Pudukad News
Pudukad News

തൃശൂരിലെ വോട്ട് വിവാദം; തദ്ദേശ പട്ടിക തയ്യാറാക്കലില്‍ അതീവ ജാഗ്രത, ലക്ഷ്യം കൃത്യമായ ശുദ്ധീകരണം


വോട്ട് ചേർക്കല്‍ വിവാദത്തിനു പിന്നാലെ തൃശ്ശൂർ ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പട്ടിക തയ്യാറാക്കലില്‍ ജാഗ്രതയോടെ മുന്നണികള്‍.ഒരാളെപ്പോലും വിടാതെ പട്ടികയില്‍ ചേർക്കല്‍, സൂക്ഷ്മപരിശോധന നടത്തി ഒഴിവാക്കേണ്ടവരെ ഒഴിവാക്കല്‍ തുടങ്ങിയവയ്ക്കാണ് മുൻതൂക്കം നല്‍കുന്നത്. സമീപകാലത്തൊന്നും നടന്നിട്ടില്ലാത്തവിധം കൃത്യമായ ശുദ്ധീകരണം നടത്താനാണ് രാഷ്ട്രീയപാർട്ടികളുടെ നീക്കം.തദ്ദേശ തിരഞ്ഞെടുപ്പിന്റെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം തൃശ്ശൂർ ജില്ലയില്‍ പുതുതായി പേരുചേർക്കാൻ 3,16,437 പേർ ഓണ്‍ലൈനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് 12 വരെയുള്ള കണക്കാണിത്.ഒരു വാർഡില്‍നിന്ന് മറ്റൊരിടത്തേക്ക് പേരുമാറ്റത്തിന് 14,339 അപേക്ഷകളും വോട്ടർപട്ടികയില്‍നിന്ന് ഒഴിവാക്കുന്നതിന് 67,351 അപേക്ഷകളുമാണ് ഓണ്‍ലൈനായി സമർപ്പിച്ചിട്ടുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ കരട് വോട്ടർപട്ടിക ജൂലായ് 23-ന് വന്നതിനുശേഷമാണ് പുതിയ അപേക്ഷകരുടെ ഒഴുക്ക്.

വോട്ട് വിവാദത്തെത്തുടർന്ന് പുറത്തുവന്ന വിവരങ്ങളാണ് മുന്നണികളെ പട്ടികയുടെ സൂക്ഷ്മപരിശോധനയ്ക്കായി നിർബന്ധിതരാക്കിയിരിക്കുന്നത്. പ്രത്യേക കമ്മിറ്റികള്‍ രൂപവത്കരിച്ച്‌ ബൂത്തുകള്‍ കേന്ദ്രീകരിച്ചുതന്നെയാണ് പരിശോധനയുമായി മുന്നോട്ടുപോകുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ച വീഴ്ചകള്‍ ഒരു കാരണവശാലും ആവർത്തിക്കരുതെന്ന മുന്നറിയിപ്പും പ്രവർത്തകർക്ക് നല്‍കുന്നുണ്ട്. അതേസമയം പട്ടികയുമായി ബന്ധപ്പെട്ട് വീടുകള്‍തോറും കയറിയിറങ്ങി പരിശോധന നടത്തുന്നതിന് പ്രവർത്തകരുടെ കുറവ് നഗരപ്രദേശങ്ങളിലെങ്കിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതിന് പരിഹാരമേകാൻ നേതാക്കള്‍ത്തന്നെ മുന്നിട്ടിറങ്ങി പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നുണ്ട്. നഗരപ്രദേശത്തെ ഫ്ളാറ്റുകളിലെ പരിശോധനയ്ക്കാണ് വലിയ വെല്ലുവിളി നേരിടുന്നത്. ബയോമെട്രിക് കാർഡ് വഴി മാത്രമേ പലയിടത്തും പ്രവേശനം അനുവദിക്കുന്നുള്ളൂ എന്നതാണ് ഇതിനു കാരണം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price