Pudukad News
Pudukad News

സ്വര്‍ണം, കുങ്കുമപ്പൂവ്, ഉരുളി, മഞ്ചാടിക്കുരു, ഒന്നും കാണാനില്ല; ഗുരുവായൂര്‍ ക്ഷേത്രത്തിൽ ഗുരുതര വീഴ്ചയെന്ന് ഓ‍ഡിറ്റ് റിപ്പോര്‍ട്ട്


ഗുരുവായൂർ ക്ഷേത്രത്തില്‍ സ്വർണം ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ കൈകാര്യം ചെയ്തതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്‍റെ റിപ്പോർട്ട്.എസ്ബിഐ ഗോള്‍ഡ് ഡെപ്പോസിറ്റ് സ്കീമില്‍ നിക്ഷേപിച്ച സ്വർണ്ണം യഥാസമയം പുതുക്കി വെയ്ക്കാത്തതിനാല്‍ 79 ലക്ഷം രൂപ നഷ്ടം വന്നതായും റിപ്പോർട്ട് . ഭക്തർ നല്‍കിയ ചാക്ക് കണക്കിന് മഞ്ചാടിക്കുരു കാണാതായി, കുങ്കുമപ്പൂവ് രേഖകളില്‍ കൊള്ളിച്ചില്ല തുടങ്ങിയ കാര്യങ്ങളും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാണിച്ച ന്യൂനതകള്‍ പരിഹരിച്ചിരുന്നുവെന്നും ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ടെന്നും ഗുരുവായൂർ ദേവസ്വം പ്രതികരിച്ചു. 2019 മുതല്‍ 22 വരെയുള്ള കാലത്തെ ഓഡിറ്റ് റിപ്പോർട്ട് ആണ് പുറത്തുവന്നത്. നടപടികളിലെ പിഴവാണ് റിപ്പോർട്ടില്‍ ഉടനീളം ചൂണ്ടിക്കാട്ടുന്നത്. ക്ഷേത്രത്തില്‍ ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ അക്കൗണ്ട് ചെയ്യുന്നില്ല. പാലക്കാട് സ്വദേശി 2002ല്‍ ക്ഷേത്രത്തില്‍ നല്‍കിയ 2000 കിലോ തൂക്കം വരുന്ന 15 ലക്ഷം രൂപ വിലയുള്ള ഉരുളി എവിടെയും കണക്കില്‍ ചേർത്തിട്ടില്ല.1,47000 രൂപയ്ക്കാണ് ദില്ലിയില്‍ നിന്ന് കുങ്കുമപ്പൂവ് ക്ഷേത്രത്തിലേക്ക് വാങ്ങുന്നത്. എന്നാല്‍, ഭക്തർ ക്ഷേത്രത്തിലേക്ക് നല്‍കുന്ന കുങ്കുമപ്പൂവിന് രസീത് നല്‍കുന്നില്ല. അതുകൊണ്ടുതന്നെ മുഴുവൻ സാധനവും അക്കൗണ്ട് ചെയ്യപ്പെട്ടുവെന്ന് ഉറപ്പിക്കാനാവുന്നില്ല. ക്ഷേത്രത്തില്‍നിന്ന് ഉപയോഗം അല്ലാത്ത സാധനങ്ങള്‍ തിരിച്ചേല്‍പ്പിച്ചതിനും കുറവ് വന്നിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2650 ഗ്രാം വെള്ളി ഉരുപ്പടി തിരിച്ചേല്‍പ്പിച്ചപ്പോള്‍ 750 ഗ്രാം മാത്രമായി. 2020 ജൂലൈ 15ന് എസ്ബിഐ ഗോള്‍ഡ് ഡെപ്പോസിറ്റ് സ്കീമില്‍ നിക്ഷേപ കാലാവധി പൂർത്തിയായ സ്വർണം പുതുക്കി വെയ്ക്കാത്തതുകൊണ്ട് 79 ലക്ഷം രൂപയുടെ നഷ്ടം ദേവസ്വത്തിന് ഉണ്ടായി. ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ ഗോപുരത്തില്‍ സൂക്ഷിച്ചിരുന്ന 17 ചാക്കുകളിലായുള്ള മഞ്ചാടിക്കുരു കാണാനില്ലെന്നും റിപ്പോർട്ടിലുണ്ട്. ഗോപുരത്തില്‍ നിന്ന് ദേവസ്വത്തിലെ ജീവനക്കാർ വൈജയന്തി ഗോഡൗണിലേക്ക് മാറ്റിയതായി ഓഡിറ്ററെ അറിയിച്ചിട്ടുണ്ട് . പിന്നീട് എന്തു സംഭവിച്ചു എന്ന് വ്യക്തമല്ലെന്നും ഓഡിറ്റ് റിപ്പോർട്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price