Pudukad News
Pudukad News

തൊഴിയൂര്‍ സുനില്‍ വധക്കേസ്; തെറ്റായി ശിക്ഷിക്കപ്പെട്ടവര്‍ക്ക് പോലീസുകാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്


ആർ.എസ്.എസ്. പ്രവർത്തകനായിരുന്ന തൃശ്ശൂർ തൊഴിയൂരിലെ സുനില്‍കുമാറിനെ വെട്ടിക്കൊന്ന കേസില്‍ തെറ്റായി ശിക്ഷിക്കപ്പെട്ടവർക്ക് പോലീസുകാരില്‍ പണം ഈടാക്കി നഷ്ടപരിഹാരം നല്‍കുന്നതിന് സർക്കാർ ഉത്തരവ്.ഓരോരുത്തർക്കും അഞ്ച് ലക്ഷം രൂപ വീതമാണ് നല്‍കേണ്ടത്.

1994 ഡിസംബർ നാലിന് പുലർച്ചെ രണ്ടിനാണ് തൊഴിയൂരിലെ സുനില്‍കുമാറിനെ വീട്ടിലെത്തിയ സംഘം വെട്ടിക്കൊന്നത്. ഗുരുവായൂർ പോലീസ് രജിസ്റ്റർചെയ്ത് അന്വേഷിച്ച കേസില്‍ സി.പി.എം. പ്രവർത്തകരായ ഒൻപതുപേരെ പ്രതിചേർത്തിരുന്നു. ഇതില്‍ നാലുപേരെ തൃശ്ശൂർ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.. ശിക്ഷയനുഭവിച്ചുകൊണ്ട് പ്രതികള്‍ നല്‍കിയ അപ്പീലില്‍ അന്വേഷണം കുറ്റമറ്റതല്ലെന്ന് കണ്ടെത്തി നാലു പ്രതികളെയും ഹൈക്കോടതി കുറ്റവിമുക്തരാക്കി.

രായംമരയ്ക്കാർ വീട്ടില്‍ റഫീക്ക്, തൈക്കാട് ബാബുരാജ്, വാക്കയില്‍ ബിജി, ഹരിദാസൻ എന്നിവരെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ഇതില്‍ ഹരിദാസൻ രോഗം ബാധിച്ച്‌ മരിച്ചു. അവശേഷിക്കുന്ന മൂന്നുപേർ, നഷ്ടപരിഹാരത്തിന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി കാത്തിരിക്കുകയായിരുന്നു. ഹൈക്കോടതി നിർദേശംകൂടി കണക്കിലെടുത്താണ് സർക്കാർ നഷ്ടപരിഹാരം നല്‍കാൻ ഉത്തരവിറക്കിയിരിക്കുന്നത്. അന്ന് കേസന്വേഷിച്ച പല ഉദ്യോഗസ്ഥരും നിലവില്‍ വിരമിച്ചിട്ടുണ്ടാകാം. വിരമിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ പെൻഷൻ തുകയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാനാണ് സർക്കാർ തീരുമാനം.

ഹൈക്കോടതി നിർദേശ പ്രകാരം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ജംഇയ്യത്തുല്‍ ഇഹ്സാനിയ എന്ന തീവ്രവാദസംഘടനയില്‍പ്പെട്ട ഒൻപതു പേരാണ് സുനിലിനെ കൊന്നതെന്ന് കണ്ടെത്തി. ഇവരില്‍ മിക്ക പ്രതികളെയും അറസ്റ്റുചെയ്തു.

ശിക്ഷിക്കപ്പെട്ടവരല്ല പ്രതികളെന്നും അതിനാല്‍ ജയില്‍ശിക്ഷ അനുഭവിച്ച കാലത്തിനനുസരിച്ച്‌ ഇവർക്ക് നഷ്ടപരിഹാരം നല്‍കാൻ ഉചിതമായ തീരുമാനം സംസ്ഥാന സർക്കാരിനു സ്വീകരിക്കാമെന്നും കാണിച്ച്‌ തൃശ്ശൂർ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് സർക്കാരിനോട് 2022 സെപ്റ്റംബർ 28-ന് ശുപാർശ ചെയ്തിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price