പ്രഭാത വാർത്തകൾ2024 | നവംബർ 7 | വ്യാഴം

പ്രഭാത വാർത്തകൾ
2024 | നവംബർ 7 | വ്യാഴം 
1200 | തുലാം 22 |  പൂരാടം 
1446  | ജ. അവ്വൽ | 04
➖➖➖➖➖➖➖➖

◾ അമേരിക്കയുടെ 47-ാമത് പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തുമ്പോള്‍ വ്യാപാര, നയതന്ത്ര മേഖലകളില്‍ കൂടുതല്‍ സഹകരണം പ്രതീക്ഷിച്ച് ഇന്ത്യ. ഇന്ത്യ അമേരിക്ക ബന്ധം കൂടുതല്‍ ദൃഢമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, ആഗോള സമാധാനത്തിനായി ഒന്നിച്ച് നീങ്ങാമെന്നും ട്രംപിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് നിയുക്ത പ്രസിഡണ്ടും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ഡൊണാള്‍ഡ് ട്രംപ് 295 ഇലക്ട്രല്‍ വോട്ടുകള്‍ ഇതുവരെ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ കമല ഹാരിസ് 226 ഇലക്ട്രല്‍ വോട്ടുകളാണ് ഇതുവരെ നേടിയിട്ടുള്ളത്.

◾ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പോരാട്ടം തുടരുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും യു.എസ്. വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ്. ഇരുട്ടില്‍ മാത്രമേ നക്ഷത്രങ്ങള്‍ ശോഭിക്കൂവെന്നും തോല്‍വിയില്‍ നിരാശരാവരുതെന്നും പറഞ്ഞ കമല ഹാരിസ് സ്വാതന്ത്ര്യത്തിനും നീതിക്കും ജനങ്ങളുടെ അന്തസ്സിനുംവേണ്ടിയുള്ള പോരാട്ടത്തില്‍ താന്‍ ഉറച്ചുനില്‍ക്കുമെന്നും അറിയിച്ചു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിയുക്ത യു.എസ്. പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെ കമലാ ഹാരിസ് ഫോണില്‍വിളിച്ച് അഭിനന്ദിച്ചിരുന്നു.

◾ കമല ഹാരിസിലൂടെ ഒരു ഇന്ത്യന്‍ വംശജ ഇതാദ്യമായി അമേരിക്കന്‍ പ്രസിഡന്റ് ആകുമോ എന്ന പ്രതീക്ഷകള്‍ അവസാനിച്ചെങ്കിലും അമേരിക്കയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യമായി ഒരു ഇന്ത്യന്‍ വംശജ സെക്കന്‍ഡ് ലേഡിയായിരിക്കുകയാണ്. ആന്ധ്രാപ്രദേശ് സ്വദേശിനിയായ ഉഷ ചിലുകുരിയാണ് അമേരിക്കയുടെ സെക്കന്‍ഡ് ലേഡിയാകുന്നത്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച ജെ ഡി വാന്‍സിന്റെ പത്‌നിയാണ് ഉഷ. ദേശീയ സ്ഥാപനത്തിലെ നിയമ വിദഗ്ധയായി ജോലി ചെയ്യുന്ന ഉഷ ചിലുകുരി യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

◾ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. പോക്‌സോ കേസുകളിലും ലൈംഗിക പീഡന കേസുകളിലും വിധികള്‍ പ്രസ്താവിക്കുന്ന രാജ്യത്തെ എല്ലാ സെഷന്‍സ് കോടതികളും ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ബി വി നാഗരത്ന, പങ്കജ് മിത്തല്‍ എന്നിവരാണ് സുപ്രധാനമായ നിര്‍ദേശം നല്‍കിയത്.

◾ പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണം ബലപ്പെടുത്താന്‍ ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം. നീല ട്രോളി ബാഗുമായി കെഎസ്യു നേതാവ് ഫെനി നൈനാന്‍ നടന്നുപോവുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍ എംപി, ശ്രീകണ്ഠന്‍ എംപി, ജ്യോതികുമാര്‍ ചാമക്കാല എന്നിവരേയും കെപിഎം ഹോട്ടലിലെ ദൃശ്യങ്ങളില്‍ കാണാം.

◾ സിപിഎം പുറത്ത് വിട്ട സിസിടിവി ദൃശ്യങ്ങളില്‍ പ്രതികരിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ബാഗില്‍ പണമാണെന്ന് ദൃശ്യങ്ങളിലുണ്ടോയെന്ന് ചോദിച്ച രാഹുല്‍ പൊലീസ് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങള്‍ സിപിഎമ്മിന് ലഭിച്ചതില്‍ പൊളിറ്റിക്കല്‍ അജണ്ടയില്ലേ എന്നും ചോദിച്ചു പെട്ടിയില്‍ വസ്ത്രങ്ങളാണെന്ന് ആവര്‍ത്തിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ പെട്ടിയില്‍ പണമുണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ ശാസ്ത്രീയ അന്വേഷണം നടക്കട്ടെ എന്നും പറഞ്ഞു.  അതേസമയം തന്റെ വസ്ത്രങ്ങള്‍ അടങ്ങിയ നീല ട്രോളി ബാഗ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടുന്നതിനു മുന്നേ രാഹുല്‍ പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

◾ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടേക്ക് കോണ്‍ഗ്രസ് കള്ളപ്പണം കൊണ്ട് വന്നുവെന്ന ആരോപണം നിഷേധിച്ച് കെഎസ്യു നേതാവ് ഫെനി നൈനാന്‍. പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുമധികം താമസിച്ചത് കെപിഎം ഹോട്ടലിലാണെന്നും തിരഞ്ഞെടുപ്പ് ചുമതലയുളള കെഎസ്യു ഭാരവാഹിയാണ് താനെന്നും വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഫെനി നൈനാന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. വസ്ത്രങ്ങള്‍ സൂക്ഷിച്ച ബാഗിനെ വക്രീകരിച്ചാണ് ആരോപണമുന്നയിക്കുന്നതെന്നും തിരഞ്ഞെടുപ്പ് ഐഡി കേസില്‍ 10 മാസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഫെനി ചൂണ്ടിക്കാട്ടി.

◾ പാലക്കാട് കള്ളപ്പണം എത്തിയെന്ന ആരോപണത്തില്‍ പ്രതികരിച്ച്  വി ഡി സതീശന്‍. ബാഗില്‍ പണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും റെയ്ഡിന് പിന്നില്‍ ബിജെപി സിപിഎം ഒത്തുകളിയെന്നും വി ഡി സതീശന്‍  ആരോപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പാലക്കാട് എസ്പിയാണോ എന്ന് ചോദിച്ച സതീശന്‍ കൊടകരക്കേസിന്റെ ജാള്യത മറയ്ക്കാനുള്ള തിരക്കഥയാണ് ഇതെന്നും കൂട്ടിച്ചേര്‍ത്തു.

◾ പാലക്കാട് കള്ളപ്പണം എത്തിയെന്ന ആരോപണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് എസ്പിക്ക് പരാതി നല്‍കി സിപിഎം. കള്ളപ്പണം ഹോട്ടലില്‍  എത്തിച്ചുവെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവാണ് പരാതി നല്‍കിയത്.

◾ പൊലീസ് റെയ്ഡ് നടത്തിയ പാലക്കാട്ടെ കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുടെ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്ത് പൊലീസ്. പൊലീസിന് വിവരം കിട്ടിയത് മുതലുള്ള എല്ലാ ദൃശ്യങ്ങളും പരിശോധിക്കും. സൗത്ത് സി ഐയാണ് പരിശോധന നടത്തുന്നത്. സി ഐക്കൊപ്പം സൈബര്‍ വിദഗ്ധരും സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും പരിശോധനയ്ക്കൊപ്പമുണ്ട്.

◾ കോണ്‍ഗ്രസിനായി കള്ളപ്പണം എത്തിയെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.  പൊലീസ് എത്തും മുന്‍പ് പണം ഒളിപ്പിച്ചുവെന്നും ഹോട്ടലിലെ പരിശോധനയില്‍ അത്ഭുതമില്ലെന്നും എല്ലാ വിവരവും പൊലീസിനും കിട്ടിയിട്ടുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.  

◾ കോണ്‍ഗ്രസിനെതിരെ ഉയരുന്ന കള്ളപ്പണ ആരോപണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പെട്ടിക്കുള്ളില്‍ പണം ആണെന്ന് ആര് പറഞ്ഞെന്നാണ് കെ മുരളീധരന്‍ ചോദിക്കുന്നത്. കോണ്‍ഗ്രസിനോട് സിപിഎം സ്വീകരിക്കുന്ന പുതിയ നയത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനമാണ് പാലക്കാട് നടന്നതെന്നും മുരളീധരന്‍ പറഞ്ഞു. സിപിഎമ്മിനും ബിജെപിക്കും ഒരേ സ്വരം, ഒരേ നിറം, ഒരേ താളമാണെന്നും തൃശൂര്‍ ഡീല്‍ വീണ്ടും പാലക്കാട് ആവര്‍ത്തിക്കുകയാണെന്നും കെ മുരളീധരന്‍ ആരോപിച്ചു.

◾ കള്ളപ്പണ ആരോപണത്തിന്റെ പേരില്‍ പാതിരാ റെയ്ഡ് നടന്ന കെപിഎം ഹോട്ടലിന്റെ പരാതിയില്‍ പാലക്കാട് സൗത്ത് പൊലീസ് കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കേസെടുത്തു. അതിക്രമിച്ച് കയറി നാശനഷ്ടം ഉണ്ടാക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്.

◾ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ സിനിമാ ജീവിതത്തിന് താത്കാലിക ഇടവേളയെന്ന് റിപ്പോര്‍ട്ടുകള്‍. തൃശൂര്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി, കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിക്കുന്നതിനാല്‍ തത്കാലം സിനിമയില്‍ അഭിനയിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തിരിക്കുന്നതെന്നാണ് വിവരം. ജയിപ്പിച്ച മണ്ഡലത്തില്‍ ശ്രദ്ധിക്കാനും മന്ത്രി ഓഫീസില്‍ സജീവമാകാനും മന്ത്രി പദവിയില്‍ ശ്രദ്ധിക്കാന്‍ മോദിയും അമിത് ഷായും നിര്‍ദ്ദേശം നല്‍കിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ ഏറ്റെടുത്ത സിനിമകള്‍ തുടരാനാകില്ലെന്ന പ്രതിസന്ധിയിലാണ് തൃശൂര്‍ എം പിയായ സുരേഷ് ഗോപി.

◾ വടകര ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം വനിതാ നേതാവ് കെകെ ശൈലജക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മെബിന്‍ തോമസിനെയാണ് നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷിച്ചത്. 15,000 രൂപയും കോടതി പിരിയും വരെ തടവുമാണ് ശിക്ഷ. 

◾ നടന്‍ നിവിന്‍ പോളിക്ക് ബലാത്സംഗ കേസില്‍ ക്ലീന്‍ ചിറ്റ്. നിവിന്‍ പോളിയെ പ്രതിപട്ടികയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം ഒഴിവാക്കി. കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം കോതമംഗലം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. നിവിന്‍ പോളിയ്ക്കെതിരെ തെളിവില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

◾ സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഴുവന്‍ ആശുപത്രികളും ഇ ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇ ഹെല്‍ത്ത് സംവിധാനം വന്‍ വിജയമാണ്.

◾ മരടില്‍ പൊളിച്ച ഫ്ലാറ്റുകള്‍ നിലനിന്ന സ്ഥലത്ത് ഇനി എത്രത്തോളം നിര്‍മ്മാണം അനുവദിക്കാം എന്നതിനെ സംബന്ധിച്ച് റിപ്പോര്‍ട്ട് കൈമാറാന്‍ സുപ്രീംകോടതി നിര്‍ദേശം. മരട് കേസിലെ അമിക്കസ് ക്യൂറി ഗൗരവ് അഗര്‍വാളിന് ആണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്.

◾ ശോഭാ സുരേന്ദ്രനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ നടപടി വൈകുന്നതിനെതിരെ ഇപി ജയരാജന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇ പി ജയരാജന്‍ ബിജെപി യില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ദല്ലാളിനൊപ്പം തന്നെ വന്നു കണ്ടുവെന്ന ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തലിലായിരുന്നു മാനനഷ്ട കേസ് ഫയല്‍ ചെയ്തത്.  കേസിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ മജിസ്ട്രേട്ട് കോടതിയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.

◾ സിറോ മലബാര്‍ സഭ കുര്‍ബാന തര്‍ക്കത്തില്‍ സഭാ തീരുമാനങ്ങള്‍ പാലിക്കാത്ത വൈദികര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് വത്തിക്കാന്‍. വൈദികരെ പുറത്താക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകാമെന്ന് വത്തിക്കാന്‍ അറിയിച്ചു. അപ്പസ്തോലിക് ന്യൂണ്‍സിയോയാണ് വത്തിക്കാന്‍ നിലപാട് അറിയിച്ചിരിക്കുന്നത്. സിറോ മലബാര്‍ സഭാ അധ്യക്ഷനാണ് കത്ത് നല്‍കിയിരിക്കുന്നത്.

◾ താല്ക്കാലിക മറവിരോഗം കാരണം പതുക്കെപ്പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുകയാണ് എന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട കവി കെ. സച്ചിദാനന്ദന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് പതുക്കെ താന്‍ പൊതുജീവിതം അവസാനിപ്പിക്കുകയാണ് എന്ന് എഴുത്തുകാരന്‍ വ്യക്തമാക്കിയിരിക്കുന്നത്.

◾ വഞ്ചനാക്കേസില്‍  പത്തനംതിട്ടയില്‍ അറസ്റ്റിലായ സിഐടിയു നേതാവ്  അര്‍ജുന്‍ദാസിനെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പാറ പൊട്ടിക്കുന്ന യന്ത്രങ്ങള്‍ വാടക നല്‍കാതെ തട്ടിയെടുത്തെന്ന കേസിലാണ്  പൊലീസ് അറസ്റ്റ് ചെയ്തത്. നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന അര്‍ജുന്‍ ദാസിനെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

◾ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ആള്‍ പൊലീസിന്റെ പിടിയില്‍. തിരുവല്ല കടപ്ര സ്വദേശി അജിന്‍ ജോര്‍ജാണ് മാന്നാര്‍ പൊലീസിന്റെ പിടിയിലായത്. നഴ്സിംഗ് വിദ്യാര്‍ത്ഥികളെയും സ്ത്രീകളെയും ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പ്.

◾ 558 കോടി രൂപയുടെ വസ്തുവകകള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നായി പിടിച്ചെടുത്തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മഹാരാഷ്ട്രയില്‍ നിന്ന് മാത്രം 280 കോടിയുടെ വസ്തുവകകള്‍ പിടിച്ചെടുത്തെന്ന് കമ്മീഷന്‍ വിവരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ നിന്ന് ഇതുവരെ 158 കോടി രൂപയുടെ വസ്തുവകകള്‍ പിടിച്ചെടുത്തെന്നും കമ്മീഷന്‍ വ്യക്തമാക്കി.

◾ മുഡ കേസുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലോകായുക്ത പൊലീസ് ഇന്നലെ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തു. മൈസൂര്‍ ലോകായുക്ത സൂപ്രണ്ട് ടിജെ ഉദേഷിന്റെ ഓഫീസില്‍വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. താന്‍ മുഖ്യമന്ത്രിയാണെന്ന കാര്യം പരിഗണിക്കാതെ, അന്വേഷണത്തിന് ആവശ്യമായ എല്ലാ ചോദ്യങ്ങളും തന്നോട് ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായാണ് വിവരം. 

◾ ഭാരത് അരി വീണ്ടും വിപണിയിലെത്തുന്നു. ആട്ടയും അരിയും ഉള്‍പ്പെടെ സബ്‌സിഡി നിരക്കില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഭാരത് ബ്രാന്‍ഡ് റീട്ടെയില്‍ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടമാണ് ആരംഭിച്ചത്. രണ്ടാം ഘട്ടത്തില്‍, ഭാരത് ആട്ടയുടെ വില കിലോക്ക് 30 രൂപയായി ഉയര്‍ന്നു.

◾ അനധികൃതമായി വീടുകള്‍ പൊളിച്ച സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കനത്ത തിരിച്ചടി. റോഡ് വികസനത്തിന്റെ പേരില്‍ അനധികൃതമായി വീടുകള്‍ പൊളിച്ച നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. വീടുകള്‍ പൊളിക്കപ്പെട്ട പരാതിക്കാരന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു

◾ ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു. സംസ്ഥാന കമ്മിറ്റിയുള്‍പ്പെടെയാണ് പിരിച്ചുവിട്ടത്. ജില്ലാ പ്രസിഡന്റുമാരെയും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ടിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ അനുമതി നല്‍കിയതിനെ തുടര്‍ന്നാണിത്. കമ്മിറ്റി മൊത്തത്തില്‍ ഉടച്ചുവാര്‍ക്കാനാണ് പിരിച്ചുവിട്ടതെന്നാണ് സൂചന.

◾ ബോളിവുഡ് നടനും ബി.ജെ.പി. നേതാവുമായ മിഥുന്‍ ചക്രവര്‍ത്തിക്കെതിരെ ബംഗാള്‍ പോലീസ് കേസെടുത്തു. പാര്‍ട്ടി യോഗത്തിനിടെ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ബൗബസാര്‍ പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ഒക്ടോബര്‍ 27-ന് നടന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്വേഷപ്രസംഗം.

◾ തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) രണ്ടാം പാദത്തില്‍ 572.08 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 560.66 കോടി രൂപയേക്കാള്‍ 2 ശതമാനം വളര്‍ച്ചയാണ് ലാഭത്തിലുണ്ടായത്. ജൂണില്‍ അവസാനിച്ച ഒന്നാം പാദത്തിലെ 556.52 കോടി രൂപയുമായി നോക്കുമ്പള്‍ 2.8 ശതമാനം മാത്രമാണ് വളര്‍ച്ച. രണ്ടാം പാദത്തില്‍ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ 2,174.02 കോടി രൂപയില്‍ നിന്ന് 21.3 ശതമാനം വര്‍ധിച്ച് 2,637.14 കോടി രൂപയായി. ജൂണ്‍ പാദത്തിലെ 2,512 കോടി രൂപയില്‍ നിന്ന് വരുമാനം അഞ്ച് ശതമാനം ഉയര്‍ന്നു. ആശിര്‍വാദ് മൈക്രോഫിനാന്‍സ്  ലിമിറ്റഡിന്റെ ആസ്തി മൂല്യം 10.95  ശതമാനം വര്‍ധനയോടെ 12,149  കോടി രൂപയിലും, അറ്റാദായം 75  കോടി രൂപയിലുമെത്തി. മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 29.6 ശതമാനം വര്‍ധനയോടെ ആസ്തി മൂല്യം 1,587 കോടി രൂപയിലെത്തി. വെഹിക്കിള്‍ ആന്റ് എക്യുപ്മെന്റ് ഫിനാന്‍സ് വിഭാഗത്തിന്റെ ആസ്തി മൂല്യം 4,848.2 കോടി രൂപയിലെത്തി. മൊത്ത നിഷ്‌ക്രിയ ആസ്തി 2.42 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 2.14 ശതമാനവുമാണ്. സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ കമ്പനിയുടെ സംയോജിത അറ്റ മൂല്യം 12,528.5 കോടി രൂപയായി ഉയര്‍ന്നു.

◾ ആഷിഖ് അബുവിന്റെ പുതിയ ചിത്രമായ 'റൈഫിള്‍ ക്ലബ്' അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്ന വാണി വിശ്വനാഥിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ശ്രദ്ധനേടുന്നു. ഇട്ടിയാനം എന്നാണ് കഥാപാത്രത്തിന്റെ പേര്. ചുവന്ന ഗൗണില്‍ നിറ ചിരിയുമായാണ് വാണി വിശ്വനാഥ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് അനുരാഗ് കശ്യപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വിജയരാഘവന്‍, റാഫി, വിനീത് കുമാര്‍, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്‌ഡെ, വിഷ്ണു അഗസ്ത്യ, ദര്‍ശന രാജേന്ദ്രന്‍, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസലിയാര്‍, റംസാന്‍ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്സ്, സജീവ് കുമാര്‍, കിരണ്‍ പീതാംബരന്‍, ഉണ്ണി മുട്ടത്ത്, ബിബിന്‍ പെരുമ്പിള്ളി, ചിലമ്പന്‍, ഇന്ത്യന്‍ എന്നിവരടക്കമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.

◾ കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം 'മുറ' നവംബര്‍ 8ന് തിയേറ്ററുകളില്‍ എത്തും. തമിഴ്, ഹിന്ദി ചിത്രങ്ങളിലും ക്യാന്‍ ഫിലിം ഫെസ്റ്റിവലിലും തിളങ്ങിയ യുവ താരം ഹ്രിദ്ധു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂടും മാലപാര്‍വതിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ആക്ഷന്‍ ഡ്രാമയാണ് മുറ. കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ,വിഘ്‌നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ രചന നിര്‍വഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.

◾ കോംപാക്ട് എസ് യുവി ശ്രേണിയില്‍ വരുന്ന കൈലാഖ് അവതരിപ്പിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ ഇന്ത്യ. ഡിസംബര്‍ രണ്ടിന് ഔദ്യോഗികമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ബേസ് വേരിയന്റിന് 7.89 ലക്ഷം രൂപയാണ് വില. ഡിസംബര്‍ രണ്ടുമുതല്‍ കൈലാഖിന്റെ ബുക്കിങ് ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. ആറ് കളര്‍ ഓപ്ഷനുകളിലാണ് കാര്‍ വിപണിയിലെത്തുക. ലാവ ബ്ലൂ, ടൊര്‍ണാഡോ റെഡ്, കാര്‍ബണ്‍ സ്റ്റീല്‍, ബ്രില്യന്റ് സില്‍വര്‍, കാന്‍ഡി വൈറ്റ് എന്നിവയ്ക്കൊപ്പം പുതിയ ഒലിവ് ഗോള്‍ഡും ഡെലിവറിയും കളര്‍ ഓപ്ഷനായി വരും. ഒറ്റ നോട്ടത്തില്‍ ഒരു മിനി കുഷാഖ് പോലെയാണ് ഇതിന്റെ രൂപഭംഗി. സബ്-ഫോര്‍ എസ്യുവിയായ കൈലാഖിന് കുഷാഖിന്റെ അത്രയും നീളമില്ല. 230 എംഎം നീളം കുറവാണ്. 17 ഇഞ്ച് അലോയ് വീലുകളാണ് നല്‍കിയിരിക്കുന്നത്. ത്രീ സിലിണ്ടര്‍ 1.0 ടിഎസ്ഐ എന്‍ജിനാണ് കൈലാഖില്‍. 999 സിസി എന്‍ജിന്‍ 115 എച്ച്പി കരുത്തും 178എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് മാനുവല്‍/6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളിലാണ് വാഹനം വിപണിയിലെത്തുക. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീലോമീറ്റര്‍ വേഗതയിലേക്ക് 10.5 സെക്കന്‍ഡില്‍ കുതിച്ചെത്തും.


Post a Comment

0 Comments