പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് നാലാഴ്ചത്തേക്ക് തടഞ്ഞ ഹൈക്കോടതി ഉത്തരവില്‍ ഇടപെടില്ലെന്ന് സൂചനനല്‍കി സുപ്രീംകോടതി.റോഡ് മോശമായിരിക്കുമ്പോൾ എങ്ങനെയാണ് ടോള്‍ പിരിക്കുകയെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് ചോദിച്ചു. ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീല്‍ നല്‍കുന്നതിനുപകരം പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാണ് ദേശീയപാതാ അതോറിറ്റി ശ്രമിക്കേണ്ടതെന്നു പറഞ്ഞ ജഡ്ജിമാർ, പാലിയേക്കരയില്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവവും വിവരിച്ചു.ടോള്‍ പിരിക്കുന്നത് തടഞ്ഞതിലൂടെയുണ്ടായ നഷ്ടം കരാറുകാർ തങ്ങളില്‍നിന്ന് ഈടാക്കുമോയെന്നാണ് ആശങ്കയെന്ന് ദേശീയപാതാ അതോറിറ്റിക്കുവേണ്ടി സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത പറഞ്ഞു. കരാർപ്രകാരം അവർക്കാണ് ബാധ്യതയെന്നും സോളിസിറ്റർ വാദിച്ചെങ്കിലും കരാറുകാർ അതിനെ എതിർത്തു. അധികൃതർ കണ്ടെത്തിയ അഞ്ച് ബ്ലൈൻഡ് സ്പോട്ടുകളിലാണ് പ്രശ്നമെന്നും അത് തങ്ങളുടെ ബാധ്യതയില്‍ വരുന്നതല്ലെന്നും കരാറുകാർ വാദിച്ചു.ദേശീയപാതാ അതോറിറ്റിയും കരാറുകാരും തമ്മിലുള്ള പ്രശ്നം മധ്യസ്ഥതയിലൂടെ (ആർബിട്രേഷൻ) തീർക്കുകയാണ് നല്ലതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ആകെ 65 കിലോമീറ്ററുള്ള റോഡില്‍ 2.85 കിലോമീറ്ററില്‍ മാത്രമാണ് തർക്കമെന്ന് തുഷാർ മേത്ത പറഞ്ഞു. ഹൈവേയുമായി ഇന്റർസെക്ഷൻ വരുന്ന ബ്ലൈൻഡ് സ്പോട്ടുകളിലാണ് പ്രശ്നം. അവിടെ മേല്‍പ്പാലമോ അടിപ്പാതയോ നിർമിച്ചുകൊണ്ട് പരിഹാരംകാണുമെന്നും മേത്ത അറിയിച്ചതോടെ, എങ്കില്‍ അതിനുശേഷം ടോള്‍ പിരിച്ചാല്‍ മതിയായിരുന്നില്ലേയെന്ന് കോടതി ചോദിച്ചു.പാലിയേക്കരയിലെ ഗതാഗതക്കുരുക്കില്‍ താൻ കുടുങ്ങിയകാര്യം ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചപ്പോള്‍ മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രനും പ്രശ്നങ്ങളുടെ രൂക്ഷത വിവരിച്ചു. അവിടെ ഗതാഗതക്കുരുക്ക് പതിവാണെന്നും ഒരാള്‍ക്ക് ഇക്കാരണത്താല്‍ ഭാര്യാപിതാവിന്റെ ശവസംസ്കാരച്ചടങ്ങിനെത്താൻ സാധിക്കാത്ത കാര്യം മലയാള മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നെന്നും ജസ്റ്റിസ് വിനോദ് ചന്ദ്രൻ ചൂണ്ടിക്കാട്ടി.ദേശീയപാതാ അതോറിറ്റിയുടെയും കരാറുകാരുടെയും ഹർജികള്‍ തള്ളാൻ പോവുകയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞപ്പോള്‍, കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കാൻ സോളിസിറ്റർ ജനറല്‍ അഭ്യർഥിച്ചു. കേസ് തള്ളുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കണോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. റോഡിലെ പ്രശ്നമുള്ള ഭാഗങ്ങളും അവിടെ ചെയ്യുന്ന നിർമാണപ്രവർത്തനങ്ങളും ഭൂപടംസഹിതം വ്യക്തമാക്കാമെന്ന് സോളിസിറ്റർ അറിയിച്ചതിനെത്തുടർന്ന് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി.തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത് തുടങ്ങിയവർ ഫയല്‍ചെയ്ത ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇടപ്പള്ളിമുതല്‍ മണ്ണുത്തിവരെയുള്ള ഭാഗത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ദേശീയപാതാ അതോറിറ്റിക്ക് കഴിഞ്ഞില്ലെന്ന കാരണത്താലായിരുന്നു ഹൈക്കോടതിയുടെ നടപടി.
ഇന്നേവരെ ഉണ്ടായ ജനങ്ങളുടെ ജീവനും സ്വത്തിനും സമയത്തിനും നഷ്ടങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും കോടതിയും ഉത്തരവാദപ്പെട്ടവരും തീരുമാനം ഉണ്ടാക്കണം. ടോൾ പിരിക്കുക എന്നത് മാത്രമാണ് പ്രധാനമെങ്കിൽ ഇന്ത്യയിൽ പൊതുജനത്തിൻ്റെ ബുദ്ധിമുട്ടുകൾക്കും ഉള്ള നഷ്ടം പ്രധാന കാര്യമല്ലെങ്കിൽ ഈ ഗവർമെൻ്റിനെക്കൊണ്ടും കോടതിയെ കൊണ്ടും ജനങ്ങൾക്ക് എന്തു പ്രയോജനം.സഞ്ചാര സ്വാതന്ത്ര്യം എല്ലാവർക്കും പ്രധാനപ്പെട്ടതാണ്. റോഡിലൂടെ സ്വതന്ത്രമായി യാത്ര ചെയ്യാൻ സാധിക്കുന്നില്ല എങ്കിൽ ഈ രാജ്യത്ത് രാഷ്ട്രപതി ഭരണം ഉടൻ നടപ്പിലാക്കണം. യുദ്ധാടിസ്ഥാനത്തിൽ ഇങ്ങിനെയുള്ള പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിച്ച് സഞ്ചാര സ്വാതന്ത്ര്യം ജനങ്ങൾക്ക് കരഗതമാക്കണം
മറുപടിഇല്ലാതാക്കൂ