യുവ ഡോക്‌ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ റാപ്പർ വേടൻ എന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.കാക്കനാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് വേടനെതിരെ തെളിവുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.വേടൻ നല്‍കിയ മൊഴിയിലും യുവതിയുമായുള്ള ബന്ധം നിഷേധിച്ചിട്ടില്ല. എന്നാല്‍, വിവാഹ വാഗ്ദാനം നല്‍കിയിട്ടില്ലെന്നാണ് വേടന്റെ വാദം. ഇതും കുറ്റപത്രത്തിനൊപ്പം വേടന്റെ മൊഴിയായി ചേർത്തിട്ടുണ്ട്. എന്നാല്‍, മൊഴി ഇതാണെങ്കിലും ബലാത്സംഗക്കുറ്റം നിലനില്‍ക്കും എന്നതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മുന്നോട്ട് പോകുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പ് പ്രകാരമാണ് വേടനെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ പീഡനം നടന്നുവെന്നാണ് പരാതി. വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനമാണ് നടന്നതെന്ന പരാതിക്കാരിയുടെ ഉറച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ കുറ്റപത്രം. വേടനെ പ്രോസിക്യൂട്ട് ചെയ്യാൻ ആവശ്യമായ എല്ലാ തെളിവുകളും ഉണ്ടെന്നാണ് പൊലീസിന്റെ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇനി ഇത് വിചാരണയ്‌ക്കായി സെഷൻസ് കോടതിയിലേക്ക് കൈമാറും. കഞ്ചാവ് കേസിലും വേടനെതിരെ കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ