Pudukad News
Pudukad News

ഫേസ്ബുക്കിൽ പരിചയപ്പെട്ട് തൃശൂർ സ്വദേശിയുടെ 1.90 കോടി തട്ടിയ നൈജീരിയക്കാരൻ അറസ്റ്റിൽ


ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വ്യാജ വാഗ്ദാനങ്ങൾ നൽകി തൃശൂർ സ്വദേശിയിൽ നിന്ന് 1.90 കോടി രൂപ തട്ടിയ കേസിൽ നൈജീരിയൻ പൗരൻ അറസ്റ്റിൽ.ഓസ്റ്റിൻ ഓഗ്‌ബ എന്ന നൈജീരിയൻ പൗരനെയാണ് തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം പിടികൂടിയത്. മുംബൈ പൊലീസിന്‍റെ സഹായത്തോടെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ഈസ്റ്റ് മുംബെയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.2023 മാർച്ച്‌ ഒന്നിനാണ് സംഭവത്തിന്‍റെ തുടക്കം. തൃശൂർ സ്വദേശി ഫേസ്ബുക്കിലൂടെ പ്രതികളിലൊരാളായ സ്ത്രീയെ പരിചയപ്പെട്ടു. താൻ സിറിയയില്‍ യുദ്ധം ഉണ്ടായപ്പോള്‍ രക്ഷപ്പെട്ട് തുർക്കിയില്‍ വന്നതാണ് എന്നും കൈവശമുണ്ടായിരുന്ന യു.എസ് ഡോളറുകളും വിലപിടിപ്പുള്ള സാധനങ്ങളും അടങ്ങിയ രണ്ട് ബോക്‌സുകള്‍ ഈജിപ്‌തിലെ മിഡില്‍ ഈസ്റ്റ് വോള്‍ട്ട് കമ്ബനിയുടെ കസ്റ്റഡിയിലാണെന്നും പ്രതി പറഞ്ഞു. ഇവ ഇന്ത്യയില്‍ എത്തിച്ച്‌ നല്‍കാമെന്നും ബോക്‌സുകള്‍ കൊണ്ടുവരാൻ പ്രമാണങ്ങളുടെ ചെലവിലേക്ക് പണം അയക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.2023 മാർച്ച്‌ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ പല ദിവസങ്ങളിലായാണ് 1.90 കോടി രൂപ അയച്ച്‌ നല്‍കിയത്. പിന്നീട് തട്ടിപ്പ് മനസ്സിലാക്കിയ തൃശൂർ സ്വദേശി ഒല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ഒല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോയുടെ നിർദേശപ്രകാരം കേസന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈം ബ്രാഞ്ച് അസി. കമീഷണർ വൈ. നിസാമുദ്ദീന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചാണ് അന്വേഷിച്ചത്.തൃശൂർ റെയ്ഞ്ച് ഡി.ഐ.ജി ഹരിശങ്കറിന്‍റെ പ്രത്യേക മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ പണം അയച്ച രേഖകളും ഫേസ്ബുക്കുമായി ബന്ധപ്പെട്ട രേഖകളും പരിശോധിച്ചു. പ്രതികളിലൊരാളെ ബാംഗളൂരില്‍വെച്ച്‌ കണ്ടുമുട്ടിയതുമായി ബന്ധപെട്ട വിവരങ്ങളും പ്രതി സഞ്ചരിച്ച ഫ്ലൈറ്റുകളുടെ പാസഞ്ചേഴ്‌സ് മാനിഫെസ്റ്റോയും പരിശോധിച്ചു. അന്വേഷണത്തില്‍ ഓണ്‍ലൈൻ തട്ടിപ്പിലെ സംഘമാണ് ഇതിന് പിന്നിലെന്ന് മനസ്സിലായി.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. മറ്റു പ്രതികളെ നിരീക്ഷിച്ച്‌ അന്വേഷണം നടക്കുകയാണ്.അന്വേഷണ സംഘത്തില്‍ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെകടർ സുധീഷ്‌കുമാർ, സി. ബ്രാഞ്ച് സബ് ഇൻസ്പെക്‌ടർ വിനോദ് കെ.ആർ., സീനിയർ സിവില്‍ പൊലീസ് ഓഫീസർ വിനോദ് ശങ്കർ സിവില്‍ പോലീസ് ഓഫീസർമാരായ ശരത്, പ്രശാന്ത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price