ബാറില്‍ പുറത്തുനിന്നും മദ്യംകൊണ്ടുവന്ന് അനധികൃത മദ്യവില്പന നടത്തിയത് മാനേജരെ അറിയിച്ചതിലുള്ള വിരോധത്തില്‍ ബാറിലെ ജീവനക്കാരനെ തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തില്‍ മൂന്നു പ്രതികളെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു.ഇടുക്കി കട്ടപ്പന വെള്ളയാംകുടി വാഴയില്‍ വീട്ടില്‍ ജെയ്‌സ് ആന്‍റണി, അമ്പഴക്കാട് പള്ളിപ്പാട്ട് വീട്ടില്‍ സിജോ ജോസ്, കോഴിക്കോട് പെരുവണ്ണാമുഴി പേരാമ്പ്ര പടത്താനത്ത് രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ബാറിലെ ബാർമാനായി ജോലി ചെയ്തുവരുന്ന മൂവാറ്റുപുഴ ഈസ്റ്റ് മാറാടി പൊൻവേലി കിഴക്കേതില്‍ വീട്ടില്‍ ഷാജിക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.ചാലക്കുടി ബാറിലെ ജീവനക്കാരായിരുന്ന പ്രതികള്‍ അനധികൃതമായി പുറത്തുനിന്നും മദ്യം കൊണ്ടുവന്ന് ബാറിനുള്ളില്‍ വില്‍ക്കാൻ ശ്രമിച്ചതിനെതുടർന്ന് കഴിഞ്ഞ 14ന് ഇവരെ ജോലിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു.മദ്യവില്‍പന നടത്തിയ കാര്യം മാനേജരെ അറിയിച്ചത് ഷാജിയാണെന്ന് ആരോപിച്ചാണ് പ്രതികള്‍ വെളുപ്പിന് ജോലികഴിഞ്ഞ് വീട്ടിലേക്കു പോകാനായി ഇറങ്ങിയ ഷാജിയെ ബാറിലേക്കുള്ള റോഡില്‍വച്ച് തടഞ്ഞുനിർത്തി മർദിച്ചത്. പരിക്കേറ്റ ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ