കാണാതായ ആർമി ഉദ്യോഗസ്ഥൻ ഗുരുവായൂർ താമരയൂർ കൊങ്ങണം വീട്ടിൽ ഫർസീനെ കണ്ടെത്തുന്നതിന് നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സെറീന ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. ഇന്ത്യൻ ആർമി പൂനെ റെജിമെൻ്റിൽ ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളേജിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഫർസീൻ പരിശീലനത്തിനായി യുപിയിലെ ബറയിലേക്ക് ട്രെയിനിൽ പോകുന്നതിനിടെ കഴിഞ്ഞ 10നാണ് കാണാതായത്. 9ന് പൂനയിൽ നിന്ന് ബസ് മാർഗ്ഗം ഭാന്ദ്രയിൽ എത്തി. അവിടെ നിന്ന് പത്തിന് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിൽ ബറേലിക്ക് പുറപ്പെട്ടതായിരുന്നു. രാത്രി വരെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. രണ്ട് സ്റ്റേഷൻ മുൻപുള്ള ഇസത്ത് നഗർ വരെ എത്തിയതായി പറഞ്ഞിരുന്നു. പിന്നീട് ഫോണിൽ കിട്ടാതായി. ഭാര്യ സെറീന ആർമി ഉന്നത ഉദ്യോഗസ്ഥർക്കും സുരേഷ് ഗോപി എംപി, എൻ കെ അക്ബർ എംഎൽഎ എന്നിവർക്കും പരാതി നൽകിയിരുന്നു. ദുബായിലുള്ള സഹോദരൻ ഫഹീമും ബന്ധുവും ബറേലിയിൽ എത്തി ആർമി ഓഫീസർമാരുമായി ബന്ധപ്പെട്ടു. ഫർസീനെ കണ്ടെത്തുന്നതിന് ഇവർക്കൊപ്പം രണ്ട് ആർമി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ