ഹൈവേ പോലീസുദ്യോഗസ്ഥനും പേരാമംഗലം സബ് ഇൻസ്പെക്ടറുമായിരുന്ന എം പി വർഗ്ഗീസിനെ ആക്രമിച്ച് കൃത്യനിർവ്വഹണത്തിൽ തടസ്സം സൃഷ്ടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് 7 മാസം തടവുശിക്ഷ. പുഴയ്ക്കൽ അമലനഗർ സ്വദേശിയായ പുല്ലംപറമ്പിൽ വീട്ടിൽ കൃഷ്ണകുമാർ (40) നെയാണ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി 7 മാസം 15 ദിവസം തടവുശിക്ഷയ്ക്ക് വിധിച്ചത്.
2018 ഏപ്രിൽ മാസം 25 നാണ് കേസിനാസ്പദമായ സംഭവം. എരനെല്ലൂരിൽവച്ച് വാഹനാപകടം നടന്നതിനെതുടർന്ന് നാട്ടുകാർ പ്രതികളെ തടഞ്ഞുവച്ച് ഹൈവേ പോലീസിനെ അറിയിക്കുകയായിരുന്നു. പേരാമംഗലം ഹൈവേ പോലീസ് ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ എം പി വർഗ്ഗീസും സംഘവും സ്ഥലത്തെത്തി നാട്ടുകാർ തടഞ്ഞുവച്ച പ്രതികളെ വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ പോലീസുദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. കുന്നംകുളം എസ് എച്ച ഒ ആയിരുന്ന യു കെ ഷാജഹാൻ പ്രതികളെ അറസ്റ്റുചെയ്ത് സംഭവത്തിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.
ഈ കേസിലെ ഒന്നാം പ്രതിയായ പാലയൂർ സ്വദേശിയായ ഫവദിന് 2013 ൽ ശിക്ഷ ലഭിച്ചിരുന്നു. രണ്ടാം പ്രതിയായ കൃഷ്ണകുമാർ കോടതിയിൽ ഹാജരാകാത്തതിനാൽ വാറണ്ടിൽ കുന്നംകുളം പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
പ്രോസിക്യൂഷനായി അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ആർ. രജിത്കുമാർ ഹാജരായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ