സാറിനെ ഓടി തോൽപ്പിച്ചാൽ സ്കൂളിന് അവധി തരുമോയെന്ന് ചോദിച്ച കുട്ടിയുടെ നിഷ്കളങ്ക ചോദ്യത്തിന് കളക്ടർ നൽകിയ മറുപടിയും ഓട്ടമത്സരവുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനോട് സെന്റ്. മേരീസ് യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി സല്‍മാനാണ് നിഷ്കളങ്കമായ ഈ ചോദ്യം ചോദിച്ചത്. കളക്ടർ സാറിനെ ഓടി തോല്‍പ്പിച്ചാല്‍ സ്കൂളിന് അവധി തരുമോ?. ചോദ്യത്തിനൊപ്പം തൃശ്ശൂരിലെ എല്ലാ കുട്ടികള്‍ക്കും കൂടി വേണ്ടിയാണ് താൻ അവധി ചോദിക്കുന്നതെന്നും വിശദീകരണം.കളക്ടർ സാറാണെങ്കില്‍ അതൊരു ചാലഞ്ച് ആയി തന്നെ ഏറ്റെടുത്ത് സൗഹൃദ ഓട്ടത്തില്‍ പങ്കാളിയായി. എൻഡ്യൂറൻസ് അറ്റ്ലറ്റ്സ് ഓഫ് തൃശ്ശൂരിന്റെ നേതൃത്വത്തില്‍ പാലപ്പിള്ളിയില്‍ വച്ചു നടന്ന 12 കിലോമീറ്റർ മാരത്തോണ്‍ ഫ്ലാഗ് ഓഫ് ചെയ്ത് പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. ഇരുവരും ഫിനിഷ് ചെയ്തത് ഒന്നിച്ച്.വരും ദിവസങ്ങളില്‍ ജില്ലയില്‍ ഗ്രീൻ അലർട്ട് ആയതിനാല്‍ അവധി പ്രഖ്യാപിക്കുന്നതിന് പരിമിതികള്‍ ഉണ്ടെന്നും, എന്നാല്‍ വരുന്ന ദിവസങ്ങളില്‍ മഴ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യം വന്നാല്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച സല്‍മാന്റെ പേരില്‍ ഡെഡിക്കേറ്റ് ചെയ്യാമെന്ന് ഉറപ്പു നല്‍കി കൊണ്ടാണ് കളക്ടർ മടങ്ങിയത്.കായിക അധ്യാപകനായ ജോഷി മാഷില്‍ നിന്നും പരിശീലനം നേടുന്ന സല്‍മാൻ, കായികരംഗത്ത് ജില്ലയുടെ ഭാവി വാഗ്ദാനമാണ് എന്ന കാര്യത്തില്‍ സംശയമില്ലെന്ന് ജില്ലാ കളക്ടർ ഫെയ്സ്ബുക്കില്‍ കുറിച്ചു. കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ നൂറോളം പേർ പങ്കെടുത്ത മാരത്തോണ്‍ പാലപ്പിള്ളി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് പാലപ്പിള്ളി ഗ്രൗണ്ടില്‍ വച്ചാണ് അവസാനിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ