ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ. നിലവില്‍ മഹാരാഷ്ട്ര ഗവർണറാണ് സി പി രാധാകൃഷണ്ൻ.ആകെ പോള്‍ ചെയ്ത 767 വോട്ടുകളില്‍ 452 വോട്ടുകള്‍ നേടിയാണ് സി പി രാധാകൃഷ്ണൻ്റെ വിജയം. 152 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് സി പി രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇൻഡ്യാ മുന്നണി സ്ഥാനാർത്ഥി ബി സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകള്‍ നേടി. 15 വോട്ടുകള്‍ അസാധുവായി. പ്രതിപക്ഷ മുന്നണിയ്ക്ക് ലഭിക്കേണ്ടിയിരുന്ന 24 വോട്ടുകള്‍ സി പി രാധാകൃഷ്ണന് അധികമായി ലഭിച്ചിട്ടുണ്ട്. ആർഎസ്എസിൻ്റെ വളരെ പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളാണ് സി പി രാധാകൃഷ്ണൻ എന്നതും ശ്രദ്ധയമാണ്. ആർഎസ്എസിലൂടെ വന്ന നേതാവിനെ തന്നെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് നിയോഗിക്കുക എന്ന രാഷ്ട്രീയ തീരുമാനം കൂടിയാണ് ഇതിലൂടെ ബിജെപി നടപ്പിലാക്കിയിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. പാർലമെൻ്റിൻ്റെ ഇരുസഭകളിലെയും എം പിമാർ ചേർന്ന് രഹസ്യബാലറ്റിലൂടെയാണ് രാധാകൃഷ്ണനെ തെരഞ്ഞെടുത്തത്. ബിആർഎസ്, ബിജെഡി, അകാലി ദള്‍ എന്നീ പാർട്ടികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകർ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് അപ്രതീക്ഷിതമായി രാജി സമർപ്പിച്ചതോടെയാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് അനിവാര്യമായത്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ ജൂലൈ 21നായിരുന്നു ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാജി. ഇതിന് പിന്നാലെയാണ് സി പി രാധാകൃഷ്ണനെ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന ബിജെപി പാർലമെന്ററി ബോർഡാണ് രാധാകൃഷ്ണനെ എൻഡിഎയുടെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത്. ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയായിരുന്നു സി പി രാധാകൃഷ്ണൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.1998-ല്‍ കോയമ്ബത്തൂരില്‍ നിന്ന് ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാധാകൃഷ്ണൻ്റെ പാർലമെൻ്ററി ജീവിതം ആരംഭിക്കുന്നത്. 1999-ല്‍ അദ്ദേഹം വീണ്ടും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എംപിയായിരുന്ന കാലത്ത്, ടെക്സ്റ്റൈല്‍സിനായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായുള്ള പാർലമെൻ്ററി കമ്മിറ്റി (പിഎസ്യു)യിലും ധനകാര്യത്തിനായുള്ള കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു. സ്റ്റോക്ക് എക്സ്ചേഞ്ച് കുംഭകോണം അന്വേഷിക്കുന്ന പാർലമെൻ്ററി സ്പെഷ്യല്‍ കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു.2016ല്‍ രാധാകൃഷ്ണനെ കയർ ബോർഡിന്റെ ചെയർമാനായി നിയമിച്ചിരുന്നു. നാല് വർഷം അദ്ദേഹം ആ പദവിയില്‍ തുടർന്നു. ഇക്കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള കയർ കയറ്റുമതി എക്കാലത്തെയും ഉയർന്ന നിരക്കായ 2532 കോടി രൂപയിലെത്തിയത് ശ്രദ്ധേയമായിരുന്നു. 2023 ഫെബ്രുവരി 18-ന് ശ്രീ രാധാകൃഷ്ണൻ ജാർഖണ്ഡ് ഗവർണറായി നിയമിതനായി. ജാർഖണ്ഡ് ഗവർണറായിരിക്കെ തെലങ്കാന ഗവർണറുടെ ചുമതലകള്‍ നിർവഹിക്കുന്നതിനും പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവർണറായും രാധാകൃഷ്ണൻ നിയോഗിതനായിരുന്നു. പിന്നീട് 2024 ജൂലൈ 31 ന് മഹാരാഷ്ട്ര ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു.
ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദം നേടിയ രാധാകൃഷ്ണൻ ഒരു മികച്ച കായികതാരവുമായിരുന്നു. ടേബിള്‍ ടെന്നീസില്‍ കോളേജ് ചാമ്ബ്യനും ദീർഘദൂര ഓട്ടക്കാരനുമായിരുന്നു. അമേരിക്ക, യുകെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ, പോർച്ചുഗല്‍, നോർവേ, ഡെൻമാർക്ക്, സ്വീഡൻ, ഫിൻലാൻഡ്, ബെല്‍ജിയം, ഹോളണ്ട്, തുർക്കി, ചൈന, മലേഷ്യ, സിംഗപ്പൂർ, തായ്വാൻ, തായ്ലൻഡ്, ഈജിപ്ത്, യുഎഇ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങള്‍ രാധാകൃഷ്ണൻ സഞ്ചരിച്ചിട്ടുണ്ട്. പാർലമെൻ്ററി പ്രതിനിധി സംഘത്തിൻ്റെ ഭാഗമായി ശ്രീ രാധാകൃഷ്ണൻ യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്തിരുന്നു. തായ്വാനിലേക്കുള്ള ആദ്യ പാർലമെന്ററി പ്രതിനിധി സംഘത്തിലും അദ്ദേഹം അംഗമായിരുന്നു.ജസ്റ്റിസ് ബി സുദർശൻ റെഡ്ഡിയെയായിരുന്നു ഇൻഡ്യ മുന്നണി ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മത്സരിപ്പിച്ചത്. തെലങ്കാന സ്വദേശിയും സുപ്രീംകോടതി മുൻ ജഡ്ജിയായ സുദർശൻ റെഡ്ഡി ഗോവയുടെ ആദ്യ ലോകായുക്ത കൂടിയാണ്. ആന്ധ്രപ്രദേശ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ച സുദർശൻ റെഡ്ഡി 1988ല്‍ ഹൈക്കോടതിയില്‍ സർക്കാർ പ്ലീഡറായും പിന്നീട് കേന്ദ്ര സർക്കാരിന്റെ അഡീഷണല്‍ സ്റ്റാൻഡിംഗ് കൗണ്‍സിലായും നിയമിക്കപ്പെട്ടു. 1993ല്‍ ആന്ധ്രപ്രദേശ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജായി ചുമതലയേറ്റെടുത്തു. 2005ല്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായ സുദർശൻ റെഡ്ഡി 2007ലാണ് സുപ്രീംകോടതി അഡീഷണല്‍ ജഡ്ജായി ചുമതലയേറ്റത്. 2011ല്‍ വിരമിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ