ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ എടവിലങ്ങ് സ്വദേശിയിൽ നിന്ന് 33 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. കൊല്ലം ഏഴുകോൺ ഇരുമ്പനങ്ങാട് സ്വദേശി തയ്യിൽ വീട്ടിൽ മുരുകദാസിനെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത പണത്തിൽ നിന്ന് രണ്ടര ലക്ഷം രൂപ മുരുകദാസ് കമ്മീഷൻ വാങ്ങി എന്ന് വ്യക്തമായതോടെയാണ് പ്രതിചേർത്തത്. കേസിൽ നേരത്തെ കൊല്ലം അഞ്ചാലുമൂട് സ്വദേശി ശ്രീകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ശ്രീകുമാറിന്റെ ബാങ്ക് അക്കൗണ്ട് വഴി സൈബർ സാമ്പത്തിക തട്ടിപ്പുകളിൽ ഉൾപ്പെട്ട പണമിടപാടുകൾ നടത്തിയതിന് 34 പരാതികൾ ഉള്ളതായി പോലീസ് പറഞ്ഞു. ശ്രീകുമാറിന്റെ കൊൽക്കത്തയിലെ അക്കൗണ്ട് തുടങ്ങുന്നതിന് മുരുകദാസ് സഹായം നൽകി. ജില്ലാ റൂറൽ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്ഐമാരായ സി.പി. ജിജേഷ്, പി.എഫ്. തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ