കെ ജി ശിവാനന്ദനെ സിപിഐ തൃശ്ശൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു.ശിവാനന്ദൻ്റെ ജില്ലാ സെക്രട്ടറി സ്ഥാനത്തിനെതിരെ ജില്ലാ കൗണ്‍സിലില്‍ എതിർപ്പ് ഉയർന്നെങ്കിലും ഒടുവില്‍ സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശം ജില്ലാ കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. നിലയില്‍ എഐടിയുസി ജില്ലാ സെക്രട്ടറിയാണ് കെ ജി ശിവാനന്ദൻ. ശിവാനന്ദന് പകരം വി എസ് സുനില്‍ കുമാർ, ടി ആർ രമേഷ് കുമാർ എന്നിവരുടെ പേരുകള്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഒരു വിഭാഗം നിർദ്ദേശിച്ചിരുന്നു.നാട്ടിക എംഎല്‍എ സി സി മുകുന്ദനെ ജില്ലാ കൗണ്‍സിലില്‍ നിന്ന് നേതൃത്വം ഒഴിവാക്കിയിരുന്നു. ജില്ലാ സമ്മേളനത്തില്‍ മുകുന്ദനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. മുകുന്ദനും പാർട്ടിയുമായി കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിപ്രായഭിന്നത നിലനിന്നിരുന്നു. ജില്ലാ കൗണ്‍ലിലില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെ നാട്ടിക എംഎല്‍എ സമ്മേളനം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. എന്നാല്‍ ഇറങ്ങിപ്പോയതല്ല അഭിപ്രായം പറഞ്ഞ് പോരുകയായിരുന്നു എന്നായിരുന്നു സി സി മുകുന്ദൻ്റെ പ്രതികരണം. കമ്മിറ്റിയില്‍ നിന്ന് തന്നെ ഒഴിവാക്കിയതില്‍ വിഷമമില്ലെന്നും സി സി മുകുന്ദൻ എം എല്‍ എ വ്യക്തമാക്കി.തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തില്‍ നടന്ന ഭാരത് മാതാ മുദ്രാവാക്യത്തിനെതിരെ നേരത്തെ സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഭാരത് മാതാ മുദ്രാവാക്യം കമ്മ്യൂണിസ്റ്റ് ശൈലി അല്ലെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചു. സംസ്ഥാന നേതൃത്വത്തിനെതിരെയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും സമ്മേളനത്തില്‍ രൂക്ഷവിമർശനമാണ് ഉയർന്നത്. സംസ്ഥാന നേതൃത്വം കാര്യക്ഷമമല്ലെന്നും മുൻ സെക്രട്ടറിമാരെ അപേക്ഷിച്ച് ദുർബലനായ സെക്രട്ടറിയാണ് ബിനോയ് വിശ്വം എന്നുമായിരുന്നു വിമർശനം. സിപിഐയുടെ മൂന്ന് മന്ത്രിമാർക്കെതിരെയും സമ്മേളനത്തില്‍ വിമർശനം ഉയർന്നു. മന്ത്രിമാരായ ജി ആർ അനില്‍, പി പ്രസാദ്, ചിഞ്ചു റാണി എന്നിവർക്കെതിരെയും വിമർശനം ഉയർന്നിരുന്നു.താഴെത്തട്ടില്‍ പാർട്ടി പ്രവർത്തനം സജീവമല്ലെന്ന വിമർശനവും പ്രതിനിധികള്‍ ഉന്നയിച്ചിരുന്നു. തുടർച്ചയായുള്ള അധികാരം പ്രവർത്തകരെ സജീവമല്ലാതാക്കിയെന്ന വിമർശനവും സമ്മേളനത്തില്‍ ഉയർന്നിരുന്നു. ഇരിങ്ങാലക്കുടയിലാണ് സിപിഐയുടെ തൃശ്ശൂർ ജില്ലാ സമ്മേളനം നടക്കുന്നത്. ജൂലൈ 11ന് ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെ പി കെ ചാത്തൻ മാസ്റ്റർ നഗറില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത്. സമ്മേളനം 13 വരെ തുടരും. 395 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ