ചിമ്മിനി ഇക്കോ ടൂറിസം പദ്ധതിയെ വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്തിൻ്റെ ടൂറിസം ഡെസ്റ്റിനേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ അനുവദിച്ചതായി കെ.കെ. രാമചന്ദ്രൻ എംഎൽഎ അറിയിച്ചു. വനം വകുപ്പ് പീച്ചി വൈൽഡ് ലൈഫ് വാർഡൻ മുഖേന സമർപ്പിച്ച റിപ്പോർട്ടിൻ്റെ ഭാഗമായുള്ള സംവിധാനങ്ങൾക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
നേരത്തെ പദ്ധതിയ്ക്കായി എംഎൽഎ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. കേരള കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർവഹണചുമതല. കൂടാതെ അടുത്ത സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിലും പദ്ധതിക്കായി ഒരുകോടി രൂപ അനുവദിക്കുകയും 20 ശതമാനം തുക നീക്കിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
നവകേരള നിർമിതിയുടെ ഭാഗമായി പുതുക്കാട് മണ്ഡലത്തിൽ നിന്നും സമർപ്പിച്ച പദ്ധതിയിൽ ഉൾപ്പെടുത്തി ചിമ്മിനി ഇക്കോ ടൂറിസം പദ്ധതിക്ക് ഒരുകോടി രൂപ ലഭിക്കുന്നതിനും നടപടി സ്വീകരിച്ചു വരുന്നതായി എംഎൽഎ അറിയിച്ചു. പശ്ചിമഘട്ടമലനിരകളുടെ ഭാഗമായ ചിമ്മിനി വനമേഖലയിൽ വനം, ടൂറിസം, തദ്ദേശം, ജലവിഭവ വകുപ്പുകളുടെ സഹകരണത്തോടെ മികച്ച ടൂറിസം സൗകര്യം ഏർപ്പെടുത്തുന്നതിനാണ് ശ്രമിക്കുന്നതെന്നും എംഎൽഎ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ