Pudukad News
Pudukad News

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ച്‌ തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്;വീട്ടമ്മക്ക് പുതുജീവൻ


ഹൃദയം തുറക്കാതെ അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാല്‍വ് മാറ്റിവച്ച്‌ തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്.എഴുപത്തിനാല് വയസുള്ള വീട്ടമ്മയ്ക്കാണ് വാല്‍വ് മാറ്റിവച്ചത്.കേരളത്തിലെ ചുരുക്കം ചില ആശുപത്രികളില്‍ മാത്രം ചെയ്യാറുള്ള ഈ ചികിത്സ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ആദ്യമായിട്ടാണ് നടത്തിയത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഈ ചികിത്സ ലഭ്യമാണ്. വിജയകരമായ നൂതന ചികിത്സയിലൂടെ രോഗിയുടെ ജീവന്‍ രക്ഷിച്ച മെഡിക്കല്‍ കോളജിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. നടക്കുമ്ബോള്‍ കിതപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന, ഇടയ്ക്കിടെ ബോധം കെട്ടുവീഴല്‍ എന്നീ രോഗലക്ഷണങ്ങളോട് കൂടിയാണ് 74 വയസുകാരി മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി ഒപിയില്‍ വന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ഇവരുടെ ഹൃദയത്തിന്റെ അകത്തുള്ള അയോര്‍ട്ടിക് വാല്‍വ് വളരെ അധികം ചുരുങ്ങിയതായി കണ്ടെത്തി. നെഞ്ചും ഹൃദയവും തുറന്ന് ചുരുങ്ങിയ വാല്‍വ് മുറിച്ചു മാറ്റി കൃത്രിമ വാല്‍വ് ഘടിപ്പിക്കുന്ന ശസ്ത്രക്രിയയാണ് ഇതിനുള്ള പ്രധാന ചികിത്സ. ഈ രോഗിക്കും ഇപ്രകാരമുള്ള ചികിത്സ നിര്‍ദേശിച്ചെങ്കിലും പ്രായാധിക്യം, ശാരീരികാവശത എന്നിവ മൂലം അവര്‍ക്ക് അതിന് സാധിക്കുമായിരുന്നില്ല.കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. കരുണദാസ്, കാര്‍ഡിയോളജിയിലെ ഡോക്ടര്‍മാരായ ആന്റണി പാത്താടന്‍, ബിജിലേഷ്, ഹരികൃഷ്ണ, നിതിന്‍, എന്നിവരും അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍മാരായ അമ്മിണികുട്ടി, അരുണ്‍ വര്‍ഗീസ്, ആതിര, ശ്രീലക്ഷ്മി എന്നിവരും ചേര്‍ന്നാണ് മൂന്നു മണിക്കൂറോളം നേരമെടുത്ത് വിജയകരമായി ചികിത്സ പൂര്‍ത്തിയാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price