അപകടങ്ങളെ തുടർന്ന് പുതുക്കാട് കെഎസ്ആർടിസി സ്റ്റാന്റിന് മുൻവശത്തെ യു-ടേൺ അടച്ച ഭാഗത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാൻ തീരുമാനം. ചാലക്കുടി ഭാഗത്ത് നിന്നുവരുന്ന ബസുകൾ സ്റ്റാന്റിലേക്ക് പ്രവേശിക്കാതെ ദേശീയപാതയിൽ നിർത്തുന്നതിനാലുണ്ടാകാനിടയുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനാണ് ക്വാഷണറി സൈൻ ബോർഡ് സ്ഥാപിക്കുന്നത്. ദേശീയപാത 544-ൽ മേൽപ്പാലങ്ങളുടെ പണി നടക്കുന്ന ഭാഗങ്ങളിൽ പരിശോധന നടത്തിയ ശേഷം റൂറൽ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിലായിരുന്നു തീരുമാനം.
അടിപ്പാതയുടെ പണി നടക്കുന്ന ഭാഗങ്ങളിൽ സർവീസ് റോഡിലെ വശങ്ങളിലെ സ്ലാബുകൾ ബലപ്പെടുത്തി റോഡിന്റെ വീതികൂട്ടി വാഹനങ്ങൾ സുഗമമായി കടന്നു പോകാൻ സൗകര്യമൊരുക്കുന്നതിനും തീരുമാനിച്ചു. കഴിഞ്ഞ ആഴ്ചയിൽ ആമ്പല്ലൂരിൽ സർവീസ് റോഡിലെ സ്ലാബ് തകർന്നുണ്ടായ കുഴിയിൽ കെഎസ്ആർടിസി ബസിൻ്റെ ചക്രം കുടുങ്ങിയിരുന്നു.
ദേശീയപാത അതോറിറ്റി അധികൃതർ 10 ദിവസം കൂടുമ്പോൾ പണികൾ നടക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ച് പുരോഗതി വിലയിരുത്തണമെന്നും യോഗത്തിൽ നിർദേശമുണ്ടായി.
ആമ്പല്ലൂർ, ചിറങ്ങര, മുരിങ്ങൂർ, പേരാമ്പ്ര എന്നിവിടങ്ങളിൽ സംഘം പരിശോധന നടത്തി. തുടർന്ന് റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും നിർമാണ ചുമതലയുള്ള കമ്പനി അധികൃതരും പങ്കെടുത്തു. റോഡ് പണിയുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണങ്ങളെക്കുറിച്ചും നിലവിലെ പ്രശ്ങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ