യുവതലമുറയ്ക്ക് വിവാഹപൂർവ ബോധവത്കരണം അനിവാര്യമാണെന്ന് വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ അഭിപ്രായപ്പെട്ടു.തൃശ്ശൂർ ടൗണ്‍ഹാളില്‍ നടന്ന വനിതാ കമ്മീഷൻ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു അവർ. സ്ത്രീധന നിരോധന നിയമം കർശനമായി നിലനില്‍ക്കുന്നുണ്ടെങ്കിലും സ്ത്രീധന പ്രശ്നങ്ങള്‍ സംബന്ധമായി ലഭിക്കുന്ന പരാതികള്‍ കുറയുന്നില്ല. സ്ത്രീധനത്തെ സമ്മാനമായി നിർവചിച്ച് സമൂഹത്തില്‍ ഇന്നും സ്ത്രീധനം നല്‍കിവരുന്നു. ഈ പ്രവണതയില്‍ നിന്നും മാറ്റം വരുത്തുന്നതിനും വിവാഹ ജീവിതം ദുരിത പൂർണ്ണമാവേണ്ടതല്ലെന്ന് യുവതലമുറയെ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും വനിതാ കമ്മീഷൻ അംഗം പറഞ്ഞു.വനിതാ കമ്മീഷൻ സിറ്റിംഗില്‍ ലഭിച്ച 69 പരാതികളില്‍ 22 എണ്ണം തീർപ്പാക്കി. നാലു പരാതികള്‍ പോലീസ് റിപ്പോർട്ടിനായി കൈമാറി. 43 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായി മാറ്റിവച്ചു. ഗാർഹിക പീഡനം, സ്ത്രീധനം, വസ്തുതർക്കം, പോലുള്ള പരാതികളാണ് ഏറെയും. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പീഡന പരാതികള്‍ വർധിച്ചുവരുന്നു. ഇത്തരം പരാതികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാൻ അഭ്യന്തര കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടെങ്കിലും ശരിയായ രീതിയില്‍ പ്രവർത്തിക്കാത്ത പ്രവണതയാണ് ഉള്ളതെന്നും, പോഷ് നിയമത്തെകുറിച്ച് കൃത്യമായി ബോധവത്കരണം നടത്തണമെന്നും പരാതികള്‍ പരിഗണിച്ചുകൊണ്ട് വനിതാ കമ്മീഷൻ അംഗം പറഞ്ഞു.വനിത കമ്മീഷൻ അഡ്വക്കേറ്റ് പാനല്‍ അംഗങ്ങളായ അഡ്വ. സജിത അനില്‍, അഡ്വ. വിനോദ് , കൗണ്‍സിലർ മാലാ രമണൻ തുടങ്ങിയവർ അദാലത്തിന് നേതൃത്വം നല്‍കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ