കവര്‍ച്ചക്കേസ് പ്രതിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതിയടക്കം നാലുപേര്‍ അറസ്റ്റില്‍


മരട് കവര്‍ച്ചക്കേസിലെ പ്രതിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച്‌ പണവും വാഹനങ്ങളും തട്ടിയെടുത്ത കേസില്‍ യുവതിയടക്കം നാലുപേര്‍ അറസ്റ്റില്‍.

പടിയൂര്‍ സ്വദേശി കോഴിപറമ്ബില്‍ അനന്തുവിനെ കാറടക്കം തട്ടിക്കൊണ്ടുപോയി വെടിമറയിലുള്ള ഒരു തട്ടുകടയുടെ പിറകില്‍ എത്തിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസാണിത്.

2024 ഡിസംബര്‍ 25 നു രാവിലെ 10.30 ഓടെ കൊമ്ബിടിയില്‍നിന്നാണ് അനന്തുവിനെ തട്ടിക്കൊണ്ടപോയത്. പ്രതികളായ കൂളിമുട്ടം  സ്വദേശി കാഞ്ഞിരത്ത് ഷാജി (31), പാപ്പിനിവട്ടം മതില്‍മൂല പയ്യപ്പിള്ളി നിഷാന (24), എറണാകുളം പറവൂര്‍ താനിപ്പാടം വെടിമറ കാഞ്ഞിരപ്പറമ്ബില്‍ മുക്താര്‍ (32,) പറവൂര്‍ എസ്സാര്‍ വീട്ടില്‍ മുഹമ്മദ് ഷമീം ഖുറൈഷി ( 33 ) എന്നിവരെയാണ് ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
അനന്തുവും സുഹൃത്തുക്കളായ ആറുപേരും ചേര്‍ന്ന് 2024 ഡിസംബര്‍ 19 നു രാവിലെ 11 ന് എറണാകുളം ജില്ലയിലെ തൈക്കൂടത്തുള്ള സ്വകാര്യ ഫൈനാന്‍സ് സ്ഥാപനത്തിനടുത്തുവച്ച്‌ എറണാകുളം സ്വദേശികളുടെ മുഖത്ത് പെപ്പര്‍ സ്‌പ്രേ അടിച്ചും മറ്റും ഉപദ്രവിച്ച്‌ അന്‍പതു ലക്ഷം രൂപ കവര്‍ന്നിരുന്നു. ഈ സംഭവത്തില്‍ മരട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ അറസ്റ്റുചെയ്ത അനന്തുവിനെ മരട് പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തപ്പോഴാണ് അനന്തുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച വിവരം പുറത്തായത്.
കവര്‍ച്ചയിലൂടെ ലഭിച്ച പണം അപഹരിക്കുന്നതിനുവേണ്ടി ഷാജിയും ഫാരിസും വെടിമറയിലുള്ള ക്വട്ടേഷന്‍ ടീമും ചേര്‍ന്നു നിഷാന എന്ന പെണ്‍കുട്ടിയെ ഉപയോഗിച്ച്‌ 25 നു രാവിലെ അനന്തുവിനെ കൊമ്ബിടിയിലേക്കു വിളിച്ചുവരുത്തി, അനന്തു വന്ന കാറടക്കം തട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെയുള്ള തട്ടുകടയുടെ പിറകില്‍വച്ച്‌ അനന്തുവിന്‍റെ കാലില്‍ മുറിവുണ്ടാക്കി മുറിവില്‍ ടിന്നര്‍ ഒഴിച്ചും ഗ്യാസ് ട്യൂബ് കൊണ്ട് അടിച്ചും കഴുത്തുഞെരിച്ച്‌ ശ്വാസംമുട്ടിച്ചും മറ്റും ഉപദ്രവിച്ചു. അനന്തുവിന്‍റെയും സുഹൃത്തുക്കളുടെയും കൈയിലുണ്ടായിരുന്ന 14,60,000 രൂപയും അഞ്ചു കാറുകളും കവര്‍ച്ച ചെയ്തുവെന്നും അനന്തു പറഞ്ഞു.
ഈ കേസില്‍ പ്രധാന പ്രതിയായ കോതപറമ്ബ് സ്വദേശി വൈപ്പിന്‍പാടത്ത് ഫാരിസ് (39) മതിലകം സ്റ്റേഷനിലെ മറ്റൊരു കേസില്‍ റിമാൻഡിലാണ്.
ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. ആളൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.എം. ബിനീഷ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ സി.എസ്. സുമേഷ്, കെ.എം. ഗിരീഷ്, ഹരികൃഷ്ണന്‍, ജിബിന്‍ വര്‍ഗീസ്, ഡാന്‍സാഫ് എസ്‌ഐ സി.ആര്‍. പ്രദീപ്, എഎസ്‌ഐ മിനിമോള്‍, സീനിയര്‍ സിപിഒ ഇ.എസ്. ജീവന്‍, സിപിഒമാരായ കെ.എസ്. ഉമേഷ്, എ.ബി. നിഷാന്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍