തൃശൂർ റെയില്‍വേ സ്‌റ്റേഷനിലെ ബീറ്റ് ഡ്യൂട്ടിക്കെത്തിയ ടൗണ്‍ വെസ്റ്റ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ കണ്ടെത്തിയത് രണ്ട് മോഷണ വാഹനങ്ങള്‍.ഉടൻ വിവരം അറിയിച്ച് വാഹനങ്ങള്‍ ഉടമസ്ഥർക്ക് നല്‍കാനുള്ള നടപടിയും സ്വീകരിച്ചു. കഴിഞ്ഞ 19നാണ് സി.പി.ഒ: ഡോ. അനീഷ് ശിവാനന്ദന് തൃശൂർ റെയില്‍വേ സ്‌റ്റേഷനില്‍ ഡ്യൂട്ടി നല്‍കിയത്. ബീറ്റ് ഡ്യൂട്ടി ശക്തമാക്കണമെന്ന ഇൻസ്‌പെക്ടർ ഇ. അബ്ദുള്‍ റഹ്മാൻ നിർദേശപ്രകാരം രാവിലെ ഡ്യൂട്ടിക്കെത്തിയ അനീഷിന്റെ ശ്രദ്ധ റെയില്‍വേ ഗുഡ്‌സ് ഷെഡിന്റെ ഭാഗത്ത് അശ്രദ്ധമായി നിറുത്തിയിട്ട ബൈക്കിലായി. ബൈക്കിന്റെ നമ്പർ വഴി ലഭിച്ച ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു.ആർ.സി ഓണറിന്റെ വിലാസത്തിലുള്ള പഞ്ചായത്ത് കണ്ടെത്തി വെബ്‌സൈറ്റില്‍ നിന്നും സ്ഥലം കൗണ്‍സിലറെ വിളിച്ചു. മോട്ടോർ സൈക്കിള്‍ കഴിഞ്ഞ മാസം 12ന് തൃത്താല സ്റ്റേഷൻ പരിധിയില്‍ കളവു പോയതാണെന്ന് ബോദ്ധ്യപ്പെട്ടു. തൃത്താല പൊലീസ് മുഖേന തൃശൂർ വെസ്റ്റ് പൊലീസില്‍ നിന്നും ബൈക്ക് ഉടമസ്ഥന് കൈമാറി. അശ്രദ്ധമായി പാർക്ക് ചെയ്ത ഓട്ടോറിക്ഷ പരിശോധിച്ചപ്പോള്‍ പിൻ സീറ്റ് ഇളകിയും കേബിളുകള്‍ മുറിച്ച നിലയിലുമായിരുന്നു. സ്റ്റേഷനിലെ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ നഷ്ടപ്പെട്ട ഓട്ടോയുടെ ഫോട്ടോ ഓർമ വന്നു. ഓട്ടോ അത് തന്നെയെന്ന് ഉറപ്പുവരുത്തി അന്തിക്കാട് സ്റ്റേഷൻ മുഖേന വാഹനം കൈമാറി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ