലീസുകാർ ഉടൻ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വാതില്‍ തകർത്ത് മുറിയിലേക്കു കയറി. ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു മുറിയില്‍.
ഫാനില്‍ തൂങ്ങിമരിക്കാൻ ശ്രമിച്ച സ്ത്രീയെയാണ് കണ്ടത്. സബ് ഇൻസ്പെക്ടർ ജിനു കുമാറും സീനിയർ സിവില്‍ പൊലീസ് ഓഫിസർ നിഷിയും ചേർന്ന് സ്ത്രീയെ ഉയർത്തിപ്പിടിച്ചു. അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ എ.വി. സജീവ് ഷാള്‍ മുറിച്ച് താഴെയിറക്കി. ഉടൻ പൊലീസ് ജീപ്പില്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
മൂന്നു മണിക്കൂറിനുശേഷം അപകടനില തരണം ചെയ്തു. തക്കസമയത്ത് ആശുപത്രിയില്‍ എത്തിക്കാൻ സാധിച്ചതിനാലാണ് രക്ഷിക്കാനായതെന്ന് ഡോക്ടർമാർ പറഞ്ഞു. കുടുംബപ്രശ്നമാണ് സ്ത്രീയെ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന. ആത്മഹത്യാപ്രവണതയുള്ളവർ ദിശ ഹെല്‍പ് ലൈനിലോ (1056), ടെലി മനസ്സ് ഹെല്‍പ് ലൈനിലോ (14416) ബന്ധപ്പെടണമെന്ന് പൊലീസ് നിർദേശിച്ചു.
👍🏻🙌🏻
മറുപടിഇല്ലാതാക്കൂ