ഡിജിറ്റല്‍ തട്ടിപ്പിലൂടെ 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. ഹരിയാന ഫരിദാബാദ് സ്വദേശി ലക്ഷ്മിയെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഹരിയാനയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.കൊടുങ്ങല്ലൂര്‍ മേത്തല കോട്ടപ്പുറം സ്വദേശി കരിയപറമമ്പിൽ വീട്ടില്‍ തോമസ് ലാലിന്റെ മൊബൈല്‍ ഫോണിലേക്ക് വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത സമയം ഫോണില്‍ ആര്‍.ടി.ഒ. ചലാന്‍ എന്ന എ.പി.കെ. ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്തതു വഴിയാണ് പണം നഷ്ടപ്പെട്ടത്. തോമസ് ലാലന്റെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്ന ഒമ്ബത് ലക്ഷത്തി തൊണ്ണൂറായിരം രൂപ പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിനാണ് അറസ്റ്റ്. ബിസിനസ് സംബന്ധമായ ആവശ്യത്തിനായി പണം എടുക്കുന്നതിനായി ബാങ്കില്‍ ചെന്നപ്പോള്‍ ബാങ്ക് മാനേജര്‍ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടില്‍നിന്നും 2025 സെപ്റ്റംബര്‍ 29ന് മൂന്ന് തവണകളായി ഒമ്ബത് ലക്ഷത്തി തൊണ്ണൂറായിരം രൂപ ഓണ്‍ലൈന്‍ ആയി ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടതായി അറിഞ്ഞത്.ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലെ ജില്ലാ പൊലീസ് ആസ്ഥാനത്തുള്ള തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി ഫോണ്‍ പരിശോധിച്ചു. ഫോണില്‍ വന്ന ഏതോ ലിങ്കില്‍ ക്ലിക്ക് ചെയ്തതിനെ തുടര്‍ന്ന് ഫോണില്‍ ആര്‍.ടി.ഒ. ചലാന്‍ എന്ന എ.പി.കെ. ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിരുന്നെന്നും അതുവഴി ഫോണ്‍ ഹാക്ക് ചെയ്ത് അക്കൗണ്ടില്‍ നിന്നും പണം ട്രാന്‍സ്ഫര്‍ ചെയ്തതെന്നും അറിഞ്ഞത്. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തത് പ്രകാരം കേസെടുക്കുകയായിരുന്നു.പ്രതിയെ പിടികൂടുന്നതിനായി തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി. പിന്നീട് പരാതിക്കാരനില്‍ നിന്നും നഷ്ടപ്പെട്ട പണം പോയിരിക്കുന്നത് ഹരിയാനയിലുള്ള ഒരു ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം ഹരിയാനയില്‍ ചെന്ന് അന്വേഷണം നടത്തി. പണം ക്രെഡിറ്റ് ആയ അക്കൗണ്ട് വ്യാജമായ വിലാസത്തിലെടുത്താണെന്ന് മനസിലാക്കി ഹരിയാനയില്‍ തങ്ങി ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് സംഘം ബാങ്ക് അക്കൗണ്ട് ഉടമയെ കണ്ടെത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയെ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ