വാടകക്കുടിശിക നൽകിയില്ല: കൊടകരയിൽ ഗൃഹനാഥന്‍റെ കൈകാലുകള്‍ തല്ലിയൊടിച്ചു


ഒന്നരവർഷം മുൻപ് താമസിച്ച വീടിന്‍റെ വാടകക്കുടിശിക നല്‍കിയില്ലെന്ന് ആരോപിച്ചു ഗൃഹനാഥനുനേരേ ആക്രമണം.വഴിയില്‍ തടഞ്ഞുനിർത്തി കൈകാലുകള്‍ തല്ലിയൊടിച്ചു. തലയ്ക്കും പരിക്കുണ്ട്.കൊടകര ആലത്തൂർ സ്വദേശി തൈവളപ്പില്‍ രഘു (53)വിനെയാണ് ആക്രമിച്ചത്. വലതുകൈകാലുകള്‍ ഒടിഞ്ഞനിലയില്‍ ഇയാളെ തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് ഏഴിനു ജോലികഴിഞ്ഞു വരുമ്പോഴായിരുന്നു വീട്ടുടമയും സുഹൃത്തുക്കളും ചേർന്നു തടഞ്ഞുനിർത്തി അസഭ്യവർഷങ്ങളോടെ ആക്രമിച്ചത്. നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോള്‍ അക്രമികള്‍ രക്ഷപ്പെട്ടു.രണ്ടുവർഷം മുൻപാണ് രഘു പ്രതിയുടെ വീട്ടില്‍ വാടകയ്ക്കു താമസമാരംഭിച്ചത്. ടൈല്‍വിരിക്കുന്ന ജോലിക്കാരനായ രഘു, സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടർന്ന് രണ്ടുമാസത്തെ വാടക നല്‍കിയില്ല. പലിശയ്ക്കു കടംകൊടുക്കുന്ന വീട്ടുകാരനില്‍നിന്ന് രണ്ടായിരം രൂപ വാങ്ങുകയും ചെയ്തു. ഒന്നരവർഷം മുന്പ് പട്ടികജാതി വികസന വകുപ്പില്‍നിന്നു ലഭിച്ച തുകയുപയോഗിച്ചു നിർമിച്ച പുതിയ വീട്ടിലേക്കു താമസം മാറി. എന്നാല്‍, വാടകയിനത്തിലും പലിശയ്ക്കുനല്‍കിയ പണവുമടക്കം 17,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് വീട്ടുടമ നിരന്തരം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ആക്രമണം.രഘുവിന്‍റെ കാലിന് ഉടൻ ശസ്ത്രക്രിയ നടത്തും. സംഭവവുമായി ബന്ധപ്പെട്ടു കൊടകര പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍