തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള അനധികൃത പോസ്റ്ററുകള്‍, ബാനറുകള്‍, കൊടികള്‍ എന്നിവ നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു.ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അനധികൃത പ്രചാരണ സാമഗ്രികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നീക്കം ചെയ്യാൻ കോടതി നിർദ്ദേശിച്ചട്ടുണ്ട്. ഇവ സ്ഥാപിക്കുന്നതിന് ഉത്തരവാദികളായവരില്‍ നിന്ന് പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള കർശന നടപടികള്‍ സ്വീകരിക്കാനും കോടതി ഉത്തരവില്‍ പറയുന്നു.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർക്കുമാണ് ഹൈക്കോടതി ഈ നിർദ്ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ സമാനമായ ഒരു ഉത്തരവില്‍, അനധികൃത ബോർഡുകളും ഫ്ലെക്സുകളും നീക്കം ചെയ്തില്ലെങ്കില്‍ തദ്ദേശ വകുപ്പ് സെക്രട്ടറിമാർക്കായിരിക്കും ഉത്തരവാദിത്തം എന്നും കോടതി പ്രത്യേകം വ്യക്തമാക്കിയിരുന്നു. അനധികൃത ബോർഡുകളും ഫ്ലെക്സുകളും നീക്കം ചെയ്യാൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാർ തദ്ദേശ വകുപ്പ് സെക്രട്ടറിമാർക്ക് നിർദ്ദേശം നല്‍കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.അനധികൃത ബോർഡുകള്‍ സംബന്ധിച്ച കോടതിയുടെ നിർദ്ദേശങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നും കമ്മീഷൻ കോടതിയെ ബോധിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് അനധികൃതമായി ബോർഡുകളും മറ്റും സ്ഥാപിക്കുന്നതിനെതിരെ നല്കിയ ഹർജിയിലാണ് കോടതിയുടെ സുപ്രധാന ഇടപെടല്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ